ന്യൂഡൽഹി: സിബിഎസ്ഇ, ഐസിഎസ്സിഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.മറുപടിക്ക് വ്യാഴാഴ്ച വരെ സമയം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ വാദം പരിഗണിച്ചാണ് ഹർജിയിലെ തീരുമാനം കോടതി വ്യാഴാഴ്ചത്തേക്കു മാറ്റിയത്.അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.

സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ, അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് അറിയിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അഭിഭാഷക മമത ശർമയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

മുൻ വർഷം സ്വീകരിച്ച നിലപാട് ഇത്തവണ തുടരാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ എജിയോട് സുപ്രീംകോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ നയവ്യതിയാനം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ശരിയായ കാരണം വേണമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു. മുൻവർഷത്തെ നിലപാടിൽ നിന്ന് മാറ്റം വരുത്തുകയാണെങ്കിൽ കോടതിക്കു മുൻപാകെ കൃത്യമായ കാരണം ബോധിപ്പിക്കാമെന്ന് എജി മറുപടി നൽകി. ഇതേത്തുടർന്നാണ് ഹർജി വ്യാഴാഴ്ചത്തേക്കു മാറ്റിയത്.

കഴിഞ്ഞവർഷം ജൂൺ 26ന് അവശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കുന്നതിന് സിബിഎസ്ഇയും സിഐഎസ് സിഇയും സമർപ്പിച്ച ഫോർമുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജൂലൈ ഒന്നുമുതൽ ജൂലൈ 15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അവേശഷിക്കുന്ന പരീക്ഷകൾ റദ്ദാക്കാൻ സിബിഎസ്ഇയും സിഐഎസ് സിഇ ഫോർമുല മുന്നോട്ടുവെച്ചത്. വിദ്യാർത്ഥികളുടെ പ്രകടനം വിലയിരുത്താൻ സഹായിക്കുന്ന ഫോർമുലയാണ് തയ്യാറാക്കിയത്. പരീക്ഷ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി വിശദമായ ചർച്ച നടത്തിയിരുന്നു. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

അതേസമയം പരീക്ഷ റദ്ദാക്കേണ്ടി വന്നാൽ കഴിഞ്ഞ 3 വർഷത്തെ മികവിന്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കാമെന്ന് സിബിഎസ്ഇ. പ്രധാന വിഷയങ്ങൾക്കു മാത്രമായി, സമയം വെട്ടിക്കുറച്ച് പരീക്ഷ നടത്തുക എന്ന ആലോചനയ്‌ക്കൊപ്പമാണ് റദ്ദാക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട ശുപാർശ കൂടി കേന്ദ്രസർക്കാരിനു സിബിഎസ്ഇ നൽകിയത്. പ്രധാന വിഷയങ്ങളിൽ പരീക്ഷ എന്ന നിർദേശത്തോട് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോജിച്ചു. എന്നാൽ, ഇപ്പോൾ പരീക്ഷ വേണ്ടെന്ന നിലപാടിലാണ് ഡൽഹി, മഹാരാഷ്ട്ര, ഗോവ, ആൻഡമാൻ & നിക്കോബാർ എന്നിവ. പൊതുപരീക്ഷയായതിനാൽ എല്ലായിടത്തും ഒരുമിച്ചു നടത്തണം. ഇതേത്തുടർന്നാണ് റദ്ദാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുക്കാൻ സിബിഎസ്ഇയോടു നിർദേശിച്ചത്.

പരീക്ഷ റദ്ദാക്കിയാൽ എങ്ങിനെ

പരീക്ഷ പൂർണമായും റദ്ദാക്കിയാൽ 9, 10, 11 ക്ലാസുകളിലെ മാർക്ക് നിർണായകമാകും. ഇക്കൊല്ലത്തെ വിവിധ സ്‌കൂൾ തല പരീക്ഷകൾക്കൊപ്പം കഴിഞ്ഞ 3 വർഷങ്ങളിലെ പ്രകടനം പരിഗണിക്കാനാണ് ശുപാർശ.

പരീക്ഷ നടന്നാൽ

പരീക്ഷ നടത്തുന്നെങ്കിൽ വിഷയങ്ങൾ മാത്രമല്ല, പരീക്ഷയ്ക്കു വേണ്ട സമയവും വെട്ടിച്ചുരുക്കും. ചോദ്യത്തിന്റെ ഘടനയും മാറും. ഒബ്ജക്ടീവ് ചോദ്യങ്ങൾക്കായിരിക്കും പ്രാമുഖ്യം. പഠിക്കുന്ന സ്‌കൂളിൽ തന്നെ പരീക്ഷ നടത്താനാണ് സാധ്യത.