ലയാള സിനിമയുടെ അണിയറയിൽ രണ്ട് 'കുഞ്ഞാലി മരയ്ക്കാർ' ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'കുഞ്ഞാലി മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന് പുറമെ മമ്മൂട്ടി നായകനായി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറെപ്പറ്റിയുള്ള ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഈ രണ്ട് ചിത്രങ്ങളുടെയും കഥകൾ വ്യത്യസ്തമാണെന്ന് പറയുമ്പോഴും വ്യക്തത കൈവന്നിട്ടില്ല. രണ്ട് ചിത്രങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് നടൻ മോഹൻലാൽ മറുപടി നല്കിയിരിക്കുകയാണ്.

അവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് നമ്മൾ തുടങ്ങിയത് എന്നാണ് മോഹൻലാൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.''നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേർ. ഇത്ര സൗഹൃദം എങ്ങനെ വരുന്നു? ''എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങൾക്കിടയിൽ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹൻ ലാലിന്റെ മറുപടി.

''കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മിൽ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനിൽ മമ്മൂട്ടിയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസർ ദുൽഖറിന്റെ പേജിൽ അല്ലേ ആദ്യം വന്നത്.

മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാർ പോലും അങ്ങനെയാണ്. അവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്'' - അഭിമുഖത്തിൽ മോഹൻ ലാൽ പറഞ്ഞു

കുഞ്ഞാലി മരക്കാറായി മോഹൻലാൽ വേഷമിടുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ഷൂട്ടിങ് പുരോഗമിക്കുകയാണ്. എന്നാൽ അതിനും മുമ്പേ ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. കുഞ്ഞാലി മരയ്ക്കാറുടെ വേഷത്തിലുള്ള തന്റെ ഫസ്റ്റ്ലുക്കും മോഹൻലാൽ പുറത്തുവിട്ടിരുന്നു.

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മോഹൻലാലിനെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു.