ന്യൂഡൽഹി: ടാറ്റ- സിംഗപ്പൂർ എയർലൈൻ സംയുക്ത സംരംഭമായ വിസ്താര കൂടി സർവ്വീസ് തുടങ്ങുന്നതോടെ വർധിക്കുന്ന വെല്ലുവിളി കണക്കിലെടുത്ത് എയർ ഇന്ത്യയെ നന്നാക്കാനൊരുങ്ങി കേന്ദ്രം. നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന എയർ ഇന്ത്യയെ പരിഷ്‌കരിക്കാനുള്ള നടപടികൾ വ്യോമയാന മന്ത്രി അശോക ഗജപതി രാജുവാണ് മുന്നോട്ട് വച്ചത്.

വിമാനങ്ങൾ സമയക്രമം തെറ്റിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുന്നതുൾപെടെയുള്ള മാർഗരേഖ തയ്യാറാക്കിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. സ്വകാര്യ വിമാന സർവ്വീസുകൾ ലഭിക്കാതെ വരുമ്പോൾ മാത്രം എയർ ഇന്ത്യയെ യാത്രക്കാർ ആശ്രയിക്കുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന വിലയിരുത്തലിലാണ് വ്യോമയാന മന്ത്രാലയം. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യയെ നവീകരിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ വ്യോമയാന മന്ത്രി തയ്യാറാക്കിയിരിക്കുന്നത്.

വിമാനങ്ങൾ കൃത്യ സമയം പാലിക്കണമെന്നും മുൻകൂർ അനുമതിയില്ലാതെ സർവ്വീസ് റദ്ദ് ചെയ്യരുതെന്നുമുള്ള നിർദേശമാണ് ഇതിൽ പ്രധാനം. വിഐപികൾക്ക് വേണ്ടി വിമാനങ്ങൾ വൈകിപ്പിക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലമല്ലാതെ സർവ്വീസുകൾ വൈകുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ മാസത്തെയും ആദ്യ ആഴ്ച പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. അധിക ജീവനക്കാരെ പുനർവിന്യസിച്ചും ചെലവു ചുരുക്കിയും മൽസര ക്ഷമത കൂട്ടണമെന്നും മന്ത്രി നിർദേശിച്ചു. രാജ്യത്താകമാനമുള്ള എയർ ഇന്ത്യയുടെ 23000 ജീവനക്കാർക്കും മന്ത്രിയുടെ ഉത്തരവ് കൈമാറിയിട്ടുണ്ട്.