- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലഘുസമ്പാദ്യ പദ്ധതികളിലെ പലിശ കുറയ്ക്കില്ലെന്ന് കേന്ദ്രം; കേന്ദ്രത്തിന്റെ പിന്മാറ്റം തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഭയന്ന്; ധനമന്ത്രി തീരുമാനം അറിയിച്ചത് ട്വിറ്ററീലുടെ
ന്യൂഡൽഹി: ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ കുറച്ച നടപടി കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇന്നലെ വൈകുന്നേരം ധനമന്ത്രി നിർമ്മല സീതാരാമൻ നടപടി പിൻവലിക്കാനുള്ള അടിയന്തര തീരുമാനം എടുക്കുകയായിരുന്നു. ട്വിറ്ററിലൂടെ ഇന്ന് രാവിലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് മുതൽ പലിശ കുറക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ 2020-2021 സാമ്പത്തിക വർഷത്തെ അതേ നിരക്ക് തുടരനാണ് തീരുമാനമെന്നും നേരത്തെ സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നുവെന്നും അവർ കുറിച്ചു.
തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ നേരിട്ടേക്കാവുന്ന തിരിച്ചടി ഭയന്നാണ് പിന്മാറ്റമെന്നാണ് സൂചന. പശ്ചിമ ബംഗാൾ, അസാം സംസ്ഥാനങ്ങളിൽ ഇന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. പലിശ കുറയ്ക്കാനുള്ള തീരുമാനം എൻ.എസ്.സി, പി.പി.എഫ് പദ്ധതികളിൽ ഭാഗമായിട്ടുള്ള ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുമായിരുന്നു. ഉത്തരവ് നടപ്പായിരുന്നുവെങ്കിൽ പിപിഎഫ് പലിശ 7.1 ശതമാനത്തിൽ നിന്നും 6.4 ശതമാനത്തിലേക്കും എൻ.എസ്.സി പലിശ 6.8 നിന്നും 5.9 ലേക്കും കുറയുമായിരുന്നു.
മുതിർന്ന പൗരന്മാർക്കുള്ള ലഘു സമ്പാദ്യപദ്ധതി, പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പദ്ധതി, ചെറിയ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങൾ എന്നിവയുടെ പലിശ നിരക്കിലും മാറ്റമുണ്ടാകുമായിരുന്നു. ഇത് 1974 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പലിശാ നിരക്കായിരുന്നു. തിരഞ്ഞെടുപ്പിന് ഇടയിലുണ്ടായ പുതിയ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കില്ല. കേന്ദ്ര സർക്കാരിന് ഓരോ നാലുമാസം കൂടുമ്പോഴും സാമ്പത്തിക നിലപാട് പ്രഖ്യാപിക്കാനുള്ള അവകാശമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ നൽകുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ