ന്യൂഡൽഹി: പിഎം ഇ-വിദ്യയുടെ ഭാഗമായ വൺ ക്ലാസ് വൺ ടിവി ചാനൽ പരിപാടി വിപുലീകരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനം. നിലവിൽ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയർത്തും. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയിൽ കൂടിയും സംസ്ഥാനങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഫൈവ് ജി ഇന്റർനെറ്റ് സേവനം ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ അറിയിച്ചു. ഭൂപരിഷ്‌കരണം സാധ്യമാക്കാൻ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി സ്പെഷ്യൽ മൊബിലിറ്റി സോണുകൾ ആരംഭിക്കും. ഇ പാസ്പോർട്ട് പദ്ധതിക്ക് ഈ വർഷം തന്നെ തുടക്കമിടുമെന്നും അവർ അറിയിച്ചു.

അടുത്ത 25 വർഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം നേടി നൂറ് വർഷമാകുമ്പോഴുള്ള ഇന്ത്യയുടെ വളർച്ച മുന്നിൽ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി.

പിഎം ഗതിശക്തി, ഉൽപ്പാദനം വർധിപ്പിക്കൽ, നിക്ഷേപം, എല്ലാവർക്കും വികസനം എന്നി മേഖലകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാൻ രൂപീകരിക്കും. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ, തുടങ്ങിയ ഏഴു മേഖലകളിൽ ദ്രുതവികസനം സാധ്യമാക്കും.

2022-23ൽ 25000 കിലോമീറ്റർ എക്സ്പ്രസ് വേ നിർമ്മിക്കും. 100 മൾട്ടി മോഡൽ കാർഗോ ടെർമിനലുകൾ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാൻ പർവത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. കോവിഡ് സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയിൽ നടത്തിയ വാക്സിനേഷൻ ഗുണം ചെയ്തതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി പരാമർശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിലെത്തിയത്. അതിനിടെ കേന്ദ്രമന്ത്രിസഭായോഗം ചേർന്ന് ബജറ്റിന് അംഗീകാരം നൽകി. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമാണ്. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും.