തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര വിഹിതം ചെലവിടാനുള്ള ഉത്തരവാദിത്തം സെക്രട്ടറിമാർക്കു മാത്രമായി ചുരുക്കിയ നിബന്ധന കേരളത്തിലെ പദ്ധതിനിർവഹണം തടസ്സപ്പെടുത്തുന്നു. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കേന്ദ്ര ധനകാര്യ കമ്മിഷൻ വിഹിതമായി ലഭിക്കുന്ന തുക വിവിധ പദ്ധതികൾക്കായി നീക്കിവച്ച് അതതു നിർവഹണ ഉദ്യോഗസ്ഥരാണു കേരളത്തിൽ ചെലവിട്ടിരുന്നത്. എന്നാൽ ഈ വർഷം മുതൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുതിയ നിബന്ധന ഇറക്കുകയായിരുന്നു.കേന്ദ്ര പദ്ധതികളുടെ ചെലവഴിക്കൽ സുതാര്യമാക്കാൻ കൊണ്ടുവന്ന ഇ ഗ്രാമസ്വരാജ് പോർട്ടലിൽ കേന്ദ്ര സർക്കാർ ഈ നിബന്ധന വ്യക്തമാക്കിയിട്ടുണ്ട്.

കൃഷി മൃഗസംരക്ഷണ ഫിഷറീസ് ഓഫിസർമാർ, എൻജിനീയർ, ഐസിഡിഎസ് സൂപ്പർവൈസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ, സ്‌കൂൾ ഹെഡ്‌മാസ്റ്റർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ തുടങ്ങിയവരാണു നിർവഹണ ഉദ്യോഗസ്ഥർ. പുതിയ നിബന്ധന വന്നതോടെ ഇവർക്ക് ഇനി കരാറുകാരനോ ഗുണഭോക്താവിനോ പണം കൈമാറാനാകില്ല. സെക്രട്ടറിക്കു മാത്രമേ അതിനു സാധിക്കൂ.

പദ്ധതി വിവരങ്ങളും തുക വിനിയോഗവും എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതിൽ രേഖപ്പെടുത്തണം. കേരളത്തിലെ ഇപ്പോഴത്തെ രീതി അനുസരിച്ച്, ഒരു പദ്ധതിക്കായി പണം ചെലവഴിക്കുമ്പോൾ കുറയ്‌ക്കേണ്ട നികുതികൾ, മറ്റു നടപടിക്രമങ്ങൾ എന്നിവയെല്ലാം നിർവഹണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, കേന്ദ്ര നിബന്ധന നടപ്പായാൽ ഇതെല്ലാം തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഏറ്റെടുക്കേണ്ടി വരും.

നിർവഹണ ഉദ്യോഗസ്ഥൻ ഒരാളും ഉത്തരവാദിത്തം മുഴുവൻ സെക്രട്ടറിക്കും എന്ന നിലയിലേക്കു കാര്യങ്ങൾ മാറുന്നതു കേരളത്തിന്റെ പദ്ധതി നിർവഹണത്തെ ബാധിക്കുമെന്നാണ് ആശങ്ക. തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു നിർവഹണ ഉദ്യോഗസ്ഥൻ മാത്രമുള്ള മറ്റു സംസ്ഥാനങ്ങളിലെ രീതി കേരളത്തിൽ പ്രായോഗികമല്ലെന്നും കേന്ദ്രത്തെ അറിയിച്ചെങ്കിലും അനുകൂല പ്രതികരണമില്ല.

കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ ഓരോ തദ്ദേശ സ്ഥാപനവും ആരംഭിക്കാനുള്ള നിർദ്ദേശം കേരളം നടപ്പാക്കിയിരുന്നു. മുൻപ് സംസ്ഥാന ട്രഷറി വഴിയായിരുന്നു ഇടപാടുകൾ.