താണ്ട് ഒന്നര മാസത്തിലധികമായി രാജ്യം വലിയൊരു വെല്ലുവിളിയെ നേരിടുകയാണ്. രാജ്യത്ത് ഉപയോഗത്തിലിരുന്ന 85 ശതമാനം നോട്ടുകളും ഒറ്റയടിക്ക് പിൻവലിച്ചത് വഴി ഉണ്ടായ ദുരിതം ഓരോ ദിവസം ചെല്ലുന്തോറും വഷളായി വരികയാണ്. എടിഎമ്മുകളിലെയും ബാങ്കുകളിലെയും ക്യൂ കുറഞ്ഞത് പ്രശ്‌നം പരിഹരിക്കപ്പെട്ടതിന്റെ അടയാളമല്ല, നിരാശരായി കഴിയുന്ന ആളുകളുടെ അടയാളമാണ്. ഓൺലൈൻ ബാങ്കിങ്ങും ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകളും ഉള്ളവർക്ക് വലിയ പരിക്കില്ലാതെ മുൻപോട്ടു പോകാൻ സാധിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ദുരിതം അനുദിനം വഷളാകുന്നു.

ഗ്രാമങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. ഇന്നു തീരും നാളെ തീരും എന്നു പറഞ്ഞു ആളുകൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഓരോ ദിവസവും സ്ഥിതിഗതികൾ വഷളാകുന്നു. പാവപ്പെട്ടവരുടെ വിവാഹങ്ങൾ മുടങ്ങിയും വസ്തു ഇപാടുകൾ നടക്കാതെ പോവുകയും ചെയ്യുന്നത് മാത്രമല്ല, പെൻഷനും ശമ്പളവും പോലും മുടങ്ങുന്ന സ്ഥിതിയാണ്. സഹകരണ ബാങ്കുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പാവങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പെൺമക്കളെ കെട്ടിച്ചു വിടാനായി സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന പണം പോലും പിൻവലിക്കാനാകാതെയാണ് പലരും നരകയാതന അനുഭവിക്കുന്നത്.

കള്ളപ്പണത്തിനെതിരെയുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗമായി അൽപ്പം യാതനകളനുഭവിക്കാൻ മഹാഭൂരിപക്ഷം പേരും തയ്യാറായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഈ ദുരിതങ്ങൾ ഒരിക്കലും അവസാനിക്കാതെ നീളുന്നതും കള്ളപ്പണക്കാർക്ക് ഒന്നും സംഭവിക്കാത്തതും പ്രഖ്യാപനത്തിന്റെ വിശ്വാസ്യത കെടുത്തുകയാണ്. സാധാരണക്കാർക്ക് രണ്ടര ലക്ഷം രൂപയിൽ കൂടുതൽ എടുക്കാൻ സാധിക്കാതെ വരുമ്പോൾ 30 കോടി മുടക്കി കല്ല്യാണം നടത്തിയ ഒരു രാഷ്ട്രീയക്കാരൻ നമ്മുടെ കേരളത്തിലും ഉണ്ടായി എന്നോർക്കണം. എന്നു വച്ചാൽ സമ്പന്നരെ ഇതു ഒട്ടും ദോഷമായി ബാധിച്ചിട്ടില്ല എന്നർത്ഥം.

ഈ സാഹചര്യത്തിലാണ് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. പ്രാധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ പ്രതിപക്ഷത്തെ പ്രമുഖ മുഖമായ മുൻ പ്രധാനമന്ത്രി മന്മനോഹൻ സിങ് പോലും സംശയിച്ചിട്ടില്ല എന്നോർക്കണം. നോട്ടു നിരോധനം പിൻവലിക്കണം എന്നും നോട്ടു നിരോധനം അഴിമതിയാണ് എന്നും നോട്ടു നിരോധനം വഴി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമൊക്കെ പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ലെങ്കിലും രാജ്യം മുഴുവൻ നേരിടുന്ന ഒരു വലിയ പ്രശ്‌നത്തെ കുറിച്ചു അതു പ്രഖ്യാപിച്ച പ്രധാന മന്ത്രി വിശദീകരണം നൽകണം എന്നു ആവശ്യം ഉയർത്തുന്നത് സ്വാഭാവികം മാത്രമാണ്. ഈ ആവശ്യത്തോട്പ്രധാനമന്ത്രി കാട്ടിയ അവഗണന ഇന്ത്യൻ ജനാധിപത്യത്തിന് തീരാ കളങ്കമാണ് എന്നു പറയാതെ വയ്യ.

ഭരണഘടനാ ശിൽപ്പികൾ വിഭാവന ചെയ്ത ജനാധിപത്യ ക്രമത്തിൽ ഏറ്റവും ശക്തമായത് പാർലമെന്റ് തന്നെയാണ്. എപ്പോഴും പാർലമെന്റിന് കൂടാൻ സാധിക്കാത്തതുകൊണ്ടാണ് എക്‌സിക്യുട്ടീവിന് തുല്ല്യമായ അധികാരം നൽകിയിരിക്കുന്നത്. എന്നാൽ എക്‌സിക്യുട്ടീവിന്റെ എല്ലാ അധികാരങ്ങളും പാർലമെന്റിന്റെ അംഗീകാരത്തിന് വിദേയമാണ്. മൂന്നാം തൂണായ ജുഡീഷറിയാവട്ടെ എക്‌സിക്യുട്ടീവിനും പാർലമെന്റിനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഭരണഘടനകൾക്കും വിധേയമായാണോ പ്രവർത്തിക്കുന്നത് എന്നു നോക്കുവാൻ മാത്രം ചുമതലപ്പെട്ട സംവിധാനമാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് നടക്കുമ്പോൾ മാത്രമേ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകാവൂ എന്നാണ് വയ്‌പ്പ്.

[BLURB#1-VL]എന്നാൽ എല്ലായ്‌പ്പോഴും ഇതു പ്രായോഗികമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ യുക്തമായ ഒരു തീരുമാനം എടുക്കാൻ മോദിക്കു അധികാരവും ഉണ്ട്. എന്നാൽ അത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്താൽ അതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നവർക്ക് പരിഹാരം ഉണ്ടാകുകയും ഇതേക്കുറിച്ചു ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യുക കേവല മര്യാദ മാത്രമാണ്. ജനങ്ങളുടെ ശബ്ദം ഉയർന്ന് കേൾക്കേണ്ടത് പാർലമെന്റിലാണ്. പ്രതിപക്ഷം ഒരുമിച്ചു നിന്നിട്ടും പാർലമെന്റിൽ എത്താനോ ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോപ്രധാനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം അപലനീയവും ജനാധിപത്യ വിരുദ്ധവുമാണ്.

ഈ വിഷത്തിൽ എംപിമാർ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം പറയുകയും അവരുയർത്തുന്ന പ്രധാന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യാൻ കൂട്ടാക്കാതെ കുറെ ദിവസം മോദി പാർലമെന്റിലേക്ക് തിരിഞ്ഞു നോക്കിയില്ല. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ എന്തിയെങ്കിലും ഉത്തരം പറയാൻ കൂട്ടാക്കിയില്ല. എല്ലാ ഉത്തരങ്ങളും ധനമന്ത്രിയുടെ ചുമലിലേക്ക് വച്ചു മിണ്ടാതിരുന്നു. അതേ സമയം നോട്ടു പിൻവലിക്കൽ എന്ന പ്രഖ്യാപനംപ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തുകയായിരുന്നു. ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല ഈ നിലപാട് എന്നു പറയാതെ വയ്യ.

[BLURB#2-VR]പ്രധാനമന്ത്രി സഭായിൽ എത്തി വിശദീകരണം നൽകിയിരുന്നെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമായിരുന്നു. റേഡിയോ ടിവി പ്രഭാഷണത്തിൽ മാത്രം ശ്രദ്ധിച്ചു പാർലമെന്റിനെ അവഗണിക്കുന്നത് ജനാധിപത്യത്തോടുള്ള പുശ്ചത്തിന്റെ അടയാളമാണ്. എവിടെല്ലാം എന്തെല്ലാം പറഞ്ഞാലും പ്രധാന കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി ബാദ്ധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് സ്തംഭനം വഴി രാജ്യത്തുണ്ടായ നഷ്ടത്തിന് ഉത്തരവാദിയും പ്രധാന മന്ത്രി തന്നെയാണ്. പ്രതിപക്ഷത്തിന്റെ സ്തംഭനം എന്നത് എന്തിനും ഉടക്കുണ്ടാക്കുകയാണ് എന്നു എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പിടി വാശി ഉപേക്ഷിച്ച് പാർലമെന്റ് നടക്കാൻ മോദി മുൻകൈ എടുക്കേണ്ടതായിരുന്നു. ഈ പിടിവാശി രാജ്യത്തെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയുള്ളൂ.

തനിക്ക് രാജിവെയ്ക്കാൻ തോന്നുന്നുവെന്നാണ് പാർലമെന്റ് സമ്മേളനം അവസാനിക്കാന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, മുതിർന്ന ബിജെപി. നേതാവായ എൽ. കെ. അദ്വാനി പറഞ്ഞത്. ഒരു മാസം നീണ്ട ഭരണ പ്രതിപക്ഷ യുദ്ധത്തിന്റെ പര്യവസാനത്തിൽ അദ്വാനി നടത്തിയ ഈ പ്രസ്താവന പാർലമെന്റ് ശീതകാലസമ്മേളനത്തിന്റെ മുഴുവൻ ഉള്ളടക്കവും വെളിവാക്കുന്നു. നോട്ടുപിൻവലിക്കൽ വിഷയവും ആഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ വിഷയവും ഉയർത്തി ഇരുപക്ഷവും നടത്തിയ പോരാട്ടത്തിൽ ശീതകാലസമ്മേളനം പൂർണ്ണമായും ഒഴുകിപ്പോയപ്പോൾ നഷ്ടം ഉണ്ടായത് ജനങ്ങൾക്ക് മാത്രമാണ് എന്നു മറക്കരുത്. എന്നു മാത്രമല്ല നോട്ടു നിരോധനത്തെ അംഗീകരിക്കുന്നവരിൽ പലരും മോദിയുടെ ഈ നിലപാടിൽ അർത്ഥപാദരാണ്.

പതിനഞ്ചുവർഷത്തിനിടയിൽ പാർലമെന്റ് കണ്ട ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ സമ്മേളനമായിരുന്നു ശീതകാലസമ്മേളനമെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പി. ആർ. എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സംഘടന വിലയിരുത്തുന്നത്. 25 സിറ്റിങ്ങുകൾ നിശ്ചയിച്ച സമ്മേളനത്തിൽ 21 സിറ്റിങ്ങുകളുണ്ടായിരുന്നു. എന്നാൽ, ചോദ്യോത്തരങ്ങളോ നിയമനിർമ്മാണങ്ങളോ ചർച്ചകളോ അരങ്ങേറാതെ നിമിഷങ്ങൾ മാത്രം സമ്മേളിച്ച് പിരിയുകയായിരുന്നു. ലോക്‌സഭയിൽ പ്രവർത്തനക്ഷമത 17. 39 ശതമാനവും രാജ്യസഭയിൽ 20. 61 ശതമാനവും മാത്രമായിരുന്നുവെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ. ഗവേഷക സംഘങ്ങൾ അതിലും കുറവ് കണക്കുകളാണ് നൽകുന്നത്.

രാജ്യസഭയുടെ കാര്യപരിപാടിയിൽ 330 ചോദ്യങ്ങൽ ഉൾപ്പെടുത്തിയെങ്കിലും രണ്ടു ചോദ്യങ്ങൾ മാത്രമായിരുന്നു പരിഗണിച്ചത്. ലോകസഭയിൽ കേവലം 11 ശതമാനം ചോദ്യങ്ങൾ മാത്രം പരിഗണിച്ചു. അതും ഭരണകക്ഷി അംഗങ്ങൾ മാത്രമാണ് ചോദ്യോത്തരവേളയിൽ പങ്കെടുത്തത്. ജി. എസ്. ടി.യുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകൾ ഉൾപ്പെടെ 25 ബില്ലുകൾ പരിഗണിക്കാൻ സർക്കാർ നിശ്ചയിച്ചു. എന്നാൽ അംഗപരിമിതരുടെ ക്ഷേമത്തിനുള്ള ബില്ല് മാത്രമാണ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.

യുക്തിഭദ്രമെന്ന് തോന്നുന്നത് ചെയ്യാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ട്. അതിന്റെ പ്രതികരണം ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ നൽകുകയും ചെയ്യും. എന്നാൽ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും ഒക്കെ ബഹുമാനിക്കാൻപ്രധാനമന്ത്രി തയ്യാറാവണം. രാജ്യത്തിന് വേണ്ടി കഷ്ടം അനുഭവിക്കാൻ തയ്യാറായുള്ളവരെയെങ്കിലും മുഖവിലക്കെടുക്കണം. രാജ്യം ഒരു മാറ്റത്തെ മാടി വിളിക്കുന്മപോൾ അതു കൂടുതൽ സുതാര്യവും എല്ലാവരുടെയും വശം പരിഗണിച്ചുള്ളതുമാകണം. ഈ സമ്മേളന കാലത്ത് കാണിച്ച തെറ്റു ഇനിയെങ്കിലും ആവർത്തിക്കരുത്. പാർലമെന്റിന് അടുത്ത സമ്മേളനം മുടങ്ങാൻ ആരുടെയും പിടിവാശി കാരണമാകുരുത്.