തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ട്രെയിനിൽ കയറി രക്ഷപ്പെട്ട പ്രതിയെ കയ്യോടെ പൊക്കി പൊലീസ്. മനോരമയെ കൊലപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്തു നിന്നും മുങ്ങിയ പ്രതി ട്രെയിനിൽ കയറിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചതാണ് ആദം അലിയെ ഉടനടി പൊക്കാൻ പൊലീസിനെ സഹായിച്ചത്. ആദം അലി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു. ഇതോടെ ജാഗരൂകരായ പൊലീസ് ചെന്നൈയിൽ കാലുകുത്തിയ ഉടനെ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈയിൽനിന്നു കൊൽക്കത്തയ്ക്കു പോകാൻ ശ്രമിക്കുമ്പോഴാണ് ആദം അലി ചെന്നൈ ആർപിഎഫിന്റെ പിടിയിലാകുന്നത്.

കോടതിയിൽ ഹാജരാക്കിയശേഷം ചൊവ്വാഴ്ച വൈകിട്ടു പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. വെള്ളം ചോദിച്ചെത്തി കൊല നടത്തിയ ക്രൂരന്റെ ജീവിതം ഇനി ഇരുട്ടറയിൽ തന്നെയാകും. മനോരമയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ ശേഷം ഞായറാഴ്ച വൈകിട്ടാണ് തമ്പാനൂരിൽനിന്ന് ആദം അലി ട്രെയിനിൽ രക്ഷപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് ഇയാൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറപ്പിച്ച പൊലീസ് ഉടൻ തന്നെ ഇതര സംസ്ഥാനങ്ങളിലേക്ക് അലേർട്ട് നൽകി. ഇതനുസരിച്ച് പ്രതിക്കായി വലവിരിച്ചു കാത്തിരുന്ന ചെന്നൈ പൊലീസിന്റെ മുന്നിലേക്ക് തന്നെ ഇയാൾ ചെന്നു പെടുകയായിരുന്നു.

ബംഗാൾ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്.

മനോരമയുടെ വീട്ടിൽനിന്നാണ് തൊഴിലാളികൾ സ്ഥിരമായി വെള്ളം എടുത്തിരുന്നത്. ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വലിച്ചിഴച്ചു പ്രതി കിണറ്റിലിടുന്ന സിസിടിവി ദൃശ്യങ്ങൾ തൊട്ടടുത്തുള്ള വീട്ടിൽനിന്ന് പൊലീസിനു ലഭിച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് ഇയാളെ പിടികൂടിയത്.