- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; നിർണ്ണായക യോഗം നാളെ; യോഗം ചേരുന്നത് കോവിഡ് വ്യാപാനം രൂക്ഷമാകുന്നതിനാൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നതിനിടെ
തിരുവനന്തപുരം:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പിൽ തീരുമാനം നാളെയുണ്ടായേക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയിൽ നാളെ ചേരുന്ന യോഗത്തിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ചർച്ച നടക്കും. കോവിഡ് വ്യാപാനം രൂക്ഷമാകുന്നതിനാൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നതിനിടെയാണ് നിർണ്ണായക യോഗം.
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഈ മാസം നടത്തിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നേരത്തെ മാറ്റിവച്ചത്. ജൂൺ ഒന്നുവരേയുള്ള സ്ഥിതി വിലയിരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം എടുക്കാനായിരുന്നു ധാരണ. എന്നാൽ രോഗവ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും വലിയ ആശങ്കയിലാണ്.
പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജികൾ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാളെത്തെ യോഗം നിർണ്ണായകമാകുന്നത്. യോഗത്തിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പരീക്ഷ നടത്തുന്നതിനെ കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും. രോഗവ്യാപനം തുടരുന്നതിനിടെ പരീക്ഷയുമായി മുന്നോട്ടു പോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
പരീക്ഷ റദ്ദാക്കുകയാണെങ്കിൽ വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്ക് നൽകുക. മാർക്ക് കുറഞ്ഞു പോയെന്നു കരുതുന്നവരെ മാത്രം പരീക്ഷ എഴുതിക്കുക തുടങ്ങിയ ആലോചനകളുണ്ട്. അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ ഗൾഫ് കൗൺസിൽ ബോർഡിന് കത്ത് അയച്ചു. ഇന്ത്യയ്ക്ക് പുറത്ത് 22 രാജ്യങ്ങളിൽ സിബിഎസ്ഇ പരീക്ഷ നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ