കൊച്ചി: ഒന്നാം പിണറായി സർക്കാറിനെ പിടിച്ചുലച്ച വിവാദമായിരുന്നു സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫസിലേക്ക് നീണ്ട അന്വേഷണം സർക്കാറിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാറിനെയും പിടിച്ചു കുലുക്കുകയാണ് സ്വർണക്കടത്തു കേസ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കുറിയും വിവാദ ചർച്ചകളിലേക്ക് എത്തുന്നത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിഷയം പ്രതിപക്ഷവും ആയുധമാക്കാൻ ഒരുങ്ങുകയാണ്. കേരളസമൂഹത്തെ ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ വെള്ളപൂശാൻ പൊലീസ് അനധികൃതമായി ഇടപെട്ടു. കസ്റ്റഡിയിൽ വെച്ച് സ്വപ്ന ശബ്ദരേഖ നൽകിയതിലൂടെ ഇത് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനവും നടന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസായ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ, രാജ്യദ്രോഹപ്രവർത്തനങ്ങൾ, സാമ്പത്തിക അഴിമതി ഇതെല്ലാം വളരെ ഭംഗിയായി നിർവഹിക്കപ്പെട്ടിരുന്നു. അതിനുള്ള നേതൃത്വവും പിന്തുണയും നൽകിയിരുന്നതും പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കി നൽകിയതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു എന്ന് വ്യക്തമായിരിക്കുന്നു. ഇത് നിഷേധിക്കാനാകില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്ന് സ്വപ്ന സുരേഷിന്റെ പേരിൽ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നെന്നും വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെ ഈ കേസിൽ നിന്ന് രക്ഷപ്പെടുത്താനും നിരപരാധിയാണെന്ന് തെളിയിക്കാനും സംസ്ഥാനത്തെ പൊലീസ് സംവിധാനം ഉപയോഗിച്ചുകൊണ്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ട് ഒരു വനിതാ പൊലീസുകാരിയെ ചുമതലപ്പെടുത്തി തിരക്കഥ തയ്യാറാക്കി അത് പ്രതിയെ കൊണ്ട് വായിപ്പിച്ച് മുഖ്യമന്ത്രി നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമവും പുറത്തുവന്നു. ഇതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ആരുടെ നേതൃത്വത്തിൽ എവിടെവച്ചാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ പ്രതി നടത്തിയതെന്ന് അന്വേഷിക്കണം. മൂടി വയ്ക്കപ്പെട്ട സത്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് ഒന്നുകൂടി വ്യക്തമായിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.ലോക്കറിലുള്ള പണം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ തുകയാണെന്ന് വ്യക്തമായി. സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു. ഒരു ഓഫീസ് എത്രമാത്രം അധപതിക്കാമെന്നതിന് ഉദാഹരണമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നത്.

സംസ്ഥാനത്തെ ഇന്റലിജൻസ് മേധാവി നൽകുന്ന റിപ്പോർട്ട് ദിവസവും മുഖ്യമന്ത്രിക്ക് ലഭിക്കുന്നതാണ്. രാജ്യസുരക്ഷയെയും സംസ്ഥാന സുരക്ഷയെയും ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട രഹസ്യങ്ങൾ മുഖ്യമന്ത്രിക്ക് ലഭിക്കും. എന്നിട്ടും തന്റെ ഓഫീസിൽ നടക്കുന്നത് എന്താണെന്ന് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് അവിശ്വസനീയമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നു എന്ന് പുറത്തുവന്നിരിക്കുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം സ്വപ്‌ന സുരേഷിന്റെതായി പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സ്വപ്നയുടെ വെളിപ്പെടുത്തൽ ഹൈക്കോടതിയെ അറിയിക്കാനും കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ഇക്കാര്യം അറിയിക്കുക.

ഇഡി കസ്റ്റഡിയിലിരിക്കേ പുറത്തുവന്ന ശബ്ദരേഖ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇഡി വിശദാംശങ്ങൾ തേടുന്നത്. സ്വർണക്കടത്തിനു പിന്നിൽ കൂടുതൽ പേരുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ സുപ്രധാന വിവരങ്ങളുണ്ടെന്ന് കേന്ദ്ര ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള പ്രതികളെ കേസിലേക്ക് കൊണ്ടുവന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.