തിരുവനന്തപുരം: അരുവിക്കരയിൽ ശബരിനാഥന്റെ വിജയമുറപ്പിച്ചത് ഒറ്റക്കൂടിക്കാഴ്ചയായിരുന്നു എന്നാണ് സംസാരം. മുൻ കേന്ദ്ര മന്ത്രി കെവി തോമസിന്റെ ഡൽഹിയിലെ വീട്ടിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഗൗതം അദാനിയും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദമുണ്ടെങ്കിലേ കേരളത്തിൽ ഭരണതുടർച്ചയെന്ന ലക്ഷ്യത്തിലെത്താൻ കഴിയൂ എന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു അദാനിയുമായുള്ള കൂടിക്കാഴ്‌ച്ച. വിഴിഞ്ഞം താങ്കൾക്ക് തരും. എന്നാൽ ഭരണതുടർച്ചയും ആറന്മുളയും എനിക്ക് മോദിയിൽ നിന്ന് നേടിത്തരണമെന്ന സന്ദേശമാണ് അദാനിക്ക് ഉമ്മൻ ചാണ്ടി പരോക്ഷമായി നൽകിയത്. അതു തന്നെയാണ് അരുവിക്കരയിലെ ശബരിനാഥന്റെ വിജയത്തിൽ നിർണ്ണായകമായത്.

അരുവിക്കരയിൽ ഒ രാജഗോപാൽ സ്ഥാനാർത്ഥിയാകുമെന്ന് ആരും കരുതിയതല്ല. രാജഗോപാലിനും അത്തരമൊരു ആഗ്രഹമില്ലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കിയത്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് അദാനിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യങ്ങളിലെന്ന് രാജഗോപാലിന്റെ അരുവിക്കരയിലെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കണമെന്നായിരുന്നു. വിഴിഞ്ഞത്തിൽ തനിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകണം. അതിന് ഭരണവിരുദ്ധ വികാരത്തിലുള്ള വോട്ടുകൾ വിഭജിക്കണം. രാജഗോപാലിനേ അത് കഴിയൂ എന്ന് ഉമ്മൻ ചാണ്ടി കണക്ക് കൂട്ടി. വിഴിഞ്ഞത്തിന്റെ മറവിൽ അദാനിയിൽ നിന്ന് അത് നേടിയെടുക്കുകയും ചെയ്തു. ഇതിനൊപ്പമാണ് ആറന്മുളയും വച്ചത്. കേരളത്തിലെ എ വിഭാഗം കോൺഗ്രസുകാരുടെ ഇഷ്ട പദ്ധതിയാണ് ആറന്മുള വിമാനത്താവളം. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുടെ രഹസ്യ നിക്ഷേപമെന്ന വാദം ഉയരുന്നതും എ ഗ്രൂപ്പിന്റെ താൽപ്പര്യ പ്രകടനം കൊണ്ട് മാത്രമാണ്.

ആറന്മുളയെന്ന തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ അദാനിക്ക് കഴിയുമെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലെ ബിജെപി നേതാക്കൾ എത്ര ബഹളമുണ്ടാക്കിയാലും പ്രധാനമന്ത്രി മോദിയുടെ അടുത്തു പോലും എത്താൻ കഴിയില്ല. എന്നാൽ അദാനിയുടെ കാര്യം അങ്ങനെയല്ല. പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ പറ്റുന്ന വ്യക്തി. അതുകൊണ്ട് തന്നെയാണ് വിഴിഞ്ഞത്തിൽ അദാനിയുടെ ഒറ്റ ടെൻഡറിലേക്ക് കാര്യങ്ങളെത്തിച്ചത്. അങ്ങനെ നൽകുമ്പോൾ അദാനിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനും കഴിയില്ല. വിഴിഞ്ഞം പോയാലും കുളച്ചൽ കിട്ടുമെന്ന അദാനിയുടെ തിരിച്ചറിവിനെ കുറിച്ചു ഉമ്മൻ ചാണ്ടി മനസ്സിലാക്കി. അതിന് അനുസരിച്ച് വിഴിഞ്ഞത്തിന് പകരം ആറന്മുളയെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ വിഴിഞ്ഞത്തിൽ തീരുമാനം എടുത്ത ശേഷവും ആറന്മുളയ്ക്കുള്ള അനുമതിയിൽ തീരുമാനമായില്ല. ഇതോടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വരെ മറയാക്കി ഉമ്മൻ ചാണ്ടി നീങ്ങി. അങ്ങനെ മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്ക് പ്രധാനമന്ത്രിയും വഴങ്ങി. ആറന്മുളയിൽ വിമാനത്താവളം വീണ്ടും പ്രതീക്ഷയോടെ മുന്നിലെത്തുകയും ചെയ്തു.

അരുവിക്കരയെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അദാനിക്ക് വിഴിഞ്ഞത്തിൽ താൽപ്പര്യ പത്രം നൽകാത്തത് ആറന്മുളയിൽ ഉറപ്പ് കിട്ടാൻ വേണ്ടി മാത്രമായിരുന്നു. അതിനപ്പുറത്ത് ഒരു സാങ്കേതിക പ്രശ്‌നവും ഇല്ലായിരുന്നു. വിഴിഞ്ഞത്തിൽ ഒറ്റ ടെൻഡറിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ആറന്മുളയിൽ വീണ്ടും പാരിസ്ഥിതിക പഠനത്തിന് അനുമതിയെന്ന കെജിഎസ് ഗ്രൂപ്പിന്റെ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അംഗീകരിച്ചത്. എന്നാൽ വിമനത്താവളത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന ആർഎസ്എസ്‌സംഘപരിവാർ നേതൃത്വങ്ങൾ കരുക്കൾ നീക്കിയതോടെ എല്ലാം അവതാളത്തിലായി. പ്രതിരോധ വകുപ്പ് വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കി. ഒരു കാരണവശാലും ആറന്മുളയിൽ വിമാനം ഇറങ്ങില്ലെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറും പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി ശക്തമായ നിലപാട് എടുത്തു. ആറന്മുള ഇല്ലെങ്കിൽ വിഴിഞ്ഞവും വേണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. അദാനിക്ക് വിഴിഞ്ഞത്തോടുള്ള താൽപ്പര്യം മനസ്സിലാക്കിയായിരുന്നു ഇത്.

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വിഴിഞ്ഞത്തിന് എതിരാണെന്ന അഭ്യൂഹങ്ങളെത്തി. അത് തള്ളുകയോ കൊള്ളുകയോ ചെയ്യാതെ നിശബ്ദനായിരുന്ന് വിഴിഞ്ഞം പ്രതിസന്ധിയിലാണെന്ന് വരുത്തി തീർത്തു. ഇതോടെ വീണ്ടും ഇടപെടലുകൾ സജീവമായി. അങ്ങനെ ആറന്മുളയിലെ പാരിസ്ഥിതികാനുമതി പഠനത്തിന് ആറന്മുളയ്ക്ക് അംഗീകാരമെത്തി. വിമാനത്താളവുമായി ബന്ധപ്പെട്ട പഴയ സ്‌കെച്ചുകൾ പൊളിച്ചെഴുതും. തീർത്തും പരിസ്ഥിതി സൗഹൃദ വിമാനത്താവളമായി ആറന്മുളയെ മാറ്റാനാണ് നീക്കം. പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളിൽ പ്രതിഷേധക്കാരുടെ വാദങ്ങളെ പൊളിക്കാനാണ് ഇത്. ഇങ്ങനെ ആറന്മുള യാഥാർത്ഥ്യമാകാമെന്നാണ് പ്രതീക്ഷ. സംഘപരിവാരും ബിജെപിയുമാണ് പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നിന്നത്. എന്നാൽ മോദി സർക്കാരിനെ അദാനിയിലൂടെ സ്വാധീനിച്ച് അനുമതി നേടുമ്പോൾ എതിർക്കാൻ ബിജെപി ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടൽ. അവർക്ക് പോലും വിമാനത്താവള പദ്ധതിയെ അനുകൂലിക്കേണ്ട സാഹചര്യം വരും. അതുണ്ടാക്കി എടുക്കാൻ അദാനിയെ കൂട്ടുപിടിക്കാനാണ് വിഴഞ്ഞം നൽകൽ.

ഇതിനെല്ലാം അപ്പുറം വിഴഞ്ഞത്തിൽ അദാനി എത്തുമ്പോൾ ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനം കൂടുതൽ കരുത്താകുമെന്നും ഉമ്മൻ ചാണ്ടിക്ക് അറിയാം. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ക്രെഡിറ്റ് ബിജെപിയും മോദി സർക്കാരും അവകാശപ്പെടും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി നേരിട്ട് എത്തുന്നതോടെ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകും. എന്നാൽ ഭരണതുടർച്ചയെന്ന തന്റെ ആഗ്രഹം നേടിയെടുക്കാൻ ബിജെപി വളർന്നോട്ടെ എന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. സിപിഐ(എം) വോട്ടുകളിലാണ് ബിജെപി വിള്ളലുണ്ടാക്കുന്നത്. ഭരണ വിരുദ്ധ വികാരം രണ്ടായി കൃത്യമായി വിഭജിച്ചാൽ ക്രിസ്ത്യന്മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ വീണ്ടും അധികാരത്തിലെത്താം. ഇതു തന്നെയാണ് അരുവിക്കരയിൽ ശബരിനാഥിന്റെ വിജയത്തിനും ആധാരമെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നുണ്ട്.

അടുത്ത പഞ്ചായത്ത്‌നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കത്തിക്കയറിയാൽ അത് യുഡിഎഫിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതു വരെ അധികാരത്തിൽ ഉമ്മൻ ചാണ്ടി വേണമെന്ന ആഗ്രഹം അദാനിക്കുമുണ്ട്. ഈ താൽപ്പര്യം പരമാവധി മുതലാക്കാൻ തന്നെയാണ് നീക്കം. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഭരണതുടർച്ചയുണ്ടാക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ഈ ചരിത്രം തിരുത്തുക എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. കേരളത്തിൽ ബിജെപി വളരുമ്പോൾ തളരുക സിപിഎമ്മായിരിക്കും. കൂടാതെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടുതൽ സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത് ഭരണതുടർച്ച സാധ്യമായാൽ ഉമ്മൻ ചാണ്ടി ഇന്ത്യൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ തന്നെ അതികായനായി മാറുമെന്ന കാര്യം ഉറപ്പാണ്.