ബംഗളൂരു: കേന്ദ്രത്തെ എതിർക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഒരു സഹായവും നൽകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഭരണഘടനയെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായം ഔദാര്യമല്ലെന്നും അത് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുജറാത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് മോദി കേന്ദ്ര നയങ്ങളെ വിമർശിക്കരുതെന്ന മുന്നറിയിപ്പ് സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നത്.

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കാത്ത ഇലക്ഷൻ കമ്മീഷൻ നടപടിയെ വിമർശിക്കുന്ന കോൺഗ്രസിനെതിരെയും മോദി രൂക്ഷവിമർശനങ്ങാണ് വഡോദരയിലെ യോഗത്തിൽ നടത്തിയത്. കോൺഗ്രസിനെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു മോദിയുടെ വിമർശനങ്ങൾ.
'അവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കാനുള്ള ഒരവകാശവും ഇല്ല. അതുപോലെതന്നെ കേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങളെ എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കുകയുമില്ല.' മോദി പറഞ്ഞിരുന്നു