കൊച്ചി: സഹോദരനെ പൊലീസ് സ്റ്റേഷനിൽ ക്രൂരമായി കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കി നീതിക്കായി പോരാടുന്ന ശ്രീജിത്തിന്റെ സമരം ഉടൻ അവസാനിക്കാൻ സാധ്യത തെളിയുന്നു. ഏറെക്കാലമായിട്ടും ആരും തിരിഞ്ഞുനോക്കാതിരുന്ന സമരം സോഷ്യൽ മീഡിയയുടേയും ഓൺലൈൻ മാധ്യമങ്ങളുടേയും ശക്തമായ ഇടപെടലോടെയാണ് ശ്രീജിവിന്റെ മരണം വലിയ ചർച്ചയായത്.

ഇതോടെ സംസ്ഥാന സർക്കാരും ഉണർന്നു പ്രവർത്തിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എംപിമാരും കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്തതോടെ ഉടൻ കേസെടുക്കാൻ ധാരണയായി.

തിരുവനന്തപുരം സിബിഐ യൂണിറ്റിന് അന്വേഷണ ചുമതല നൽകിയെന്നും നാളെ കേസ് രജിസ്റ്റർ ചെയ്യുമെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ നാളെത്തന്നെയോ തൊട്ടടുത്ത ദിവസമോ തന്നെ ശ്രീജിവിന്റെ മരണത്തിൽ നിരാഹാര സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം.

കേസിൽ സിബിഐ നടപടി തുടങ്ങിയെന്ന് ഉറപ്പുവന്ന ശേഷമേ നിരാഹാര സമരത്തിൽ നിന്ന് പിന്മാറൂ എന്ന് ശ്രീജിത്തും കൂടെയുള്ള സുഹൃത്തുക്കളും മാതാവും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐയും നടപടികൾ വേഗമാക്കുന്നതെന്നാണ് സൂചന.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല നൽകിയതായി കൊച്ചി ഓഫീസിൽ നിന്നാണ് വ്യക്തമാകുന്നത്. നാളെത്തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാനാണ് നിർദ്ദേശം നൽകിയതെന്നും അറിയുന്നു.

ഒരു എഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പൊലീസ് സ്വാഭാവിക മരണത്തിന് രജിസ്റ്റർചെയ്ത കേസിൽ പ്രതികളെല്ലാം പൊലീസുകാരാണെന്നതിനാൽ ആണ് പുറത്തുനിന്നുള്ള ഏജൻസി അന്വേഷണം നടത്തണമെന്ന് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് സമരം തുടങ്ങിയത്.