- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായി കേന്ദ്രം അനുവദിച്ചത് 2500 കോടി; ലഭിച്ച അപേക്ഷകൾ 250 കോടിയുടെ അപേക്ഷമാത്രം; അനുവദിച്ചത് 40 കോടിയിൽ താഴെ മാത്രം; തിരിച്ചടിയാകുന്നത് വേണ്ടത്ര പ്രചാരം ഇല്ലാത്തതും പദ്ധതി ആകർഷകമല്ലാത്തതും
മാങ്കുളം: കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം ആവിഷ്‌കരിച്ച കാർഷിക അടിസ്ഥാന ഫണ്ടിന് കേരളത്തിൽ അപേക്ഷകർ കുറവ്. പദ്ധതി നിലവിൽവന്നിട്ട് ഒരുവർഷമായി. അപേക്ഷകരിൽത്തന്നെ ചെറിയൊരു ശതമാനം പേരുടെ വായ്പയേ അനുവദിച്ചിട്ടുമുള്ളൂ. പദ്ധതി ആകർഷകമല്ല. വേണ്ടത്ര പ്രചാരം ഇല്ലെന്നതും അപേക്ഷകൾ കുറയാൻ കാരണമാണ്.
പദ്ധതിയിൽ 2500 കോടിയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കർഷക കമ്പനികൾ, കർഷക കൂട്ടായ്മകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് ബാങ്കുവഴി പ്രത്യേക വായ്പ നൽകുന്നതിനാണ് ഫണ്ട്.
രണ്ടുകോടിവരെയുള്ള വായ്പയ്ക്ക്, മൂന്നുശതമാനം പലിശസബ്സിഡി കേന്ദ്രസർക്കാർ നൽകും. ഈ പദ്ധതിയിൽ കർഷകർക്ക് നേരിട്ട് വായ്പ കിട്ടില്ല. കേരളത്തിൽ ഇതുവരെ 250 കോടിയുടെ പദ്ധതികൾക്കുള്ള വായ്പാ അപേക്ഷകൾ മാത്രമേ കിട്ടിയിട്ടുള്ളൂ. അതിൽ 40 കോടിയിൽ താഴെയേ പാസായിട്ടുമുള്ളൂ.
ഈ പദ്ധതിയിൽ സംസ്ഥാന കൃഷിവകുപ്പിന് കാര്യമായ പങ്കില്ല. സംഘങ്ങൾക്ക് ബാങ്കുകളിൽ നേരിട്ട് വായ്പയ്ക്ക് അപേക്ഷിക്കാം. പായ്ക്ക് ഹൗസ്, ഗോഡൗൺ, സംസ്‌കരണ കേന്ദ്രം, കോൾഡ് സ്റ്റോറേജ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് വായ്പ നൽകുന്നത്. പലിശയിനത്തിലുള്ള ഇളവ് നൽകുന്നെന്നല്ലാതെ മറ്റ് സഹായധനം ഒന്നും ഇല്ല.
കഴിഞ്ഞവർഷം പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽത്തന്നെ കേരളം ഇക്കാര്യം ഉന്നയിച്ചിരുന്നു. പദ്ധതിയിൽ വായ്പയ്ക്ക് ഒപ്പം ഗ്രാൻഡ് നൽകുന്നതിന് നിശ്ചിത ശതമാനം തുക മാറ്റിവെയ്ക്കണമെന്ന് അന്നത്തെ കൃഷിമന്ത്രി ആവശ്യപ്പെട്ടതാണ്. എന്നാൽ, കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ