തിരുവനന്തപുരം: നന്ദൻകോട്ടെ കൂട്ടക്കൊലക്കേസിലെ പ്രതി കേദൽ ജീൻസൺ അടിക്കടി മൊഴിമാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന പുതിയ മൊഴിയാണ് കേദൽ അന്വേഷണ സംഘത്തിനു നല്കിയിരിക്കുന്നത്. തന്നെ ക്രൂരനാക്കിയത് അച്ഛനോടുള്ള പകയാണെന്നാണ് കേദൽ ഇപ്പോൾ പറയുന്നത്. 

മദ്യലഹരിയിൽ സ്ത്രീകളോട് ഫോണിൽ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള ൈവരാഗ്യത്തിനു കാരണമെന്ന് കേദൽ അന്വേഷണ സംഘത്തോടു പറഞ്ഞു. ഇതു തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവച്ചതുമില്ല. അച്ഛനും അമ്മയും ഇല്ലാതായാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാൻ കാരണമെന്നും കേദൽ പറയുന്നു.

ഏപ്രിൽ രണ്ടിനു കൊലനടത്താൻ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാൽ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തു.

അതിനിടെ, ചോദ്യം ചെയ്യലിനിടെ കേദൽ ആദ്യമായി വികാരാധീനനായി, കരഞ്ഞു. അന്വേഷണ സംഘത്തിനു മുന്നിൽ തീർത്തും കൂളായിട്ടാണ് കേദൽ പെരുമാറിയിരുന്നത്. പലപ്പോഴായി മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോഴും കേദലിന്റെ ചിരിക്കുന്ന മുഖം കണ്ട് കേരളം ഞെട്ടിയിരുന്നു. സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും കൂട്ടക്കൊല ചെയ്ത പ്രതിയാണോ ഇതെന്നു സംശയിക്കുന്ന വിധത്തിലുള്ള ഭാവങ്ങളാണ് കേദൽ പ്രകടിപ്പിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള കൊല നടന്ന വീട്ടിൽ കേദലിനെ എത്തിച്ചു തെളിവെടുത്തു. പ്രതിയെ കാണാൻ ധാരാളം പേർ തടിച്ചുകൂടിയിരുന്നു. മൃതദേഹങ്ങൾ കരിക്കാൻ പെട്രോൾ വാങ്ങിയ പമ്പിലും കൊലപാതകങ്ങൾക്കുശേഷം രക്ഷപ്പെട്ടു ചെന്നെയിലെത്തി താമസിച്ചിരുന്ന ലോഡ്ജിലും കേദലിനെ എത്തിച്ചു തെളിവെടുക്കും.

സാത്താൻ സേവയുടെ ഭാഗമായിട്ട് താൻ അച്ഛനെയും അമ്മയെയും പെങ്ങളെയും കൊലപ്പെടുത്തിയെന്നാണ് കേദൽ ആദ്യം അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നത്. മനസിനെ ശരീരത്തിൽനിന്നു വേർപെടുത്തുന്ന ആഭിചാര കർമമാണു താൻ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു. പിന്നീട് പ്രതി ഇടയ്ക്കിടെ മൊഴി മാറ്റുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം കൊലയ്ക്കു കാരണമായി മുൻവൈരാഗ്യമാണെന്ന പൊലീസിന്റെ ഇപ്പോഴത്തെ അവകാശവാദം കേസിനു ബലം കൂട്ടാനാണെന്ന് സൂചനയുണ്ട്. സാത്താൻ സേവ പ്രകാരമുള്ള മനുഷ്യക്കുരുതിയെന്ന വാദം കോടതിയിൽ കേസിനെ ദുർബലപ്പെടുത്തുമെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ടാണ് മുൻവൈരാഗ്യമെന്ന കണ്ടുപിടിത്തം ഇപ്പോൾ നടത്തിയിരിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

കേദലിന്റെ സാത്താൻസേവ തെളിഞ്ഞതായാണ് വിവരം. സാത്താനിക് സമൂഹത്തിന്റെ ആചാരപ്രകാരമുള്ള 'മനുഷ്യക്കുരുതി'യാണ് കേദൽ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വാദം ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ നിർവചനങ്ങളിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല, പ്രതിയെന്നു കരുതുന്നയാൾക്ക് മാനസികപ്രശ്നങ്ങളോ, ലഹരി വസ്തുക്കളുടെ ഉപയോഗമോ ഉണ്ടെന്നതിന് തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

ഈ സാഹചരത്തിൽ അച്ഛനും, അമ്മയും, സഹോദരിയും ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ കേസിൽ കേദൽ മാത്രമാണ് പ്രതിയെന്ന് തെളിയിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പിടികൊടുത്ത കേദലിനെത്തന്നെ ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്നു സൂചനയുണ്ട്.

അതുകൊണ്ടാണ് 'മനോരോഗിയുടെ മുൻവൈരാഗ്യം' എന്ന നിലയിൽ കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നത്. ചെകുത്താൻ ആരാധന കുറ്റകൃത്യമായി കോടതിക്ക് പരിഗണിക്കാൻ കഴിയില്ല. മതവും, ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്നവർക്കും, ഇവയില്ലെന്ന് വിശ്വസിക്കുന്നവർക്കും സംരക്ഷണം നൽകുന്ന ഭരണഘടനയും, നിയമവുമാണ് ഇന്ത്യക്കുള്ളത്. അതിനെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിയില്ല. എല്ലാ മതത്തിലുമുള്ളതുപോലെ, ആഭിചാരക്രിയകളേയും അന്ധവിശ്വാസത്തേയും നിയമപരമായി ചോദ്യം ചെയ്യാൻ പൊലീസിനും നിയമത്തിനും കഴിഞ്ഞേക്കാം. പക്ഷേ, ഇതുവരെ സാത്താൻസേവയുടെ പേരിൽ ഒരു കുറ്റകൃത്യം ഇന്ത്യൻ കോടതികളിൽ വന്നിട്ടില്ല.  

വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ