ന്യൂഡൽഹി: പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ . ഇന്നലെ ചേർന്ന മന്ത്രിതല സമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബില്ല് തയ്യാറാക്കാൻ വേണ്ട സമയം അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

 പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ വൈകുന്നതിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ ദിവസങ്ങൾക്ക് മുമ്പ് അതൃപ്തി അറിയിച്ചിരുന്നു. പ്രവാസികൾക്ക് എങ്ങനെ വോട്ടവകാശം ഉറപ്പാക്കാനാകും എന്നതിൽ വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി ജനപ്രാതിനിധ്യ നിയമമാണോ അതോ തെരഞ്ഞെടുപ്പ് ചട്ടങ്ങളാണോ ഭേദഗതി ചെയ്യേണ്ടതെന്ന് അറിയിക്കണമെന്നും വെള്ളിയാഴ്ചക്കകം നിലപാട് അറിയിച്ചില്ലെങ്കിൽ പ്രവാസി വോട്ടിനായി കോടതി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് കേന്ദ്ര സർക്കാരിന് താക്കീത് നൽകിയിരുന്നു.