കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു.

റെയിൽവേ ഭൂമിയിൽ മഞ്ഞക്കല്ലിടരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. കെ റെയിൽ മാഹിയിലൂടെ കടന്നു പോകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അലൈന്മെന്റ് അന്തിമമായിട്ടില്ല. പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ അനുമതി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉയർത്തിയ വാദമുഖങ്ങൾക്ക് ഘടകവിരുദ്ധമായാണ് കേന്ദ്ര സർ്ക്കാർ വിഷയത്തിൽ നിലപാട് അറിയിച്ചത്.

അതേസമയം സർവേ നടക്കുന്ന ഭൂമിക്ക് വായ്പ ലഭ്യമാകുന്നതിൽ പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. സിൽവർ ലൈൻ സർവ്വേ നടന്ന സ്ഥലങ്ങളിൽ ബാങ്ക് വായ്‌പ്പ് നിഷേധിച്ച സംഭവത്തിൽ ആവശ്യമെങ്കിൽ ഇടപെടും. ആവശ്യമെങ്കിൽ പ്രത്യേക ഉത്തരവിറക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കെ റെയിൽ കല്ലിടലിനെതിരായ ഹർജികൾ ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കും.

സിൽവർലൈൻ പദ്ധതിയിൽ സർക്കാരിനോട് ഹൈക്കോടതി നേരത്തെ വ്യക്തത തേടിയിരുന്നു.നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിൽവർലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ, സർവ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവ്വേസ് ആൻഡ് ബൗണ്ടറീസ് ആക്ടിൽ വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്.

സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്‌നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു

വ്യാപക ജനരോഷത്തിനിടയിലും കെ റെയിൽ കല്ലിടലുമായി മുൻപോട്ടു പോയിരുന്ന സർക്കാർ കേന്ദ്രസർക്കാരിൽ നിന്ന് അനുമതിയുണ്ടെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഇതാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്. കല്ലിടലുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ തന്നെ വിശ്വാസ്യതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

കെ-റെയിലിൽ കേന്ദ്ര-സംസ്ഥാന സർക്കാരിനോട് നാല് ചോദ്യങ്ങളാണ് ഹൈക്കോടതി ഇന്നലെ ഉന്നയിച്ചത്. സംഭവത്തിൽ ഇന്ന് മറുപടി നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്, സമൂഹികാഘാത പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ, പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ സർവ്വേ നടത്താൻ അധികാരമുണ്ടെന്നായിരുന്നു കെ റയിൽ വിശദീകരണം.

സിൽവർ ലൈൻ അതിരടയാളക്കലിടുന്നതുമായി ബന്ധപ്പെട്ട നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചപ്പോളാണ് നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി പറഞ്ഞത്. സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ?, സർവ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവ്വേസ് ആൻഡ് ബൗണ്ടറീസ് ആക്ടിൽ വ്യക്തമാക്കിയ അളവിലുള്ളതാണോ?, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ? കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്.

സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്‌നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലെ എന്നും കോടതി ആരാഞ്ഞു. എന്നാൽ പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും സർവ്വേ നടത്താനും സ്വകാര്യ ഭൂമിയിൽ കയറാൻ അധികാരമുണ്ടെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ആരെയും ഭയപ്പെടുത്തിയല്ല സർവ്വേ നടത്തുന്നത്. പൊലീസ് എത്തിയത് സർവ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങൾ കേട് വരുത്തുകയും ചെയ്‌തെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു.

എറണാകുളം അങ്കമാലിയിൽ കെ റെയിൽ പദ്ധതിക്കായി കുറ്റിയിട്ട പ്രദേശങ്ങളിലെ നാട്ടുകാർക്ക് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമെ ലോൺ നൽകുവെന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ നൂറുകണക്കിന് ആളുകളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അനുമതി പത്രം നൽകാൻ സർക്കാർ നിർദ്ദേശമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

പുളിയനം സ്വദേശിയായ പൗലോസ് പുതിയ വീടുപണിയാൻ പഴയത് പൊളിച്ചു മാറ്റിയത് സിൽവൻ ലൈൻ സർവേ തുടങ്ങും മുമ്പാണ്. ലോൺ നൽകുമെന്ന ബാങ്കിന്റെ ഉറപ്പുകേട്ടാണ് പൊളിച്ചത്. സിൽവർലൈൻ കുറ്റിനാട്ടിയതോടെ ബാങ്കുകാരുടെ മട്ടുമാറി. ഭൂമി ഈടായി നൽകാൻ ഏതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ഇതു നൽകാനാണെങ്കിൽ റവന്യുവകുപ്പ് തയാറുമല്ല

ഇത് പൗലോസിന്റെ മാത്രം പ്രശ്‌നമല്ല. സിൽവർ ലൈനിനായി സർവേ നടത്തി കല്ല് നാട്ടിയ മിക്കയിടങ്ങളിലുമുണ്ട് ഇതെ പ്രതിസന്ധി. ഈ വിഷയത്തിൽ സർക്കാർ ഒരു കൃത്യത വരുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഒന്നുകിൽ പദ്ധതി പ്രദേശത്തെ ആളുകൾക്ക് ലോൺ നൽകുന്നതിന് തടസമില്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കണം. അല്ലെങ്കിൽ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് നൽകാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണം. രണ്ടും നടന്നില്ലെങ്കിൽ റവന്യു ഓഫീസുകൾക്ക് മുന്നിലേക്ക് സമരം നീട്ടുന്ന കാര്യം സമരസമിതികൾ ആലോചിക്കുന്നുണ്ട്.