- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളോണിയൽ ഭരണത്തിനെതിരെ മാതൃഭൂമി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചുവെന്ന് പ്രധാനമന്ത്രി; ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിച്ചമർത്തൽ അതിജീവിച്ച പത്രങ്ങളിലൊന്നെന്ന് മുഖ്യമന്ത്രി; മാതൃഭൂമി ശതാബ്ദിയാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം; ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ
കോഴിക്കോട്: മലയാളിയുടെ ഒരു നൂറ്റാണ്ടിന്റെ സാക്ഷിയും ചാലകശക്തിയുമായ മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയം ഓൺലൈൻ ഭാഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.കൊളോണിയൽ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യയിലുടനീളം സ്ഥാപിതമായ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് മാതൃഭൂമിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ഭാരതത്തിൽ മാതൃഭൂമിയുടെ പങ്ക് എടുത്തു പറഞ്ഞ പ്രധാനമന്ത്രി മാതൃഭൂമിയുടേത് സ്വതന്ത്ര്യത്തിനായി പോരാടിയ ചരിത്രമാണെന്നും ഓർമ്മിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനാണ് മാതൃഭൂമി പിറന്നത്.യോഗ, ഫിറ്റ്നസ്, ബേട്ടി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികൾ ജനകീയമാക്കുന്നതിൽ മാധ്യമങ്ങൾ വളരെ പ്രോത്സാഹജനകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും കാളോണിയൽ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യയിലുടനീളം സ്ഥാപിതമായ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് മാതൃഭൂമിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യം ഉയർത്തിപ്പിടിക്കാൻ സാധിച്ച മാധ്യമമാണ് മാതൃഭൂമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ മുഖ്യമന്ത്രിയുടെ മുഖ്യ പ്രഭാഷണം നടത്തി അഭിപ്രായപ്പെട്ടു.അയിത്തോച്ഛാടനത്തെ പിന്തുണച്ചതും ക്ഷേത്രപ്രവേശനം പോലുള്ളവയെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിച്ചതുമായ ചരിത്രമാണ് മാതൃഭൂമിക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ അടിച്ചമർത്തലുകളെ അതിജീവിച്ചുകൊണ്ട് നിലനിന്ന ചുരുക്കം ചില പത്രങ്ങളിലൊന്നാണ് മാതൃഭൂമിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മാതൃഭൂമിയുടെ പങ്ക് എടുത്തു പറഞ്ഞ പ്രധാനമന്ത്രി മാതൃഭൂമിക്ക് ആശംസകൾ നേർന്നു. തിലകന്റെയും ഗോഖലയുടെയും ഗാന്ധിജിയുടെയും പിന്തുടർച്ചയാണ് മാതൃഭൂമിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നന്പൂതിരി എഴുതി ബിജിബാൽ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്. ആഘോഷച്ചടങ്ങിന് കഥാകൃത്ത് ടി. പത്മനാഭന്റെ നേതൃത്വത്തിൽ 11 സാംസ്‌കാരികനായകർ ദീപം തെളിയിച്ച് അനുഗ്രഹം ചൊരിഞ്ഞു.
മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ ആമുഖഭാഷണം നടത്തി.കല സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ആശംസകളർപ്പിച്ചു.ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂരാ ശ്രേയാംസ് കുമാർ നന്ദിയും പറയും.അതിനുശേഷം മാതൃഭൂമി പിന്നിട്ട ചരിത്രവഴികളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ പ്രദർശനവും അരങ്ങേറി.
സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന ആശയങ്ങളിലൂന്നി 1923 മാർച്ച് 18-ന് കോഴിക്കോട്ടാണ് മാതൃഭൂമി പിറവിയെടുത്തത്.ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം 100 വർഷം ഒരു ചെറിയ കാലയളവല്ല. വിശേഷിച്ചും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ, സ്വതന്ത്ര ഭാരതം സ്വപ്നം കണ്ട് 1923 മാർച്ച് 18 ന് പിറവി കൊണ്ട പത്രം. എം.എൻ.കാരശേരി പറയുന്നു: 'പ്രധാനമായും ഗാന്ധിമാർഗ്ഗത്തിലൂടെ സഞ്ചരിച്ച ഒരുപത്രമായിരുന്നു മാതൃഭൂമി. ഗാന്ധിജിക്ക് ശേഷം മാതൃഭൂമി കൊണ്ടാടിയ ഒരാൾ നെഹ്റുവാണ്. നവഭാരത ശില്പി എന്നാണ് സ്ഥാപക പത്രാധിപർ കെ പി കേശവമേനോൻ നെഹ്റുവിനെ വിശേഷിപ്പിച്ചത്'.
കേരളത്തെ രൂപപ്പെടുത്തിയ ചരിത്രഘട്ടങ്ങളിൽ എല്ലാം സാക്ഷി, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെല്ലാം പടയാളി, നാടിന്റെ സാമൂഹിക-സംസ്‌കാരിക പരിവർത്തന പ്രവാഹങ്ങളുടെ അഗ്രഗാമി -ഇതാണ് മാതൃഭൂമി പൈതൃകമായി കണ്ട് അഭിമാനിക്കുന്നത്. 1934 ജനുവരി 13 ന് ഗാന്ധിജി മാതൃഭൂമി സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ പത്ര സാരഥികൾ അഭിമാനത്തോടെ ഓർത്തെടുക്കുന്നു. ' പത്രത്തിന്റെ നയത്തെയും, അതു ജനങ്ങൾക്കു ചെയ്യുന്ന ഗുണത്തെയുമാണ് ഞാൻ അധികം ശ്രദ്ധിക്കുന്നത്'-മാതൃഭൂമിക്ക് മാത്രം ലഭിച്ച മൂല്യവത്തായ സാക്ഷ്യപത്രം.ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികളോടെയാണ് ശതാബ്ദി കൊണ്ടാടുന്നത്
മറുനാടന് മലയാളി ബ്യൂറോ