കോട്ടയം: സോഷ്യൽ മീഡിയയിൽ അറിയാതെ ഒരു പോസ്റ്റിട്ടത് ഇത്ര പ്രശ്‌നമാകുമെന്ന് ഈ അദ്ധ്യാപകൻ കരുതിയില്ല. ഏതോ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് അറിയാതെ ഷെയർ ചെയ്ത ഈ അദ്ധ്യാപകന്റെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സിബിഎസ്ഇ സ്‌കൂളിലെ അദ്ധ്യാപകനായ പാലാ സ്വദേശി അഖിലിന്റെ ജോലി ഇപ്പോൾ തുലാസിലാണ്. സത്യാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ഈ അദ്ധ്യാപകൻ.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഏതാനും ദിവസങ്ങളായി ഒരു ഓഡിയോ ക്ലിപ്പിംഗും ഒരു ഫോട്ടോയും സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട് സ്വദേശിയെന്നു പറയപ്പെടുന്ന ഒരാൾ നമ്മുടെ ദേശീയപതാക കത്തിക്കുന്നതാണ് ചിത്രം. ഇയാളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കണമെന്നതാണ് ഓഡിയോ സന്ദേശം.പഴയ സുഹൃത്തുക്കൾ എല്ലാവരുമുള്ള ഗ്രൂപ്പിൽ വന്ന ഫോർവേഡ് മെസേജ് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു. തമിഴ്‌നാട് സ്വദേശിയായ ഒരാൾ ദേശീയപതാക കത്തിക്കുന്നതും അതിനോടൊപ്പമുള്ള ഈ രാജ്യദ്രോഹിയെ പുറത്തുകൊണ്ടുവരണമെന്നുമുള്ള സന്ദേശവുമാണ് ഈ അദ്ധ്യാപകൻ ഷെയർ ചെയ്തത്.

ചിത്രവും ഓഡിയോയും ലഭിച്ച പാലാ കാർമൽ സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകനായ അഖിൽ കെ.ബി. മറ്റുള്ളവർക്കു ഇത് അയച്ചു നൽകി. സിബിഎസ്ഇ അദ്ധ്യാപകരുടെ ഔദ്യോഗികമായ ഒരു ഗ്രൂപ്പിയേക്കും ഈ സന്ദേശം അയച്ചു. രാത്രി 10 മണിക്കുശേഷമാണ് എല്ലാവർക്കും സന്ദേശം അയച്ചത്. നിർഭാഗ്യവശാൽ ഓഡിയോ ക്ലിപ്പിങ് ഈ ഗ്രൂപ്പിലും മറ്റു ചിലർക്കും ചെന്നില്ല. അഖിൽ ഇതു ശ്രദ്ധിച്ചതുമില്ല. ഇതു ശ്രദ്ധയിൽപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തെത്തുടർന്നു കോട്ടയം ലൂർദ്ദ് സ്‌കൂളിലെ സിബിഎസ്ഇ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്ന അഖിലിനോട് ക്യാമ്പിൽ പങ്കെടുക്കേണ്ട എന്നു നിർദ്ദേശം ഇന്നു ( 06/04/2018) കൊടുത്തു കഴിഞ്ഞു. വിശദീകരണംപോലും ചോദിക്കാതെ തുടർ നടപടികൾ ആലോചിച്ചു വരികയാണെന്നും അറിയുന്നു.

ചിത്രം മാത്രം ഗ്രൂപ്പിലേക്ക് എത്തിയതോടെ പതാക കത്തിച്ചത് ഈ അദ്ധ്യാപകനാണെന്ന തെറ്റുദ്ധരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഉടൻ തന്നെ അദ്ധ്യാപകൻ ഇപ്പോൾ പങ്കെടുത്തുകൊണ്ടിരുന്ന മൂല്യനിർണ്ണയ ക്യാമ്പിൽ നിന്നും പുറത്താക്കി സിബിഎസ്ഇ അധികൃതർ ഉത്തരവിടുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ച ഒരു കാര്യത്തെ നിയമത്തിന്റെ പേരു പറഞ്ഞ് വേട്ടയാടുന്നത് അവസ്ഥയാണ് അദ്ധ്യാപകൻ ഇപ്പോൾ നേരിടുന്നത്. CBSE എന്ന സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ വിരോധ ബുദ്ധിയോടെ നിയമത്തെ സമീപിച്ചപ്പോൾ പെരുവഴിയിൽ ആയത് ഒരു അദ്ധ്യാപകനാണ്.

സ്വയം ദേശീയപതാക കത്തിക്കുന്ന ചിത്രമല്ല അഖിൽ അയച്ചുകൊടുത്തത്. ഒട്ടേറെ പേർ ഷെയർ ചെയ്തതും കുറ്റവാളിയെ പിടികൂടാൻ സഹായിക്കത്തക്കവിധമുള്ള ചിത്രവുമാണ് അയച്ചിട്ടുള്ളത്. ഈ ഗ്രൂപ്പിലേയ്ക്ക് അയച്ച സമയത്ത് തന്നെ മറ്റു ഒട്ടേറെ ആളുകൾക്കും അയച്ചിട്ടുണ്ട്. ഓഡിയോ ക്ലിപ്പിങ് അറ്റാച്ചാകാതെ പോയതാണെന്നു സാമാന്യ ബുദ്ധിയോടെ വീക്ഷിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. ഈ സംഭവത്തിൽ അദ്ധ്യാപകന്റെ ഉദ്ദേശ്യശുദ്ധി യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുകയെന്നതുതന്നെയാണ് എന്നു പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി. സംഭവിച്ചതെന്താണെന്ന കാര്യം അധികൃതരെ പറഞ്ഞ് ബോധ്യപ്പെടുത്തി ജോലിയിൽ തിരികെ കയറാനുള്ള ശ്രമത്തിലാണ് ഈ അദ്ധ്യാപകൻ.

എന്നാൽ CBSE വിവേചന ബുദ്ധിയോടെ ഇക്കാര്യത്തെ സമീപിക്കാത്തതോടെ ഒരദ്ധ്യാപകൻ ദുരിതത്തിലായത്. ഇത്തരത്തിൽ നടപടി തുടർന്നാൽ എങ്ങനെ ഇത്തരം കാര്യങ്ങൾക്കെതിരെ ആളുകൾ പ്രതികരിക്കും. കുറ്റവാളിയെ കണ്ടെത്താനും ഇത്തരം കാര്യങ്ങൾ തെറ്റാണെന്നു ബോധ്യപ്പെടുത്താനും ആണ് ആളുകൾ പ്രസ്തുത ഓഡിയോയും ചിത്രവും കൂടുതലും ഷെയർ ചെയ്തിട്ടുള്ളത്.

ഇന്ത്യയിലെ ലക്ഷക്കണക്കിനു വിദ്യാർത്ഥികൾക്കു വിദ്യ പകരുന്ന CBSE ഇക്കാര്യത്തിൽ വിവേചന ബുദ്ധിയോടെ കാര്യങ്ങളെ ഇനിയെങ്കിലും സമീപിക്കണം. അദ്ധ്യാപകനോട് വിശദീകരണം ആവശ്യപ്പെടുകയും തുടർന്നു അന്വേഷണം നടത്തുകുയും ചെയ്താൽ നിജസ്ഥിതി ബോധ്യപ്പെടാവുന്നതേ ഉള്ളൂ. എൻ.സി.സി., ദേശീയോദ്‌ഗ്രഥന പരിപാടികൾ തുടങ്ങിയവയിലൊക്കെ പങ്കെടുത്തിട്ടുള്ള ഈ അദ്ധ്യാപകനെ ക്രൂശിക്കാൻ ഇടവരുത്തരുതെന്നാണ് ആവശ്യം.