ബംഗളുരു: കർണാടകയിലെ കോളേജുകളിലെ ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരായ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ. ഹൈക്കോടതി ഉത്തരവിന്റെ പൂർണ രൂപം ലഭിച്ച ശേഷം നടപടികൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാർത്ഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഈ വിലക്കാണ് ഹൈക്കോടതി ഇപ്പോൾ ശരിവെച്ചിരിക്കുന്നത്.

അതേസമയം കോടതി വിധിയെ കർണാടക മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇത് കുട്ടികളുടെ ഭാവിയുടെ വിഷയമാണ് മറ്റൊന്നും അതിനേക്കാൾ പ്രധാനപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യൂണിഫോം എന്നത് എല്ലാ വിദ്യാർത്ഥികളിലും സമത്വ ബോധം ഉണ്ടാവാൻ വേണ്ടിയുള്ളതാണെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും പ്രതികിരച്ചു.

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. 11 ദിവസമാണ് കേസിൽ കോടതി വാദം കേട്ടത്. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായികുന്നു കർണാടക സർക്കാർ നിലപാട്.

ഭരണഘടനയുടെ 25 ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്ന വാദവും സർക്കാർ ഉന്നയിക്കുന്നു. ഹിജാബ് വിഷയത്തിൽ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങൾ ധരിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഹിജാബ് വിലക്കിനെതിരായ വിദ്യാർത്ഥികളുടെ ഹരജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് സ്ഥാപിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചിരുന്നു.