ശിവഗിരി: ശ്രീനാരായണ ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്ദി വിപുലമായി ആഘോഷിക്കാൻ ശ്രീലങ്കയിൽ നടന്ന പ്രാരംഭ സമ്മേളനം തീരുമാനിച്ചു. 1918 സെപ്റ്റംബർ 25നാണ് ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത്. ശതാബ്ദി ആഘോഷത്തിന് മുന്നോടിയായുള്ള പ്രാരംഭ സമ്മേളനത്തിൽ ശിവഗിരിയിൽ നിന്നുള്ള സംഘവും സംബന്ധിച്ചു. കൊളംബിലെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ സൊസൈറ്റി ഭാരവാഹികൾ ശിവഗിരി സംഘത്തിന് ഊഷ്മളമായ സ്വീകരണം നൽകി. ഗുരുസന്ദർശന ശതാബ്ദി ആഘോഷത്തിന്റെ പ്രാരംഭ സമ്മേളനം ശ്രീലങ്കൻ മന്ത്രി മനോഗണേശൻ ഉദ്ഘാടനം ചെയ്തു.

ശതാബ്ദി ആഘോഷത്തിന് ശ്രീലങ്കൻ ഗവൺമെന്റിന്റെ എല്ലാ സഹായ സഹകരണവും മന്ത്രി വാഗ്ദാനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശങ്കരാനന്ദ, ശ്രീനാരായണഗുരു സൊസൈറ്റി സെക്രട്ടറി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കൊളംബിലെ മുനിസിപ്പൽ കോംപ്ലക്‌സ്, ശ്രീലങ്കൻ പാർലമെന്റ് മന്ദിരം, രക്തസാക്ഷി മണ്ഡപം തുടങ്ങിയ സ്ഥലങ്ങളും ശിവഗിരി സംഘം സന്ദർശിച്ചു. ശ്രീലങ്കയ്‌ക്കൊപ്പം ഇന്ത്യയിലും ഗുരുവിന്റെ സന്ദർശന ശതാബ്ദി വിപുലമായി ആഘോഷിക്കുന്നതിനുള്ള പരിപാടികൾ ഉടൻ ആസൂത്രണം ചെയ്യുമെന്ന് സ്വാമി ഋതംഭരാനന്ദയും സ്വാമി ഗുരുപ്രസാദും അറിയിച്ചു.