- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കാൻ രണ്ട് ദിവസം ബാക്കിനിൽക്കേ ചീഫ് സെക്രട്ടറിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം; വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം തേടി കേന്ദ്രസർക്കാർ
തിരുവനന്തപുരം: വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ കേരളാ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ് മേൽ കേന്ദ്രസർക്കാറിന്റെ കുരുക്ക്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര ആദായനികുതി വകുപ്പ് ഉത്തരവിട്ടതാണ് ഭരത്ഭൂഷണ് വിനയായിരിക്കുന്നത്. വരവിൽ കവിഞ്ഞ സ്വത്ത
തിരുവനന്തപുരം: വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ കേരളാ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ് മേൽ കേന്ദ്രസർക്കാറിന്റെ കുരുക്ക്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര ആദായനികുതി വകുപ്പ് ഉത്തരവിട്ടതാണ് ഭരത്ഭൂഷണ് വിനയായിരിക്കുന്നത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുകയും യഥാർത്ഥ സ്വത്ത് വിവരം കേന്ദ്രസർക്കാറിൽ നിന്നും മറച്ചുവെക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ കെ ഭരത്ഭൂഷണെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
കേരളാ ചീഫ് സെക്രട്ടറിയായ ശേഷവും അതിനു മുമ്പും ഭരത്ഭൂഷണനെതരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ചീഫ് സെക്രട്ടറായിയിരുന്ന വേളയിൽ തൃശ്ശൂരിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ നടത്തിയ സ്വത്ത് ഇടപാടുകൾ ആരിലും സംശയത്തിന ഇടനൽകുന്നതായിരുന്നു. കൂടാതെ വ്യോമയാന സെക്രട്ടറിയായിരുന്ന വേളിൽ സ്വകാര്യ എയർലൈൻ ഉടമകളുമായുള്ള ബന്ധത്തിന്റെ പേരിലും ഭരത്ഭൂഷൺ ആരോപണ വിധേയനായിരുന്നു. അന്ന് നടത്തിയ സൗജന്യ യാത്രകളായിരുന്നു വിവാദത്തിന് ആധാരം. ഇങ്ങനെയുള്ള പരാതികളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സേഷന് കീഴിലുള്ള കൊച്ചിയിലെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാണ് അന്വേഷണ ഉത്തരവ് പുറത്തിറക്കിയത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും യൂണിറ്റുകൾ സംയുക്തമായാവും അന്വേഷണം നടത്തുക.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയും ധനകാര്യ ഉപദേഷ്ടാവായും പ്രവർത്തിക്കുകയും ഡയറക്ടർജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) അധികചുമതല വഹിക്കുകയും ചെയ്തകാലത്തെ ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും ആദായനികുതിവകുപ്പ് അന്വേഷിക്കുന്നത്. സ്വത്തുവകകളുടെ രേഖകൾ ഹാജരാക്കാൻ ഭരത്ഭൂഷണിന് അന്വേഷണസംഘം ഉടൻ നോട്ടീസ് നൽകും. ഭരത്ഭൂഷൺ കേന്ദ്രസർക്കാരിന് സമർപ്പിച്ച വാർഷിക സ്വത്തുവിവര രേഖകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണം.
സ്വത്തുവിവരരേഖ അപൂർണവും അവ്യക്തവുമാണെന്നും നിർബന്ധമായും വെളിപ്പെടുത്തേണ്ട വിവരങ്ങൾ മറച്ചുവച്ചതായും 2011നു ശേഷം വസ്തുക്കളിൽ നിന്നുള്ള വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും വകുപ്പിന് പരാതി ലഭിച്ചിരുന്നു. ചീഫ്‌സെക്രട്ടറി സമർപ്പിച്ച രേഖകൾ പ്രകാരം അദ്ദേഹത്തിന്റെ വാർഷിക നീക്കിയിരുപ്പ് വരുമാനം എട്ട് ലക്ഷംരൂപയിൽ താഴെയാണ്. കേന്ദ്രത്തിൽ ഡി.ജി.സി.എ ആയിരിക്കുമ്പോൾ ആദായനികുതി കിഴിവിന് ശേഷം 1.10 ലക്ഷം രൂപയോളമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളൂ. ഈ കാലയളവിൽ വാങ്ങിക്കൂട്ടിയ സ്വത്തുക്കളെക്കുറിച്ചും മുപ്പതു മുതൽ 50 ലക്ഷം രൂപവരെ ചെലവിട്ട ഹെലികോപ്റ്റർ യാത്രയെക്കുറിച്ചും അന്വേഷിക്കും.
ഉത്തർപ്രദേശിലെ നോയിഡയിലും കൊച്ചി വെല്ലിങ്ടണിലും സ്വന്തം പേരിലും ഭാര്യ രഞ്ജനാഭൂഷന്റെ പേരിലുമായി ചീഫ്‌സെക്രട്ടറിക്ക് ഫ്‌ളാറ്റുകളുണ്ട്. കൊച്ചിയിൽ സലിൽഗുപ്ത എന്നയാളിൽ നിന്ന് ചീഫ്‌സെക്രട്ടറി വാങ്ങിയ ഫ്‌ളാറ്റിൽ ഒരുലക്ഷം രൂപ മാസവാടക നൽകി ഗുപ്തതന്നെ താമസിക്കുകയാണെന്നാണ് രേഖകളിലുള്ളത്. ഫ്‌ളാറ്റിന് മൂന്നുകോടി വിലയുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. കോഴിക്കോട്ടെ കുടുംബസ്വത്ത് വിറ്റുകിട്ടിയ 35.70 ലക്ഷം രൂപ ഭരത്ഭൂഷൺ നോയിഡയിലെ ത്സാർസ്യൂട്ട്‌സിന്റെ പണിതീരാത്ത ഫ്‌ളാറ്റിന് മുടക്കിയെന്ന് സത്യവാങ്മൂലത്തിലുണ്ടെങ്കിലും ത്സാർസ്യൂട്ട്‌സിന് നോയിഡയിൽ ഭരത്ഭൂഷൺ നൽകിയ വിലാസത്തിൽ ഫ്‌ലാറ്റില്ലെന്നാണ് ഉത്തർപ്രദേശ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. തൊട്ടടുത്ത വർഷം കേന്ദ്രത്തിനു നൽകിയ സത്യവാങ്മൂലത്തിൽ ഈ ഫ്‌ലാറ്റ് സമുച്ചയവും കൊച്ചിയിലെ ഭാര്യയുടെ ഫ്‌ളാറ്റും നീക്കംചെയ്തിട്ടുമുണ്ട്.
ഭരത്ഭൂഷണിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് കേന്ദ്രവിജിലൻസ് കമ്മിഷണറുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) പ്രാഥമിക അന്വേഷണം നടത്തുകയാണ്. അടുത്തിടെ വിവാദമായ പാറ്റൂർ ഭൂമി ഇടപാട് കേസിലും ഇ കെ ഭരത്ഭൂഷന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ നിലനിന്ന കടുത്ത ഭിന്നത തന്നെയാണ് ഇകെ ഭരത്ഭൂഷണ് വിനയായിരുന്നത്. ടോം ജോസ് അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുടെ കടുത്ത നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം തന്റെ സ്വത്തിനെ കുറിച്ചുള്ള ഇടപാടുകൾ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഇ കെ ഭരത്ഭൂഷന്റെ നിലപാട്.