പത്തനംതിട്ട: ബലാത്സംഗം ഭയന്ന് ജോസ് പ്രകാശിന്റെ വീട്ടിൽനിന്ന് ഇറങ്ങിയോടി ബാലൻ കെ. നായരുടെ മുന്നിൽ ചെന്നു പെട്ട നായികയെപ്പോലാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി(രാഷ്ട്രീയ സ്വാസ്ത്യ ബിമാ യോജന)യുടെ കാർഡ് പുതുക്കൽ. ഇത്രയും നാൾ റിലയൻസ് ഇൻഷ്വറൻസ് കമ്പനി ചെയ്തു കൊണ്ടിരുന്ന പടമെടുപ്പും പുതുക്കലും ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് ഐ.സിഐസി ഐ കമ്പനിയാണ്.

എങ്ങനെയും പരമാവധി ആളുകളെ പദ്ധതിയിൽ നിന്ന് വെട്ടിനിരത്താൻ കമ്പനി ലക്ഷ്യമിടുമ്പോൾ സംസ്ഥാനത്തെ പുതുക്കൽ കേന്ദ്രങ്ങളിൽ സംഘർഷവും കൈയാങ്കളിയും പതിവാകുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന ധാരണയിലാണ് ഇൻഷ്വറൻസ് പദ്ധതി അട്ടിമറിക്കുന്നത്.

കഴിഞ്ഞ വർഷം സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി റിലയൻസ് ഇൻഷ്വറൻസ് കമ്പനിയാണ് നടത്തിയതെങ്കിൽ ഇത്തവണ അത് ഐസിഐസിഐ ഇൻഷ്വറൻസ് കമ്പനിയാണ് നടപ്പാക്കുന്നത്. പരമാവധി ഗുണഭോക്താക്കളെ കുറയ്ക്കുക എന്നതാണ് ഇൻഷ്വറൻസ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇൻഷ്വറൻസ് പദ്ധതിയുടെ ഫോട്ടോ എടുക്കുന്നതിന്റെ അറിയിപ്പ് യഥാസമയം നൽകുന്നില്ല. ഫോട്ടോ എടുക്കുന്നതും രജിസ്‌ട്രേഷൻ പുതുക്കുന്നതും മറ്റൊരു ഏജൻസിക്ക് പുറം കരാർ നൽകിയാണ് നടപ്പാക്കുന്നത്.

കഴിഞ്ഞ മൂന്നു വർഷവും കുടുംബശ്രീ നേതൃത്വത്തിലാണ്  അറിയിപ്പ് കൊടുക്കുകയും  രജിസ്‌ട്രേഷൻ നടത്തുകയും ചെയ്തിരുന്നത്. ഇവർക്ക് ഈ മൂന്ന് വർഷത്തെയും ഫീസ് ബന്ധപ്പെട്ട ഇൻഷ്വറൻസ് കമ്പനി നൽകിയിട്ടില്ല. അതിനാൽ ഇത്തവണ ആശാ പ്രവർത്തകരുടെ സഹായത്തോടെയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഒരു പഞ്ചായത്തിലും രേഖാമൂലം അറിയിപ്പ് നൽകുകയോ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.

ഇതിന്റെ ഫലമായി വിവിധ പഞ്ചായത്തുകളിൽ ഫോട്ടോയെടുപ്പ് വലിയ തർക്കത്തിൽ കലാശിച്ചു. ചിലയിടങ്ങളിൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഗ്രാമീണ മേഖലകളിൽ അനൗൺസ്‌മെന്റ് നടത്താതെ പ്രധാന റോഡിൽ മാത്രം അനൗൺസ്‌മെന്റ് നടത്തി ഫോട്ടോയെടുക്കുന്ന വിവരം ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാനാണ് ഏജൻസിയുടെ ശ്രമം.
ഒരു കുടുംബത്തിൽ നിന്നെത്തിയ മൂന്നു പേരിൽ ഒരാളുടെ ഫോട്ടോ മാത്രം എടുത്തും ഇൻഷ്വറൻസ് ഏജൻസി അധികൃതർ കലിപ്പ് തീർക്കുന്നുണ്ട്.

ഇൻഷ്വറൻസിന്റെ ഫോട്ടോ എടുക്കുന്ന പലയിടത്തും ഇപ്പോൾ സംഘർഷത്തിന്റെ നിലയിലേക്ക് മാറുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ജന പ്രതിനിധികളുടെ പരാതി. ഒരു രജിസ്‌ട്രേഷന് തന്നെ പത്ത് മിനിട്ട് സമയം ആവശ്യമാണ് എന്നിട്ടും അധികൃതർ ഫോട്ടോ എടുക്കാനായി ഒരു കംപ്യൂട്ടർ മാത്രമാണ് കൊണ്ടുവരുന്നത്. ഇതേ തുടർന്നാണ് ക്യൂ അനന്തമായി നീളുന്നത്. വിവരം അറിയാതെ ഫോട്ടോ എടുക്കാനെത്തുന്ന പലരും മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഗുണഫലങ്ങൾ സാധാരണക്കാരിലെത്തിക്കാതിരിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.