ന്യുഡൽഹി: ഡൽഹിയിൽ വസ്തുഇടപാടുകാരനെ ക്രൂരമായി വകവരുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്.വസീദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘം ഇരുപതോളം തവണ വസീദിന് നേരെ വെടിയുതിർത്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

ബൈക്കിൽ എത്തിയ അക്രമികളിൽ നിന്ന് രക്ഷപെട്ട് വീട്ടിലേക്ക് ഓടിക്കയറിയ വസീദിന് പിന്നാലെ അക്രമി സംഘത്തിലെ മൂന്ന് പേർ വീടിനുള്ളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വസീദ് വീടിന് പുറത്തേക്ക് തെറിച്ചു വീഴുന്നതും അക്രമികൾ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം അക്രമി സംഘത്തിലെ രണ്ട് പേർ മാറിമാറി ഇരുപത് തവണ വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

കുട്ടികളടക്കം നിരവധി പേർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. കൊലപാതകം കണ്ട് രണ്ട് ദൃക്സാക്ഷികൾ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ബ്രഹ്മപുരി സ്വദേശിയാണ് കൊല്ലപ്പെട്ട വസീദ്. കഴിഞ്ഞ മാസം 22ന് നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്. സംഭവുമായി ബന്ധപ്പെട്ട് റാഷിദ്, ഗോലു എന്ന റാഷിദ്, വസീം എന്നിവർ അറസ്റ്റിലായിരുന്നു.