- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ ഒരു മാസത്തിനകം വാക്സിനേഷൻ 100 ശതമാനമാക്കും; മേഖലയിലേക്ക് വാക്സിൻ എത്തുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ്
പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാർക്ക് അടുത്ത ഒരു മാസത്തിനകം 100 ശതമാനം വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്സിന്റെ ലഭ്യതയനുസരിച്ച് ഇതിനായി സംവിധാനമുറപ്പാക്കും. ആദിവാസി വിഭാഗത്തിലെ 45 വയസ്സിന് മുകളിലുള്ള 82 ശതമാനത്തോളം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വാക്സിൻ എത്തുന്നതിനുള്ള തടസ്സങ്ങളും പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അട്ടപ്പാടിയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് ചികിത്സയ്ക്കു പുറമെ ഭാവിയിൽ ഇതര രോഗങ്ങളുടെ ചികിത്സയ്ക്കും ഇത് പ്രയോജനപ്രദമാകും. കോവിഡ് പരിശോധന ശാസ്ത്രീയമാക്കുന്നതിന് അടിയന്തിരമായി സി.ബി നാറ്റ് മെഷീൻ നൽകും. കൂടാതെ, മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് ആഴ്ചയിൽ ഒരു ദിവസം അട്ടപ്പാടിയിൽ സജ്ജമാക്കും. ഇത്തരത്തിൽ മേഖലയിൽ കോവിഡ് പരിശോധന വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
അട്ടപ്പാടിയിൽ നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകേണ്ട അവസ്ഥ വരാത്ത രീതിയിൽ കോട്ടത്തറ ആശുപത്രിയുടെ പശ്ചാത്തലം മാറ്റിയെടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. സ്പെഷ്യാലിറ്റി സേവനങ്ങൾ, പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടി ഉണ്ടാകും. മുൻ വർഷങ്ങളുടെ തുടർച്ചയെന്നോണം ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ഏറെ വെല്ലുവിളികൾ ഏറ്റെടുത്ത് അട്ടപ്പാടി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പൊതുജനാരോഗ്യവും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് മുൻ വർഷങ്ങളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരും. ശിശുമരണനിരക്കിലെ കുറവ് നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ മറ്റുവകുപ്പുകളുമായി സഹകരിച്ച് മുൻ വർഷങ്ങളിലേതു പോലെ നടപ്പാക്കും. പ്രത്യേകിച്ച്, ഗർഭിണികളുടെ പോഷകാഹരവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗങ്ങളുടെ ആഹാര ശീലങ്ങൾ പരിപോഷിപ്പിക്കുന്ന പദ്ധതികൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കോട്ടത്തറ ട്രൈബൽ ആശുപത്രി, പുതൂർ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സന്ദർശിച്ച മന്ത്രി അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രസ്തുത മേഖലയിൽ കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. പുതൂരിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണും മന്ത്രി സന്ദർശിച്ചു.
അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി, പുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജ്യോതി അനിൽകുമാർ, ആരോഗ്യ സ്റ്റാൻിങ് കമ്മിറ്റി ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത, ഡോ. പ്രഭുദാസ്, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.