ന്യൂഡൽഹി: രാജ്യത്തെ പുത്തൻ നികുതി സമ്പ്രദായമായ ജിഎസ്ടി നിലവിൽ വന്ന് ഒരു വർഷം പിന്നിടുന്ന അവസരത്തിൽ പൗരന്മാർക്ക് പ്രതിമാസം ജിഎസ്ടി വഴി ലഭിക്കുന്ന ലാഭത്തിന്റെ കണക്ക് കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രതിമാസം 8400 രൂപ ചെലവാക്കുന്ന കുടുംബത്തിൽ 320 രൂപയുടെ ലാഭമാണ് കിട്ടുന്നതെന്നാണ് ധനമന്ത്രാലയം പറയുന്നത്.

മുൻപുണ്ടായിരുന്ന നികുതി സമ്പ്രദായം വച്ച് താരതമ്യം ചെയ്യുമ്പോഴാണിത്. വാറ്റ് നിലവിലുണ്ടായിരുന്ന സമയത്ത് 8400 രൂപയുടെ ചെലവിന് 830 രൂപയാണ് നികുതി ഇനത്തിൽ പിടിച്ചിരുന്നത്. ഇപ്പോൾ ജിഎസ്ടിയുടെ സമയത്ത് 830ന്റെ സ്ഥാനത്ത് 510 രൂപ മുടക്കിയാൽ മതി. ഈ കണക്ക് വച്ച് നോക്കുമ്പോഴാണ് 320 രൂപയുടെ ലാഭമുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നത്.

ജിഎസ്ടി ലക്ഷ്യം വച്ചത്

രാജ്യത്ത് ഒറ്റ നികുതിയാക്കി മാറ്റുക അതായത് ഒരേ സാധനത്തിന് ഒന്നിലധികം നികുതി പിരിച്ചെടുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് നികുതികളുടെ ഊരാക്കുടുക്കിൽ നിന്നും വ്യാപാര മേഖലയേയും പൊതു ജനങ്ങളും വീർപ്പു മുട്ടാതെ രക്ഷപെടുത്തുക. നികുതിയുടെ പരിധിയിലേക്ക് അധികമാളുകളെ എത്തിച്ച് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുക, പുത്തൻ സംരംഭകർക്കും വ്യവസായികൾക്കും വ്യാപാര മേഖലയിലെ പ്രതിസന്ധികളിൽ നിന്നും മോചനം നൽകി മികച്ച സാഹചര്യം ഒരുക്കുക തുടങ്ങിയവയായിരുന്നു ജിഎസ്ടി നടപ്പാക്കിയതുകൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിച്ചത്.

എന്നാൽ ഉദ്ദേശിച്ചതിന് പുറമേയുള്ള ഗുണങ്ങളും ഇതിൽ നിന്നും ലഭിച്ചിരുന്നു. വിവിധ നികുതികൾക്ക് പുറമേ കമ്പനികൾ ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്ന പരിപാടിക്കും ജിഎസ്ടി വന്നതോടെ പൂർണമായും തിരശീല വീണു. സർക്കാരിന് വൻ നഷ്ടമുണ്ടാക്കുന്ന നികുതി വെട്ടിപ്പ് തടയുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ഉൽപാദന മേഖലയിൽ നികുതി ഈടാക്കാത്തതുകൊണ്ട് ജിഡിപി വർധിക്കുമെന്നും പ്രതീക്ഷയുണ്ട്. അന്തര സംസ്ഥാന വ്യാപാരം നടക്കുന്ന് വേളയിലെ അമിത നികുതിക്ക് അവസാനം എന്നിവയും ലക്ഷ്യങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഇവയ്ക്ക് പുറമേ സേവന നികുതി, ചരക്ക് സേവന സർചാർജ്, എക്സൈസ്, അഡീഷണൽ എക്സൈസ് തീരുവ, വാറ്റ്, വിനോദ നികുതി, സംസ്ഥാന സെസ് തുടങ്ങി നികുതികളുടെ ഒരു നീണ്ട നിരയ്ക്ക് തന്നെ അവസാനമിട്ടാണ് ജിഎസ്ടി കടന്ന് വന്നത്. മാത്രമല്ല ഉൽപന്നങ്ങൾക്ക് 5,12, 18,22 എന്നിങ്ങനെ ജിഎസ്ടി സ്ലാബുകളും നിശ്ചയിച്ചു.