ന്യൂഡൽഹി: കോവിഡ് കാല പ്രതിസന്ധികൾക്കിടെയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചത്. വമ്പൻ സർപ്രൈസുകൾ ഒന്നും ഒളിപ്പിക്കാത്ത സാധാരണ ബജറ്റാണ് നിർമ്മല പാർലമെന്റിൽ അവതരിപ്പിച്ചത്. ആദായനികുതി ഇളവു പ്രതീക്ഷിച്ചവരെ നിരാശരാക്കുന്ന ബജറ്റിൽ സന്തുഷ്ടരാകുക വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കർഷകരുമാണ്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ കാർഷിക മേഖലക്ക് ഉന്നൽ നൽകികൊണ്ടാണ് ബജറ്റ് പ്രഖ്യാപനം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക ചിലവഴിക്കുമെന്നും ഇന്ത്യൻ റെയിൽവേയെ പരിഷ്‌ക്കരിക്കാൻ തക്കവണ്ണത്തിലുള്ള പുതിയ തീവണ്ടികൾ ഇറക്കുമെന്നതുമാണ് പ്രഖ്യാപനങ്ങളിൽ പ്രധാനമായത്.

രാജ്യം ഡിറ്റൽ കറൻസിയിലേക്ക് കടക്കുന്നു എന്ന പ്രഖ്യാപനവും ഏറെ നിർണായകമായി. വരുന്ന സാമ്പത്തിക വർഷം ഡിജിറ്റൽ രൂപ അവതരിപ്പിക്കും. ബ്ലോക്ക് ചെയിൻ, മറ്റു സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റൽ രൂപ അവതരിപ്പിക്കുക. റിസർവ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റൽ രൂപ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾ പെരുകുന്ന കാലത്ത് ഡിജിറ്റിൽ റുപ്പീ അനിവാര്യമായ മാറ്റം തന്നെയാണ് കൊണ്ടുവരുന്നത്.

ആദായനികുതി റിട്ടേണിലെ പിശകുകൾ തിരുത്താൻ നികുതിദായകർക്ക് അവസരം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പരിഷ്‌കരിച്ച റിട്ടേൺ രണ്ടുവർഷത്തിനുള്ളിൽ സമർപ്പിച്ചാൽ മതി. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്മെന്റ് വർഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേൺ സമർപ്പിക്കേണ്ടതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി.

കർഷിക മേഖലക്ക് കോളടിച്ചു

കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. 2.73 ലക്ഷം കോടി രൂപ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. സർക്കാർ കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതായും ധനമന്ത്രി വ്യക്തമാക്കി.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികൾ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. 5 വൻകിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികൾ കാർഷികാവശ്യങ്ങൾക്കായും ഉപയോഗിക്കും. ഗുണഭോക്താക്കൾ ആയ സംസ്ഥാനങ്ങൾ തമ്മിൽ ധാരണ ആയാൽ പദ്ധതി നടപ്പാക്കും. ജൽജീവൻ മിഷന് 60,000 കോടി വകയിരുത്തിയിട്ടുണ്ട്. കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പരിഗണന നൽകും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കുമെന്നുമാണ് പ്രഖ്യാപനങ്ങൾ.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരെ അനുനയിപ്പിക്കാനായുള്ള വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതനുസരിച്ചാണ് അനുകൂലി ബജറ്റ് അവതരിപ്പിച്ചത്.

ഗതാഗത മേഖലക്ക് ആനുകൂല്യങ്ങൽ, റെയിൽവേയുടെ മുഖച്ഛായ മാറ്റാൻ വന്ദേഭാരത് ട്രെയിനുകൾ

പൊതുബഡ്ജറ്റ് അവതരണത്തിൽ ഗതാഗത മേഖലയ്ക്ക് വൻ ആനുകൂല്യങ്ങളും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്നും 2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ 100പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും മെട്രോ നിർമ്മാണത്തിനായി നൂതന മാർഗങ്ങൾ നടപ്പിലാക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കും ഗ്രീൻ വാഹനങ്ങൾക്കും കൂടുതൽ പ്രോത്സാഹനം നൽകുമെന്നും വൈദ്യുത വാഹനങ്ങൾക്കായി ബാറ്ററി കൈമാറ്റ സംവിധാനം പുറത്തിറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചാർജിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും 'കവച്' എന്ന പേരിൽ 2000 കി.മീറ്ററിൽ പുതിയ റോഡ് നിർമ്മിക്കുമെന്നും മലയോരഗതാഗതത്തിനും പുതിയ പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചിന്മ 400 വന്ദേഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇന്ത്യൻ റെയിൽവേയുടെ മുഖഛായ തന്നെ മാറ്റുമെന്ന പ്രതീക്ഷ നൽകുന്നതാണ്. സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി നേരിട്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉൽപാദനം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനാണു ബജറ്റ് പച്ചക്കൊടി വീശിയിരിക്കുന്നത്.

ഇഎംയു ട്രെയിൻ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. നിലവിൽ 2 ട്രെയിനുകളാണു സർവീസ് നടത്തുന്നത്. ഡൽഹിയിൽ നിന്നു വാരണാസിയിലേക്കും കത്രയിലേക്കും. ആസാദി കി അമൃത് മഹോൽസവിന്റെ ഭാഗമായി 75 ആഴ്ചകൾ കൊണ്ടു 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണു 400 ട്രെയിനുകൾ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

180 കിലോമീറ്റർ വേഗം പരീക്ഷണ ഓട്ടങ്ങളിൽ വന്ദേഭാരത് എത്തിയിട്ടുണ്ട്. 160 കിലോമീറ്ററാണു പ്രഖ്യാപിത വേഗമെങ്കിലും 130 കിലീമീറ്ററാണു ഇപ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. രേഖപ്പെടുത്തിയിരിക്കുന്ന കൂടിയ ശരാശരി വേഗം മണിക്കൂറിൽ 94 കിലോമീറ്ററാണ്. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്), റായ് ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി (എംസിഎഫ്), കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) എന്നിവിടങ്ങളിലാണു വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുക.

നികുതി വരുമാനം കൂടിയിട്ടും ഇളവുകൾ ഇല്ലാത്തത് നിരാശ

ജിഎസ്ടി വരുമാനത്തിൽ അടക്കം വലിയ വർധന ഇക്കുറി ഉണ്ടായെങ്കിലും നികുതി ഇളവുകൾ ഇല്ലാത്തത് കേന്ദ്ര ബജറ്റിലെ സാധാരണക്കാരുടെ പ്രതീക്ഷ തെറ്റിക്കുന്നതായി. ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകളിൽ മാറ്റമില്ലെന്നാണ് പ്രഖ്യാപനം.. അതേസമയം ആദായ നികുതി റിട്ടേൺ പരിഷ്‌കരിക്കും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സമയമുണ്ടാകും. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ട്. സഹകരണ സംഘങ്ങൾക്ക് മിനിമം നികുതി 15 ശതമാനമാക്കി.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേപങ്ങൾക്ക് 14 ശതമാനം വരെ നികുതിയിളവു ലഭിക്കും. വെർച്വൽ, ഡിജിറ്റൽ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതിയുണ്ടാകും. വെർച്വൽ കറൻസി അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്. വ്യാപാര പ്രോൽസാഹന ആനുകൂല്യത്തിനും നികുതി പ്രഖ്യാപിച്ചു.

സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ പലിശ രഹിത വായ്പ, ഭവന പദ്ധതികൾക്ക് ഊന്നൽ

സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പ ബജറ്റിൽ പ്രഖ്യാപിച്ചു. കേരളം അടക്കം നിരന്തരം ആവശ്യപ്പെട്ട കാര്യമാണത്. ഇത് സംസ്ഥാനങ്ങൾക്ക് ഏറെ സഹായകരമായി മാറും. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്. അതത് സംസ്ഥാനങ്ങൾക്ക് അനുവദിക്കപ്പെട്ട വായ്പയ്ക്കു പുറമേയുള്ള പലിശരഹിത വായ്പയാണിത്. 50 വർഷമാണ് വായ്പാകാലാവധി. പ്രധാനമന്ത്രിയുടെ ഗതി-ശക്തി പദ്ധതിക്കും മറ്റു ഉത്പാദന മുതൽമുടക്കിലേക്കുമുള്ള സംസ്ഥാനങ്ങളുടെ ഇടപെടൽ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഒരു ലക്ഷം കോടി പലിശരഹിത വായ്പ ബജറ്റിൽ വകയിരിത്തിയിരിക്കുന്നത്.

രാജ്യമാകെ കോവിഡ് മഹാമാരി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഭവനപദ്ധതികൾക്ക് ബജറ്റിൽ ഊന്നൽ നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനം. പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. 2023ന് മുൻപ് 18 ലക്ഷം പേർക്ക് വീട് നിർമ്മിച്ചു നൽകും. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാൻ 60.000 കോടി നീക്കിവച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. സക്ഷം അങ്കൺവാടി പദ്ധതിയിൽ 2 ലക്ഷം അങ്കൺവാടികൾ നവീകരിക്കും. ഓഡിയോ, വിഷ്വൽ പഠനരീതികൾ കൊണ്ടുവരും. ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി 1 മുതൽ 12 വരെ ക്ലാസുകൾക്ക് പ്രത്യേകം ചാനലുകൾ ആരംഭിക്കും. പ്രാദേശിക ഭാഷകളിൽ ടെലിവിഷൻ ചാനലുകൾ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഫെവ് ജി ഇന്റർനെറ്റ് സേവനം ഈ വർഷം തന്നെ

ഫൈവ് ജി ഇന്റർനെറ്റ് സേവനം ഈ വർഷം ആരംഭിക്കുമെന്ന പ്രഖ്യാപനവും നിർമ്മല സീതാരാമന്റെ ബജറ്റിലൂണ്ട്. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. ഭൂപരിഷ്‌കരണം സാധ്യമാക്കാൻ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി സ്പെഷ്യൽ മൊബിലിറ്റി സോണുകൾ ആരംഭിക്കും. ഇ പാസ്പോർട്ട് പദ്ധതിക്ക് ഈ വർഷം തന്നെ തുടക്കമിടുമെന്നും അവർ അറിയിച്ചു. ചിപ്പുകൾ ഘടിപ്പിച്ച ഇ പാസ്പോർട്ടുകളാണ് ലഭ്യമാക്കുക.

കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങളെ ഇന്റർനെറ്റ് ബന്ധിതമാക്കുമെന്ന് കേന്ദ്ര സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനമുണ്ട്. എല്ലാ വകുപ്പുകളിലും ഇ-ബിൽ സംവിധാനം ഏർപ്പെടുത്തും. എല്ലാ പോസ്റ്റ്ഓഫീസുകളിലും കോർ ബാങ്കിങ് സംവിധാനം നടപ്പാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂനിറ്റുകൾ സ്ഥാപിക്കും. പ്രാദേശിക ബിസിനസുകാരെ സഹായിക്കാൻ 'വൺ പ്രൊഡക്ട്? വൺ സ്‌റ്റേഷൻ പദ്ധതി' നടപ്പാക്കും. പേയ്‌മെന്റുകളുടെ കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ ബിൽ സംവിധാനം അവതരിപ്പിക്കും. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലും ഈ സംവിധാനം നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.

അടുത്ത 25 വർഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം നേടി നൂറ് വർഷമാകുമ്പോഴുള്ള ഇന്ത്യയുടെ വളർച്ച മുന്നിൽ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. കോവിഡ് സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയിൽ നടത്തിയ വാക്സിനേഷൻ ഗുണം ചെയ്തതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി പരാമർശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിലെത്തിയത്.