കൊച്ചി: ചിലവന്നൂരിൽ കാർ യാത്രികരായ യുവാക്കളുടെ ദേഹത്ത് ടാർ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ കാർ യാത്രക്കാർക്ക് എതിരെയും കേസ്. റോഡ് പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. കാർ യാത്രക്കാർ റോഡ് പണിക്കാരെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ടാറിങ് തൊഴിലാളിയായ കൃഷ്ണപ്പനെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യാശ്രമം, ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് കൃഷ്ണപ്പയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ മനഃപൂർവം ടാർ ദേഹത്ത് ഒഴിച്ചതല്ലെന്നും യുവാക്കളും റോഡ് നിർമ്മാണ തൊഴിലാളികളും തമ്മിലുണ്ടായ സംഘർത്തിനിടെ ടാർ അബദ്ധത്തിൽ ദേഹത്ത് വീഴുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യാതൊരു പ്രകോപനവുമില്ലാതെ തൊഴിലാളികൾ തങ്ങളുടെ ദേഹത്ത് ടാർ ഒഴിച്ചെന്നായിരുന്നു യുവാക്കളുടെ ആരോപണം. സംഭവത്തിൽ ഒരു തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വാഹനത്തിന് കടന്നു പോകാൻ വഴിയുണ്ടായിട്ടും റോഡിൽ നിർമ്മാണപ്രവർത്തനം നടക്കുന്ന ഭാഗത്തിന് സമീപം കാർ നിർത്തുന്നതും തൊഴിലാളികൾ കാറിന് സഞ്ചരിക്കാൻ വഴിയൊരുക്കി നൽകുന്നതും ഇപ്പോൾ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാർ മുന്നോട്ട് പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് യാത്രക്കാരും തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായി.

മുന്നറിയിപ്പ് ബോർഡ് പോലും വെക്കാതെ ടാറിങ് നടത്തുകയും തങ്ങളതിനെ ചോദ്യം ചെയ്തതോടെ സംഘർഷത്തിലെത്തുകയും തങ്ങളുടെ ദേഹത്ത് തൊഴിലാളികൾ ടാറൊഴിക്കുകയുമായിരുന്നു എന്നാണ് പൊള്ളലേറ്റ മൂന്ന് കാർ യാത്രക്കാർ നൽകിയ മൊഴി. എന്നാൽ ഈ ആരോപണത്തെ ഖണ്ഡിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങൾ.

ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്നവരാണ് തൊഴിലാളികളെ ആദ്യം ആക്രമിക്കാൻ മുതിർന്നത്. തുടർന്നുണ്ടായ പിടിവലിക്കിടെ തൊഴിലാളിയുടെ കയ്യിലുണ്ടായിരുന്ന കന്നാസിൽ നിന്ന് യാത്രക്കാരുടെ മേൽ ടാർ വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പൊലീസ് ഈ ദൃശ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കാറിലെത്തിയ ആളുകളാണ് സംഘർഷത്തിന് കാരണക്കാരെന്ന് പ്രദേശത്തുണ്ടായിരുന്നവരും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ കൃഷ്ണപ്പൻ എന്ന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടാർ ശരീരത്തിൽ വീണാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് നന്നായി അറിയാമെന്നതിനാൽ തങ്ങളൊരിക്കലും മറ്റൊരാളുടെ മേൽ അതൊഴിക്കില്ലെന്ന് തൊഴിലാളികളും പറയുന്നു. കാറിലെത്തിയവർ മദ്യപിച്ചിരുന്നതായുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

പൊള്ളലേറ്റവരുടെ പരാതിയിൽ 4 പേർ ചേർന്നാണ് ആക്രമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിൽ കൃഷ്ണപ്പക്കല്ലാതെ മറ്റ് തൊഴിലാളികൾക്ക് ആക്രമണത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത കൃഷ്ണപ്പ ഓഴികെയുള്ള ഏഴ് പേരെയും ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.

കാർ യാത്രക്കാരാണ് തന്നെ ആദ്യം ആക്രമിച്ചതെന്നും ഈ സമയത്ത് കൈയിലുള്ള ടാർ പാത്രം ഇവരുടെ ദേഹത്ത് തെറിച്ച് വീഴുകയായിരുന്നുവെന്നുമാണ് കൃഷ്ണപ്പ പൊലീസിന് നൽകിയിട്ടുള്ള മൊഴി. സംഭവത്തൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഘർഷത്തിന് പിന്നാലെ ചിലവന്നൂർ - വാട്ടർ ലാന്റ് റോഡിലെ കുഴിയടക്കൽ തൽക്കാലത്തേക്ക് നിർത്തി വച്ചു.