കോഴിക്കോട്: കരിപ്പൂരിൽ സിഐഎസ്എഫ് ജവാൻ വെടിയേറ്റ് മരിച്ച സംഭവത്തിന് ഇടയാക്കിയ സംഘർഷത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആക്രമണം തുടങ്ങിയത് ഫയർഫോഴ്‌സുകാരുടെ ഭാഗത്തു നിന്നാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ സംഘം ചേർന്ന് സിഐഎസ്എഫ് ജവാനെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മനോരമ ന്യൂസ് ആണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. 9:46:13 മുതൽ 9:45:43 വരെയുള്ള 2.25 മിനിറ്റ് നീളുന്നതാണ് ദൃശ്യങ്ങൾ.

ജവാനുമായി തർക്കിക്കുന്നതും പിന്നീട് ഇത് കൈയാങ്കളിയിലേക്ക് നീങ്ങുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഒറ്റക്കുള്ള ജവാനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അതിനിടെ വിമാനത്താവളത്തിൽ ഉണ്ടായ സംഭവം സുരക്ഷാ വീഴ്‌ച്ചയായി കാണാൻ സാധിക്കില്ലെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി ശങ്കർ റെഡ്ഡി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയ റിപ്പോർട്ടും അദ്ദേഹം ഡിജിപി ടി പി സെൻകുമാറിന് കൈമാറി. പൊതുജനങ്ങളോ വിമാനത്താവളവുമായി ബന്ധമില്ലാത്തവരോ റൺവേയിൽ സുരക്ഷഭേദിച്ച് അതിക്രമിച്ച് കയറിട്ടില്ല. ഫയർഫോഴ്‌സുകാരും ,എയർപോർട്ട് അഥോറിറ്റി ജീവനക്കാരും കാവൽ നിൽക്കുന്ന സിഐഎസ്.എഫ് ജവാന്മാരും തമ്മിലുള്ള പ്രശ്‌നം സുരക്ഷാവീഴ്ച അല്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സംഭവസമയത്തെ 24ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ച സംഭവത്തിൽ കുറ്റംചെയ്തത് ആരെന്നു സിസിടിവി ദൃശ്യത്തിൽ വ്യക്തമാണെന്ന് എ!ഡിജിപി ശങ്കർ റെഡ്ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇപ്പാൾ ലഭിച്ചതു പ്രാഥമിക റിപ്പോർട്ടാണെന്നും എഡിജിപി പറഞ്ഞു. സംഭവത്തിൽ ഇരു കൂട്ടരേയും നായീകരിക്കാനാവില്ലെന്ന് എഡിജിപി പറഞ്ഞു. സിഐഎസ്എഫ് നൽകിയ റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളാണു പ്രാഥമിക തെളിവുകൾ. സംഭവം എങ്ങനെ തുടങ്ങിയെന്നും അവസാനിച്ചെന്നും ദൃശ്യങ്ങളിലുണ്ട്. വിദഗ്ധരുടെ അഭിപ്രായംകൂടിയെടുത്ത് തക്കതായ നടപടി കുറ്റംചെയ്തവർക്കെതിരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. 53.5 ലക്ഷം രൂപയാണ് എയർ പോർട്ട് അഥോറിറ്റിക്കുണ്ടായ നഷ്ടം. ഒന്നര കോടിയിലേറെ രൂപയുടെ നഷ്ടം അഗ്‌നിശമന സേനയ്ക്കുണ്ടായി. റൺവേയിലെ ലൈറ്റുകൾ എറിഞ്ഞു തകർത്തിനാൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല. നാല് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കിടൊവിലാണ് വിമാനത്താവളം പൂർവസ്ഥിതിയിലാക്കിയത്. എയർപോർട്ടിലുണ്ടായ അക്രമസംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കണം. ജവാൻ വെടിയേറ്റ് മരിച്ചതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. അതിനാൽ കുറ്റക്കാരെ ഇപ്പോൾ കണ്ടെത്താൻ കഴിയില്ലെന്നും എഡിജിപി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സംഭവത്തിൽ ഫയർ ഫോഴ്‌സ് വിഭാഗത്തിലെ 12 ജീവനക്കാരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണിത്. സൈബർ സെൽ മുഖേന സി.സി ടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചായിരിക്കും ഇവർക്കെതിരെ ഏതു വകുപ്പുകൾ പ്രകാരമാണ് കേസെടുക്കേണ്ടതെന്ന് തീരുമാനിക്കുകയെന്ന് കൊണ്ടോട്ടി സി.ഐ ബി. സന്തോഷ് പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളിൽ ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് പുറത്തുവരുന്നവ അഭ്യൂഹങ്ങൾ മാത്രമാണെന്നും അന്വേഷണ മേൽനോട്ടം വഹിക്കുന്ന െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി ഷറഫുദ്ദീൻ പറഞ്ഞു.