ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയിൽ കർശ്ശന നടപടി സ്വീകരിക്കാത്തതിൽ പഞ്ചാബ് ഡിജിപിക്ക് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരായവക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയുടെ യാത്രാ തടഞ്ഞ് പ്രതിഷേധം നടത്തിയവർക്കെതിരെ 200 രൂപ പിഴ ചുമത്താനുള്ള വകുപ്പ് മാത്രമാണ് പൊലീസ് ചുമത്തിയത്.

പ്രതിഷേധക്കാർക്കെതിരെ ദുർബല വകുപ്പ് മാത്രം ചുമത്തിയതിൽ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവം വിവാദമാവുകയും രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടും കർശ്ശന നടപടി പൊലീസ് കൈക്കൊള്ളാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.

അതേസമയം ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം ഇന്ന് നൽകാമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.

സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം നിർത്തിവയ്ക്കാൻ കോടതി കഴിഞ്ഞ നിർദ്ദേശം നൽകിയിരുന്നു. തെളിവുകൾ സംരക്ഷിക്കാനും കോടതിയുടെ നിർദ്ദേശമുണ്ട്. സുരക്ഷ വീഴ്ച സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണ സമിതിയെ സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. പഞ്ചാബ് രജിസ്ട്രാർ ജനറൽ രേഖകൾ സൂക്ഷിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രിയുടെ റോഡ് യാത്ര പെട്ടന്ന് തീരുമാനിച്ചതിനാലാണ് സുരക്ഷാ വീഴ്ച സംഭവിച്ചതെന്നാണ് പഞ്ചാബ് സർക്കാർ ആവർത്തിക്കുന്നത്.