പൊയിനാച്ചി: ആറുമാസത്തിനകം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ക്യാമറക്കണ്ണിലാവും. 520 പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറകളും എല്ലാ ജില്ലാ പൊലീസ് ഓഫീസുകളിലും പൊലീസ് ആസ്ഥാനത്തും സി.സി.ടി.വി. ക്യാമറ മോണിറ്ററിങ് സിസ്റ്റവും സ്ഥാപിക്കാനാണ് നടപടി. 12.374 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.

ഡൽഹിയിലെ ടെലികമ്യൂണിക്കേഷൻ കൺസൾട്ടന്റസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡാണ് ക്യാമറാസംവിധാനം ഒരുക്കുന്നത്. അടുത്ത ഫെബ്രുവരി 23-ന് മുൻപായി പൂർത്തിയാക്കാനാണ് നിർദ്ദേശം.സുപ്രീം കോടതിയുടെ കർശന നിലാപാടിന് പിന്നാലെയാണ് സർക്കാറിന്റെ തിരക്കിട്ട നീക്കം.

കസ്റ്റഡി മർദനം തടയുന്നതിന് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. ക്യാമറകൾ വയ്ക്കണമെന്ന് 2018-ൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ഏതൊക്കെ പൊലീസ് സ്റ്റേഷനുകളിൽ എവിടെയൊക്കെ, എത്ര സി.സി.ടി.വി.കൾ വെച്ചുവെന്നറിയിക്കാൻ സുപ്രീം കോടതി സംസ്ഥാനസർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും 2020 നവംബറിൽ നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഭൂരിഭാഗം സംസ്ഥാനങ്ങളും കൃത്യമായ മറുപടി നൽകിയില്ല. ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് സുപ്രീംകോടതി പിന്നീട് മാർഗരേഖ പുറത്തിറക്കിയതോടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. സംവിധാനം ഒരുക്കാൻ 2021 സെപ്റ്റംബർ 21-നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. 2021-22 സാമ്പത്തിക വർഷം 11.894 കോടിയും 2022-23-ൽ 4.80കോടി രൂപയും ഇതിനായി അനുവദിച്ചു.