- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് ടൂ പരീക്ഷയിൽ തീരുമാനം എടുക്കുക ജൂൺ മാസത്തിൽ; നടന്നാൽ 15 ദിവസം മുമ്പ് തീയതി പ്രഖ്യാപിക്കും; പത്താം ക്ലാസുകാർക്ക് പ്രെമോഷൻ നൽകുന്നതിനുള്ള മാനദണ്ഡം പ്രകടനമികവ്; അടുത്ത അധ്യയന വർഷത്തേക്ക് അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും; കോവിഡ് ഉന്നത വിദ്യാഭ്യാസത്തെ പ്രതിസന്ധിയിൽ ആക്കുമ്പോൾ
ന്യൂഡൽഹി: മെയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷയുടെ കാര്യം ജൂണിൽ തീരുമാനിക്കും. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡൽഹി അടക്കം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മുന്നോട്ട് വച്ച ആശങ്ക പരിഗണിച്ചാണ് ഇത്. എന്നാൽ കേരളം പരീക്ഷ നടത്തണമെന്ന നിലപാടിലായിരുന്നു.
പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാർക്കു നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും പത്താം ക്ലാസിൽ സിബിഎസ്ഇ ഇതേ രീതിയാണ് പരിഗണിച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കും. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് തീരുമാനമെടുക്കും. വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, ഉദ്യോഗസ്ഥർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബോർഡ് പരീക്ഷ മെയ് 4 മുതൽ നടത്താനാണ് സിബിഎസ്ഇ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളിലും ബോർഡ് പരീക്ഷയ്‌ക്കെതിരെ എതിർപ്പു ശക്തമായിരുന്നു.
പത്താംക്ലാസിൽ പഠിക്കുന്നവർക്ക് എങ്ങനെ പതിനൊന്നാം ക്ലാസിൽ പ്രവേശനം നൽകുമെന്നതാണ് ഉയരുന്ന ചോദ്യം. കൂടുതൽ പേരും ആഗ്രഹിക്കുന്ന സയൻസ് സ്ട്രീമിൽ പഠിക്കാനാണ്. കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സ്‌കൂളുകളിൽ പത്താംക്ലാസ് പരീക്ഷ നടന്നു കഴിഞ്ഞു. പ്ലസ് ടുവിന് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അതുകൊണ്ട് തന്നെ സിബിഎസ് ഇയ്ക്ക് പഠിച്ച പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ പ്ലസ് ടു സ്‌കൂളുകളിൽ ചേരുന്നത് വലിയ പ്രതിസന്ധിയായി മാറും.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പൊതുപരീക്ഷകൾ റദ്ദാക്കുകയോ, ഓൺലൈൻ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നത്. പ്ലസ് ടു പരീക്ഷ എങ്ങനെ നടത്തുമെന്നതും ചർച്ചകളിലുണ്ട്. ജൂണിനകം കോവിഡ് പ്രതിസന്ധി മാറുമെന്നാണ് സർക്കാർ പ്രതീക്ഷ. അതുകൊണ്ട് ജൂൺ മൂന്നാം വാരം പ്ലസ് ടു പരീക്ഷ നടത്താമെന്നാണ് പ്രതീക്ഷ. അതിന് ശേഷമേ ഡിഗ്രി പ്രവേശനം സാധ്യമാകൂ. അതുകൊണ്ട് തന്നെ അക്കാദമിക് കലണ്ടറും പുനക്രമീകരിക്കും.
ഉടനൊന്നും സ്‌കൂളുകൾ തുറക്കാനാവില്ലെന്ന സാഹചര്യം കേന്ദ്ര സർക്കാർ തിരിച്ചറിയുന്നുണ്ട്. പരീക്ഷ മാറ്റി വയ്ക്കുന്നതോടെ ഇനിയും ഓൺലൈൻ ക്ലാസുകൾ തുടരേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. പത്താംതരം, പ്ലസ്ടു പരീക്ഷകൾ മെയ് നാലിന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. ഓഫ്ലൈൻ എഴുത്തുപരീക്ഷയായിരിക്കും നടത്തുകയെന്നും കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന പരീക്ഷയായതിനാൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി വൻ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായും സിബിഎസ്ഇ അറിയിച്ചിരുന്നു. ഇതിനിടെയാണ് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞു വീശിയത്. ഇതോടെ പ്രതിസന്ധി രൂക്ഷമാകും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ ഹോട്ട്സ്പോട്ടുകളായി മാറിയേക്കാമെന്ന് ആശങ്ക ഉയർന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി വധേര എന്നിവർ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ആറുലക്ഷം കുട്ടികളാണ് പൊതുപരീക്ഷ എഴുതുന്നതെന്നും ഒരുലക്ഷത്തോളം അദ്ധ്യാപകർ ജോലിയിൽ ഉണ്ടാകുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അതിനാൽ പരീക്ഷാനടത്തിപ്പ് വലിയ കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. അതിനാൽ ഓഫ്ലൈൻ എഴുത്തുപരീക്ഷയ്ക്ക് പകരം ബദൽമാർഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്ന വാദം സജീവമായി.
എഴുത്ത് പരീക്ഷ നടത്തുന്നതിന് പകരം ഇന്റേണൽ വിലയിരുത്തൽ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടനയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നൽകിയിട്ടില്ല. അതിനാൽ വലിയ രീതിയിൽ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും രക്ഷിതാക്കളുടെ കത്തിൽ പരാമർശിച്ചിരുന്നു. പരീക്ഷ റദ്ദാക്കുകയോ, ഓൺലൈനായി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുലക്ഷത്തോളം വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനവും കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ