തൃശൂർ: കേരളത്തിലും നീരവ് മോദിമാരും മെഹുൽ ചോക്‌സിമാരും വിജയ് മല്യമാരും ഒളിഞ്ഞിരിപ്പുണ്ടോ? ഇക്കാര്യം തേടി തേടി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. തൃശൂർ ആസ്ഥാനമായുള്ള കല്യാൺ, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂർ ജൂവലറികളുടേയും കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ ജൂവലറിയുടേയും ബാങ്ക് ഇടപാടുകളിലും അവർ സമർപ്പിച്ച രേഖകളിലുമാണ് ആദ്യ ഘട്ടമെന്ന നിലയിൽ സൂക്ഷ്മ പരിശോധന നടത്തിയിട്ടുള്ളത്. കേരളത്തിൽ നിന്ന് ലോണെടുത്ത് വിദേശങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ജുവലറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപാടുകളും മറ്റും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചുവരുന്നതായാണ് വിവരം. ഈ സ്ഥാപനങ്ങളുടെ ബാങ്കിങ് ഇടപാടുകളിൽ കൃത്രിമത്വം ഉണ്ടോ എന്ന പരിശോധനയാണ് ആദ്യഘട്ടത്തിൽ തുടങ്ങിയിട്ടുള്ളത്.

ആസ്തിയുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത വിധം കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) പൊതുമേഖല-ന്യു ജെനറേഷൻ ബാങ്കുകൾക്ക് സമർപ്പിച്ച് ഏതെങ്കിലും സ്ഥാപനം വായ്പയെടുത്തോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. മറ്റു വൻകിട ജുവലറികൾ ഉൾപ്പെടെയുള്ളവയുടെ ഇടപാടുകളും വരുംദിവസങ്ങളിൽ തന്നെ പ്രാഥമിക പരിശോധകൾക്ക് വിധേയമാക്കും. ഇതിൽ എന്തെങ്കിലും കൃത്രിമം കണ്ടെത്തുകയോ സംശയം ഉയരുകയോ ചെയ്താൽ തുടർ നടപടികളും ഉണ്ടാകുമെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.

നീരവ് മോദിയുടെ ജൂവലറിയിലും അനുബന്ധ വജ്ര വ്യാപാര ശൃംഖലയിൽ പെട്ട ഗീതാഞ്ജലി അടക്കമുള്ള സ്ഥാപനങ്ങളിലെയും സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിവീണ സാഹചര്യത്തിലാണ് കേരളത്തിലും ഇത്തരത്തിൽ ജുവലറികളുടെ ബാങ്ക് വായ്പാ ഇടപാടുകളിൽ വിവര ശേഖരണവും പരിശോധനയും തുടങ്ങിയിട്ടുള്ളത്. കേരളത്തിലെ ചില പ്രമുഖ ജൂവലറികൾക്ക് ബാങ്കുകളിലെ തന്നെ ചില ഉന്നതരുടെ ഇടപെടൽ മൂലം വഴിവിട്ട ധന സഹായങ്ങൾ കൊടുത്തതായും വിവരമുണ്ട്. ഇത്തരത്തിൽ ഇടപാടു നടന്ന പൊതുമേഖല- ന്യു ജനറേഷൻ ബാങ്കുകൾ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണവും നടക്കുന്നുണ്ട്.

മാത്രമല്ല, കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) കാണിച്ചുകൊണ്ട് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് കോടികളുടെ വായ്‌പ്പകൾ സംഘടിപ്പിച്ച ചില ജൂവലറികൾക്ക് ഇപ്പോൾ വായ്പയിന്മേലുള്ള തിരിച്ചടവുകൾ അസാധ്യമായിരിക്കുകയാണെന്നാണ് വിവരം. ഇത്തരത്തിൽ തിരിച്ചടവുകൾ വൈകുന്നതും അനന്തമായി നീളുന്നതുമാണ് കേരളത്തിലെ സ്ഥാപനങ്ങളുടെയെല്ലാം സാമ്പത്തിക സ്ഥിതി പരിശോധിക്കുന്ന നിലയിൽ ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിലേക്ക് വഴിവച്ചത്.

നീരവ് മോദിയും ഗീതാഞ്ജലി ഗ്രൂപ്പിന്റെ മെഹുൽ ചോക്‌സിയും തുറന്നുവിട്ട സാമ്പത്തിക തട്ടിപ്പിന്റെ ഭൂതം ബാങ്കുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ മാർഗ്ഗ നിർദ്ദേശത്തോടെ കേരളത്തിലേയും ജൂവലറികളുടെ ഉൾപ്പെടെ ബാങ്കിങ് ഇടപാടുകളിലേക്ക് ധനകാര്യ മന്ത്രാലയത്തിന്റെ ബാങ്കിങ് ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണം ആരംഭിച്ചത്. നീരവ് മോദി ഫോബ്‌സ് ലിസ്റ്റിൽ ഇടം നേടിയാണ് തട്ടിപ്പ് നടത്തിയതെങ്കിൽ കേരളത്തിലെ പല ജൂവലറികളും മേനി മിനുക്കുന്നത് ബില്യൻ ഡോളർ ക്ലബ്ബ് അംഗത്വം വച്ചാണ്. ഈ ബില്യൻ ഡോളർ ക്ലബ്ബ് അംഗത്വം സംഘടിപ്പിച്ചതും കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) കാണിച്ചുകൊണ്ട് ആണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നതായാണ് വിവരം.

സ്ഥാപനങ്ങളുടെ സാമ്രാജ്യ വിപുലീകരണത്തിന്റെ ഭാഗമായി സ്വദേശത്തും വിദേശത്തും ശാഖകൾ തുടങ്ങുകയാണ് ജൂവലറികളുടെ തന്ത്രങ്ങൾ. ഇതിന്റെ ഭാഗമായാണ് ആസ്തിയുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ ലാഭ-നഷ്ട കണക്കും (Profit and Loss Account) ബാലൻസ് ഷീറ്റും (Balance Sheet) ബാങ്കുകൾക്ക് സമർപ്പിച്ചുകൊണ്ട് കോടികളുടെ വായ്പകൾ സംഘടിപ്പിച്ചതും ഫ്രാഞ്ചൈസി ശൃംഖലകൾ വിപുലീകരിച്ചതും. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയിന്മേൽ ഈ ജൂവലറികൾക്ക് വായ്പകൾ തരപ്പെടുത്തി കൊടുത്തത് പ്രമുഖ പൊതുമേഖല- ന്യു ജെനറേഷൻ ബാങ്കുകളാണെന്നാണ് വിവരം.

ഇടിത്തീ പോലെ വന്നുവീണ നോട്ടുനിരോധനവും ജി.എസ്.ടി.യും ജൂവലറി മേഖലയെ തെല്ലൊന്നു തളർത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. അതോടെ വായ്പയിന്മേലുള്ള തിരിച്ചടവുകൾ വൈകുന്നതും അനന്തമായി നീളുന്നതും തുടർക്കഥയായി. ചെക്കുകൾ മടങ്ങുന്നതും പതിവു കഥയായി. ജൂവലറികളെയൊക്കെ നിലനിർത്തുന്ന വൻകിട ആഭരണ നിർമ്മാതാക്കൾക്കും പണം കിട്ടാതായി. അതോടെ ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി. ജൂവലറികളിൽ ചിലരെങ്കിലും പബ്ലിക്ക് ഇഷ്യൂകൾ ഇറക്കി സാമ്പത്തിക ബാധ്യതകൾ ജനങ്ങളുടെ തലയിൽ കെട്ടിവക്കാനുള്ള ഗൂഢതന്ത്രം ആവിഷ്‌കരിച്ചെങ്കിലും സെബിയുടെ അനുമതി കിട്ടാത്ത സാഹചര്യത്തിൽ പൊളിഞ്ഞു. ഇതോടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളും അനുബന്ധ നിയമനടപടികളും പ്രതിസന്ധികളുടെ ആക്കം കൂട്ടി.

ബില്യൻ ഡോളർ ക്ലബ്ബ് അംഗത്വവും ബി.ഐ.എസ്. മുദ്രയും കേരളത്തിലെ സ്വർണ്ണമുതലാളിമാർക്ക് ഒരു പണത്തൂക്കം പോലും മേന്മ കൂട്ടിയില്ല. മാത്രമല്ല, കേരളത്തിലെ ചില ജുവലറികളുടെ ഗുണമേന്മയില്ലാത്ത സ്വർണം സ്വദേശത്തും വിദേശത്തും പിടികൂടിയതും ചർച്ചയായി. സമൂഹമാധ്യമങ്ങൾ ഈ കള്ളത്തരത്തെ അതിരില്ലാത്ത വിധം ജനങ്ങളിലേക്ക് എത്തിച്ചതും സ്വർണ്ണമുതലാളിമാർക്ക് എട്ടിന്റെ പണിയായി.

ഈയ്യിടെ കേരളത്തിലെ ജൂവലറികളിൽ നടന്ന ആദായനികുതി വകുപ്പിന്റെ സമഗ്രമായ റെയ്ഡ്, സ്വർണ്ണമുതലാളിമാരുടെ പരസ്യം ലഭിക്കുന്നതിന്റെ മുഖ്യധാരാ മാധ്യമങ്ങൾ മൂടിവച്ചിരുന്നു. മറുനാടൻ ഉൾപ്പെടെ അപൂർവം മാധ്യമങ്ങൾ മാത്രമാണ് ഈ വാർത്തകൾ പുറത്തുവിട്ടത്. ഇപ്പോൾ കേരളത്തിലെ പ്രമുഖ ജൂവലറികളെ ബാങ്കുകൾ വഴിവിട്ട് സഹായിക്കുന്നുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്ന വിവരമാണ് ലഭിക്കുന്നത്.