ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബജറ്റ് സമ്മേളനം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ കേന്ദ്രസർക്കാർ അഭിപ്രായം അറിയിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദി. കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹയ്ക്കയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ ഇക്കാര്യം അറിയിച്ചത്

ഫെബ്രുവരി ഒന്നിനാണ് ബജറ്റ് സമ്മേളനം തീരുമാനിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബജറ്റ് സമ്മേളനം മാർച്ച് എട്ടിന് ശേഷമേ നടത്താവൂ എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തോട് പ്രതികരിക്കാൻ കാബിനറ്റ് സെക്രട്ടറിക്ക് ജനുവരി 10 വരെ സമയമുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു

ബി.എസ്‌പി നേതാവ് മായാവതിയാണ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് ബജറ്റ് പ്രഖ്യാപന നടപടികൾ മാറ്റിവെക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും ഇക്കാര്യം സർക്കാരിനോടാവശ്യപ്പെടുകയാരുന്നു. തിരഞ്ഞെടുപ്പിന് മുമ്പെ ബജറ്റ് പ്രഖ്യാപനം നടത്തിയാൽ അത് വോട്ടർമാരെ സ്വാധീനിക്കാൻ കാരണമാകുമെന്നായിരുന്നു ഇതിന് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനിരിക്കെയാണ് നസീം സെയ്ദി ഇക്കാര്യം ചൂണ്ടിക്കാട്ടി കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചത്.

2012 ൽ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടപ്പ് പ്രഖ്യാപിച്ചപ്പോൾ ബിജെപി നേതാക്കൾ ഇതേ ആവശ്യം യു.പി.എ സർക്കാരിനോടാവശ്യപ്പെട്ടതായും പ്രതിപക്ഷ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് ആവശ്യം പരിഗണിച്ച് ഫെബ്രുവരി 28ന് നടത്തേണ്ടിയിരുന്ന ബജറ്റ് സെഷൻ മാർച്ച് 16 ലേക്ക് മാറ്റുകയാണുണ്ടായത്.