- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ കർഷകർക്ക് നക്കാപ്പിച്ച കൊടുക്കുന്ന ടയർ കമ്പനികൾ പോക്കറ്റു നിറയ്ക്കാൻ തേടുന്നത് കുറുക്കു വഴികൾ; സംഘടിതമായി വില കൂട്ടിയതിന് അഞ്ച് വൻകിട കമ്പനികൾക്ക് 1788 കോടി പിഴ; ഒത്തുകളിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്തത് എംആർഎഫും അപ്പോളോയും അടക്കമുള്ളവർ; കൊള്ളലാഭം കൊയ്യാൻ ഇറങ്ങിയവർക്ക് വൻ തിരിച്ചടി
കോട്ടയം: രാജ്യത്തെ റബർവില നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് മലയാളികളുടെ എംആർഎഫ് അടക്കമുള്ള കമ്പനികളാണ്. റബർ കർഷകർക്ക് തുച്ഛമായ തുക നൽകുമ്പോഴും എല്ലാക്കാലത്തും റബർ കമ്പനികളുടെ ലാഭം മുകളിലേക്ക് തന്നെയായിരുന്നു. ഇങ്ങനെ ലാഭം കൊയ്യുന്ന ടയർ കമ്പനികളുടെ കുറുക്കു വഴികളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതിന് കാരണം വൻകിട ടയർ കമ്പനികൾ സംഘടിതമായി വില വർധിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതുവഴി ഉപഭോക്താക്കളെയും ഇക്കൂട്ടർ ചൂഷണം ചെയ്യുന്നു.
ദുർഘടംപിടിച്ച വഴികളിൽ ഓടിക്കുന്ന വണ്ടികൾക്കുപയോഗിക്കുന്ന ക്രോസ് പ്ലൈ ഇനം ടയറുകളുടെ വില സംഘടിതമായി കൂട്ടാൻ ശ്രമിച്ചതിന് അഞ്ച് വൻകിട ടയർ കമ്പനികൾക്ക് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സിഐ.) 1788 കോടി രൂപ പിഴചുമത്തിയിട്ടുണ്ട്. ഇവരുടെ സംഘടനയായ ആത്മയ്ക്കും(ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) പിഴയിട്ടിട്ടുണ്ട്. എം.ആർ.എഫ്. (622.09 കോടി), അപ്പോളോ ടയേഴ്‌സ് (425.53 കോടി), സിയാറ്റ് (252.16 കോടി), ജെ.കെ. ടയേഴ്സ് (309.95 കോടി), ബിർള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആത്മയുടെ പിഴ നാമമാത്രമാണ്- 8.4 ലക്ഷം രൂപ.
2018 ഓഗസ്റ്റ് 31-നാണ് സി.സിഐ. ഇതുസംബന്ധിച്ച അന്തിമ ഉത്തരവിറക്കിയത്. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ പുറത്തുവിട്ടിരുന്നില്ല. ഇത് ഡിവിഷൻ ബെഞ്ച് ജനുവരി ആറിന് തള്ളി. തുടർന്ന്, സുപ്രീംകോടതിയിൽ നൽകിയ പ്രത്യേകാനുമതി ഹർജിയും തള്ളിയതിനെത്തുടർന്നാണ് സി.സിഐ. കഴിഞ്ഞദിവസം ഉത്തരവ് പുറത്തുവിട്ടത്.
വിപണിയിൽ കൃത്രിമമായി വില നിശ്ചയിക്കുന്ന സാഹചര്യം ഇല്ലാതാക്കലാണ് സി.സിഐ.യുടെ ദൗത്യം. ഏത് ഉത്പന്നമായാലും മത്സരമുണ്ടാകുമ്പോൾ വിലകുറയുകയും ഉപഭോക്താവിന് ഗുണമാകുകയുംചെയ്യും. ഒരേ ഉത്പന്നം വിൽക്കുന്ന കമ്പനികൾ സംഘടിതമായി വില നിശ്ചയിച്ചാൽ ഉപഭോക്താവിനാണ് നഷ്ടം. ഈ തത്ത്വത്തിലധിഷ്ഠിതമായ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. ഇതുസംബന്ധിച്ച് ഓൾ ഇന്ത്യ ടയർ ഡീലേഴ്സ് ഫെഡറേഷനാണ്(എ.ഐ.ടി.ഡി.എഫ്.) പരാതി നൽകിയത്. ഉത്തരവ് ചോദ്യംചെയ്ത് നാഷണൽ കമ്പനിനിയമ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻ.സി.എൽ.എ.ടി.) സമീപിക്കാനൊരുങ്ങുകയാണ് കമ്പനികൾ.
വിപണിയിലെ ഉൽപാദനവും വിപണനവും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഈ നടപടി ഇടയാക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. ടയർ നിർമ്മാതാക്കൾ എ.ടി.എം.എ വഴി വില സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ടയറുകളുടെ വിലയിൽ കൂട്ടായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. ഇതാണ് സംഘടനക്കും പിഴ ചുമത്താൻ കാരണമായത്. 2011-2012 കാലത്തെ മത്സരവിരുദ്ധ കരാറുകൾ നിരോധിക്കുന്ന കോമ്പറ്റീഷൻ ആക്ടിലെ സെക്ഷൻ മൂന്നിലെ വ്യവസ്ഥകൾ അഞ്ച് ടയർ നിർമ്മാതാക്കളും എ.ടി.എം.എയും ലംഘിച്ചിരിക്കുകയാണ്.
ടയറുകളുടെ ഉൽപാദനം, ആഭ്യന്തര വിൽപന, കയറ്റുമതി എന്നിവയെക്കുറിച്ചുള്ള കമ്പനി തിരിച്ചുള്ളതും സെഗ്മെന്റ് തിരിച്ചുള്ളതുമായ വിവരങ്ങൾ എ.ടി.എം.എ സമാഹരിച്ച് അംഗങ്ങൾക്ക് നൽകുകയായിരുന്നു. മത്സര വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മൊത്തം 1,788 കോടി രൂപ പിഴ ചുമത്തിയ റെഗുലേറ്ററുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ടയർ കമ്പനികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
സ്വാഭാവിക റബറിന്റെ ഉപയോഗം കൂടുതലും ടയർ മേഖലയിലാണെന്നിരിക്കെ റബർ വിലയും ടയർ വിലയും എത്ര വേണമെന്ന് നിശ്ചയിക്കാനുള്ള വഴിവിട്ട കളികളാണ് ടയർ കമ്പനികൾ നടത്തിയിരുന്നതെന്നും അതിനേറ്റ തിരിച്ചടിയാണ് സി.സിഐയുടെ നടപടിയെന്നും റബർ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക റബറിന്റെ പ്രാദേശിക വില താഴ്‌ത്തി നിർത്താൻ സമാനമായ രീതിയിൽ ടയർ കമ്പനികളും അവരുടെ സംഘടനയും ഒത്തുകളിക്കുന്നതായി കേരളത്തിലെ റബർ കർഷകർ നേരത്തെ മുതൽ ആരോപണം ഉന്നയിച്ചിരുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ടയർ ഡിമാൻഡ് 13 മുതൽ 15 ശതമാനം വരെ വർധിക്കുമെന്ന് ഐ സി ആർ എ റേറ്റിങ്‌സ് വിലയിരുത്തിയിരുന്നു. ഇതെല്ലാം മുൻകുട്ടി കണ്ട് അമിത ലാഭം കൊയ്യാനാണ് എംആർഎഫ് അയക്കമുള്ളവർ ശ്രമിച്ചത്. 2021 മുതൽ 2025 വരെ ഉള്ള കാലയളവിൽ ഡിമാൻഡ് 7 മുതൽ 9 ശതമാനം വരെ ഉയരും. പുതിയ വാഹനങ്ങളുടെ വില്പനയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടും ടയർ കമ്പനികൾക്ക് താങ്ങാവുന്നത് റീപ്ലേസ്‌മെന്റ് കയറ്റുമതി ഡിമാൻഡാണ്.
ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു.ടു വീലറുകളുടെ വില്പന കഴിഞ്ഞ 9 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും. 2019 -20, 2020-21 കാലയളവിൽ വാഹന വിൽപ്പന കുറഞ്ഞതും കോവിഡ് വ്യാപനവും കാരണം 9 ശതമാനം ടയർ ഡിമാൻഡിൽ ഇടിവുണ്ടായ ശേഷം ആദ്യമായാണ് വിപണിയിൽ ഡിമാൻഡ് വർധിക്കുന്നത്. എന്നാൽ മറ്റ് ഓട്ടോമൊബൈൽ ഘടകങ്ങളെ അപേക്ഷിച്ച് ടയർ ഡിമാൻഡിൽ കാര്യമായ വ്യതിയാനം സംഭവിക്കാത്തത് റീപ്ലേസ്മെന്റ് മാർക്കറ്റ് കയറ്റുമതി ഡിമാൻഡിന്റെ പിൻബലം ഉള്ളതുകൊണ്ടാണ്.
യു എസ് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ ടയറുകൾക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. 2021 ഏപ്രിൽ -നവംബർ കാലയളവിൽ ടയർ കയറ്റുമതി 11 % ഉയർന്ന് 77,70,439-ായി. ഉൽപാദനം 6 % കുറഞ്ഞെങ്കിലും മൊത്തം ഉൽപാദനത്തിന്റെ 10 -15 % കമ്പനികൾ കയറ്റുമതി ചെയ്യുന്നുണ്ട്
ഉയർന്ന റബർ വിലയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയും വർധിക്കുന്നതുകൊണ്ട് ടയർ കമ്പനികളുടെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. അതിനാൽ കമ്പനികളുടെ പ്രവർത്തന മാർജിൻ 4 മുതൽ 6 ശതമാനം വരെ കുറയുമെന്ന് ഐ സി ആർ എ റേറ്റിങ്‌സ് വിലയിരുത്തുന്നു. സർക്കാർ ടയർ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിപണിക്ക് പിന്തുണയായി.
മറുനാടന് മലയാളി ബ്യൂറോ