- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനേജ്മെന്റിന്റെ നിർബന്ധത്തിന് വഴങ്ങി ബി എഡ് തുടങ്ങിയവർ പാതിവഴിയിൽ; തവണ വ്യവസ്ഥകളായി പഠനോപകരണങ്ങൾ വാങ്ങിയവരും പ്രതിസന്ധിയിൽ; കോവിഡ് പ്രതിസന്ധിയിൽ അദ്ധ്യാപകരോട് ക്രൂരതകാട്ടി സിബിഎസ്സി സ്കുൾ മാനേജ്മെന്റുകൾ; അദ്ധ്യാപകരെ പിരിച്ചുവിടുന്നത് മുന്നറിയിപ്പിലാതെ; മാള ഹോളി ഗ്രേസ് അക്കാദമിയിൽ നിന്നും പിരിച്ചുവിട്ടത് 35 ലേറെ അദ്ധ്യാപകരെ
തിരുവനന്തപുരം: കോവിഡ് കാലത്തെ സാമ്പത്തീക പ്രതിസന്ധികാരണം ജീവിതം തന്നെ അവസാനിപ്പിക്കുന്നവരുടെ വാർത്തകൾ നാൾക്കുനാൾ പെരുകിവരികയാണ്.ജോലി നഷ്ടപ്പെട്ടവരും വരുമാനം പകുതിയിൽ താഴെയായി കുറഞ്ഞവരുമൊക്കെ ജീവിതം എങ്ങിനെ തള്ളിനീക്കുമെന്നറിയാതെ കടുംകയിലേക്ക് കടക്കുകയാണ്.ഈ സാഹചര്യത്തിലാണ് വർഷങ്ങളായി തങ്ങളുടെ വിദ്യാലയത്തിൽ ജോലി നോക്കുന്ന അദ്ധ്യാപകരെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകായാണ് സിബിഎസ്ഇ മാനേജ്മെന്റുകൾ.പല വിദ്യാലയങ്ങളിലും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പലയിടത്തും വിവരങ്ങൾ പുറത്തറിയാതെയാവുകയാണ്.മാളയിലെ ഹോളി ഗ്രേസ് അക്കാദമിയിലെ 35 അദ്ധ്യാപകരെയാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.ഇവിടെയും സ്ഥിതി സമാനം തന്നെയാണ് പലവിധ കാരണങ്ങളാണ് ഭൂരിഭാഗം അദ്ധ്യാപകരും വിവരം പുറത്ത് പറയാൻ മടിക്കുമ്പോൾ ചില മാത്രമാണ് നീതിനിഷേധത്തിന്റെ കഥകൾ പുറംലോകത്തോട് പറയുന്നത്.
തങ്ങൾ മുന്നോട്ട് വെക്കുന്ന പല നിർദ്ദേശങ്ങളും അദ്ധ്യാപകരെക്കൊണ്ടു സമ്മതിപ്പിച്ച ശേഷമാണ് പാതിവഴിയിൽ ഇവരെ കൈയൊഴിയുന്നതെന്നതാണ് ഏറെ ഖേദകരം.ഓഫീസിൽ നിന്ന് ഫോൺകോൾ ലഭിച്ച് സ്കുളിലെത്തുമ്പോഴാണ് പലരും കാര്യം തന്നെ അറിയുന്നത്.ആദ്യം അദ്ധ്യാപകരോട് സ്വമേധയ രാജിവെക്കാനും അതിന് തയ്യാറാകാത്ത പക്ഷം ടെർമിനിഷേൻ ലെറ്റർ കൊടുക്കുന്നതുമാണ് രീതി.മാള ഹോളി ഗ്രേസിൽ നിന്നും പിരിച്ചുവിട്ട ഒരു അദ്ധ്യാപിക പങ്കുവെക്കുന്ന ദുരവസ്ഥ ഇങ്ങനെ; അഞ്ചു വർഷക്കാലമായി ഹോളിഗ്രേസിൽ ജോലി ചെയ്തു വരികയായിരുന്നു.കോവിഡ് ലോക്ഡൗൺ കാരണം ഓൺലൈൻ ക്ലാസുകൾ അരംഭിച്ച് ക്ലാസുകളൊക്കെ പുരോഗമിക്കുന്നതിനിടയിലാണ് ഒരു ദിവസം സ്കുളിൽ നിന്ന് കോൾ വരുന്നത്,ഓഫീസിലെത്താൻ.ചെയർമാനെ ചെന്ന് കണ്ടപ്പോൾ മുഖവുരകൾ ഒന്നും തന്നെയില്ലാതെ രാജിവെക്കാൻ ആവശ്യപ്പെട്ടു.
സ്കുളിൽ സാമ്പത്തീക പ്രതിസന്ധി രൂക്ഷമാണെന്നും അതിനാൽ രാജിവെക്കണമെന്നുമായിരുന്നു ആവശ്യം.രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്നുമായിരുന്നു മാനേജ്മെന്റിന്റെ പ്രതികരണം.പക്ഷെ രാജിവെക്കാൻ താൻ തയ്യാറാകാത്തതിനാൽ തന്നെ പിരിച്ചുവിടുകയുമായിരുന്നുവെന്നും ഇവർ പറയുന്നു.ഇത്തരം പിരിച്ചുവിടൽ കൃത്യമായ പ്ലാനിങ്ങോടെയാണ് ഇവർ നടപ്പിലാക്കുന്നതെന്നും അദ്ധ്യാപിക ആരോപിക്കുന്നു.ഒരോ അദ്ധ്യാപകരെയും വേറെ വെറെ സമയത്താണ് ഓഫീസിലേക്ക് വിളിപ്പിച്ച് വിഷയം അവതരിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ കൃത്യമായി എത്രപേരുണ്ടെന്നോ ആരോക്കെയാണോ എന്നതു സംബന്ധിച്ച് പരസ്പരം ഒരു വിവരവുമില്ല.അതിനാൽ തന്നെ മാനേജ്മെന്റിന്റെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ ശബ്ദിക്കാനും സാധിക്കുന്നില്ല.
സ്കുളിന്റെ രീതിക്കനുസരിച്ച് ഒരൊ കാര്യങ്ങളും ചെയ്യിപ്പിച്ചതിന് ശേഷമാണ് പാതിവഴിയിൽ ഒരു മുന്നറിയിപ്പുമില്ലാതെ ഈ പിരിച്ചുവിടലെന്നും അദ്ധ്യാപിക പറയുന്നു.ഓൺലൈൻ ക്ലാസെടുക്കാൻ അദ്ധ്യാപകരെക്കൊണ്ട് ഫോൺ, ലാപ്പ്ടോപ്പ് എന്നിവ വാങ്ങിപ്പിച്ചു. ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ തവണ വ്യവസ്ഥയിലാണ് പലരും ഇതൊക്കെ വാങ്ങിച്ചത്.ഓർക്കാപ്പുറത്ത് ജോലി നഷ്ടപ്പെട്ടതോടെ ഇതിന്റെയൊക്കെ തിരിച്ചടവും പ്രതിസന്ധിയിലായി. ഇതിനുപുറമെയാണ് ബി എഡ് ഇല്ലാത്ത കമ്പ്യൂട്ടർ ടീച്ചേർസിനെക്കൊണ്ട് ജോലിസ്ഥിരത വാഗ്ദാനം ചെയ്ത് ബിഎഡും എടുപ്പിച്ചതും.ഈ അദ്ധ്യാപകരുൾപ്പടെ പിരിച്ചുവിട്ടവരിൽ ഉൾപ്പെടും.
സാമ്പത്തീക പ്രതിസന്ധിയുടെ പേര് പറഞ്ഞ് പിരിച്ചുവിടുന്ന അതേ സ്കുളിലാണ് ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് രക്ഷകർത്താക്കൾ കേസ് കൊടുത്തിരിക്കുന്നതെന്നും അദ്ധ്യാപകർ ആരോപിക്കുന്നു.ഇതിനുപുറമെ സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ പരസ്യത്തിനുൾപ്പടെ ഭീമമായ തുക സ്കുൾ ചെലവഴിക്കുന്നുണ്ട്.പേര് എടുക്കാൻ വേണ്ടി ഇതൊക്കെ ചെയ്യുമ്പോഴും വർഷങ്ങളായി തങ്ങളെ സേവിക്കുന്ന അദ്ധ്യാപകരെ പിരിച്ചുവിടുന്നതിലെ അടിസ്ഥാനം മനസിലാകുന്നില്ലെന്നും ഇവർ പറയുന്നു.എന്നാൽ തങ്ങളുടെ അവകാശത്തിനോ സംരക്ഷണത്തിനോ വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നും ഇത്തരം മോശം അവസ്ഥയിൽക്കൂടി കടന്നുപോകുമ്പോൾ ഉണ്ടായിരുന്ന വരുമാനം കൂടി ഇല്ലാതാകുന്നത് താങ്ങാവുന്നതിലുമപ്പുറമാണെന്നും ഇവർ പറയുന്നു.
കോവിഡ് സാമ്പത്തിക പ്രതിസന്ധി താങ്ങാതെ വന്ന് സമൂഹത്തിൽ നിന്നും അനുദിനം ദുരന്തവാർത്തകൾ മാത്രം കേൾക്കുന്ന സമയത്ത് ഈ മേഖലയിലെങ്കിലും അതൊഴിവാക്കാൻ അധികൃതർ ഇടപെടലുകൾ നടത്തിയേ തീരു.
മറുനാടന് മലയാളി ബ്യൂറോ