- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യം ഇനി ശ്വസിക്കട്ടെ; 100 ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും; സംഭാവനയുമായി ബ്രെറ്റ് ലീയും കമ്മിൻസും; ഇന്ത്യയുടെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ കൈകോർത്ത് താരങ്ങൾ
മുംബൈ : ഓക്സിജൻ ക്ഷാമം രാജ്യത്തുടനീളം പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ ഇന്ത്യയ്ക്കായി കൈകോർത്ത് മാതൃകയാകുകയാണ് സിനിമാ- ക്രിക്കറ്റ് താരങ്ങൾ. ദൈവിക് ഫൗണ്ടേഷന് വേണ്ടി 100 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും സംഭാവന നൽകിയത്. അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. മൊത്തം 220 കോൺസൺട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷൻ ആശുപത്രികൾക്ക് നൽകിയത്.
കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാർ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
മുൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്ത്യയിലെ ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ ബിറ്റ് കോയിൻ നൽകുമെന്നാണ് ബ്രെറ്റ് ലീ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ തനിക്ക് എന്നും രണ്ടാം വീട് പോലെയായിരുന്നു. അളവറ്റ സ്നേഹമാണ് തന്റെ കരിയറിലും വിരമിച്ചതിന് ശേഷവും തനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. തന്റെ ഹൃദയത്തിൽ ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്നത് തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള ആശുപത്രികളിലേക്കായി ഓക്സിജൻ വിതരണത്തിന് സഹായിക്കാൻ ക്രിപ്റ്റോ റിലീഫ് ഫണ്ടിന് താൻ 1 ബിടിസി (ബിറ്റ്കോയിൻ) നൽകുന്നതായി ബ്രെറ്റ് ലീ ട്വിറ്ററിലൂടെ പറഞ്ഞു. 1 ബിടിഎസ് എന്നാൽ ഏകദേശം 43 ലക്ഷത്തോളം രൂപ വരും.
ഈ ദുഷ്കരമായ സമയത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ പ്രവർത്തകർക്കും ലീ നന്ദി പറഞ്ഞു. ഐക്യപ്പെടേണ്ട സമയമാണിത്, ആവശ്യമുള്ളവരെ സഹായിക്കാൻ ഞങ്ങൾ കഴിയുന്നത്ര ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. വീട്ടിൽ തന്നെ തുടരാനും ആവശ്യമെങ്കിൽ മാത്രം പുറത്തുപോകുക. കൈകകൾ വൃത്തിയാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്നത്ര ശ്രദ്ധിക്കുകയെന്നും ബ്രെറ്റ് ലീ ആവശ്യപ്പെട്ടു.
ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടു വന്ന പാറ്റ് കമ്മിൻസിനേയും ലീ അഭിനന്ദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് ഓക്സിജൻ എത്തിക്കാനായി പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50,000 ഡോളർ സംഭാവന നൽകിയിരുന്നു. ഏകദേശം 38 ലക്ഷത്തോളം രൂപ വരും ഇത്. ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ചേർന്നുനിൽക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കമ്മിൻസ് പറഞ്ഞു. രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോൾ തന്നെപ്പോലെ മറ്റു മുൻനിര കളിക്കാരും സമാനമായി സംഭാവനകൾ നൽകണമെന്നും കമ്മിൻസ് ട്വീറ്റിൽ പറഞ്ഞു.