- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വോണിനെ ജീവനോടെ അവസാനം കണ്ടത് നാല് യുവതികൾ; മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വില്ലയിലെത്തി; ഇവരെത്തിയത് ഉഴിച്ചിലിനായെന്ന് റിപ്പോർട്ട്; യുവതികൾ വന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ
ബാങ്കോക്ക്: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസ താരം ഷെയ്ൻ വോൺ മരിച്ച ദിവസം അദ്ദേഹത്തെ കാണാൻ നാല് യുവതികൾ വില്ലയിൽ എത്തിയിരുന്നതായി റിപ്പോർട്ടുകൾ. ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ഏകദേശം രണ്ടു മണിക്കൂറോളം മുമ്പാണ് ഉഴിച്ചിലിനായി നാലു യുവതികൾ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയത്. തായ്‌ലൻഡ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വോൺ താമസിച്ചിരുന്ന ബാങ്കോക്കിലെ റിസോർട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ യുവതികൾ വന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. ഇവരാണ് വോണിനെ ഏറ്റവുമൊടുവിൽ ജീവനോടെ കണ്ടത്. എന്നാൽ വോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് തായ്ലൻഡ് പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വോണിന്റെ മരണം സ്വാഭാവികമായ കാരണങ്ങളാലാണെന്ന് വ്യക്തമായിരുന്നു.
വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53നാണ് നാലു യുവതികൾ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിൽ രണ്ടു യുവതികൾ ഷെയ്ൻ വോൺ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികൾ 2.58നാണ് പുറത്തുപോയതെന്നും സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. ഇവർ വില്ലയിൽ നിന്ന് മടങ്ങിയ ശേഷം ഏതാണ്ട് രണ്ടേകാൽ മണിക്കൂറിനു ശേഷമാണ് വോണിനെ സുഹൃത്തുക്കൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സാഹചര്യത്തിലാണ് ഉഴിച്ചിലിനായി എത്തിയ യുവതികളാണ് വോണിനെ ഏറ്റവുമൊടുവിൽ ജീവനോടെ കണ്ടതെന്ന് പൊലീസ് പറയുന്നത്. അതേസമയം, വോണിന്റെ മരണത്തിൽ എന്തെങ്കിലും വിധത്തിലുള്ള ദുരൂഹത ഉണ്ടാകാനുള്ള സാധ്യത തായ്‌ലൻഡ് പൊലീസ് തള്ളിക്കളഞ്ഞു.
മരിച്ച് ആറ് ദിവസം കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ വിമാനത്താവളത്തിലെത്തിയിരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിട്ടാണ് ഷെയ്ൻ വോണിനെ കണക്കാക്കുന്നത്. വോൺ-സച്ചിൻ, വോൺ-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകളാണ് വോൺ നേടിയത്.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റിൽ 1001 വിക്കറ്റുകൾ എന്ന നേട്ടവും 1992 മുതൽ 2007 വരെ നീണ്ട കരിയറിനുള്ളിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിങ്സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ സ്വന്തം പേരിലാക്കി. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി.




