കൊച്ചി: ഇടുക്കി എയർ സ്ട്രിപ്പിനെ എതിർത്ത് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. റൺവേ പെരിയാർ കടുവ സങ്കേതത്തിന് ഭീഷണിയാണന്ന് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വിശദീകരിച്ചു. കടുവാ സങ്കേതത്തിന് അര കിലോമീറ്റർ അടുത്താണ് എയർ സ്ട്രിപ്പെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

പദ്ധതിക്ക് വനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.വണ്ടിപ്പെരിയാർ സത്രത്ത് നിർമ്മിക്കുന്ന എയർസ്ട്രിപ്പ് നിർമ്മാണത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം നിലപാടറിയിച്ചത്. എയർസ്ട്രിപ്പ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചോലവന പ്രദേശത്താണന്നും പക്ഷികളുടെയും മൃഗങ്ങളുടേയും സ്വൈരവിഹാരത്തിനും ഇര തേടലിനും തടസമാണന്നും വകുപ്പിന്റെ റിപ്പോർട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

മതിയായ അനുമതി ഇല്ലാതെയാണ് നിർമ്മാണം എന്നാരോപിച്ച് തൊടുപുഴ സ്വദേശി എം.എൻ ജയചന്ദ്രൻ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. റവന്യൂ വകുപ്പ് നൽകിയ 12 ഏക്കർ സ്ഥലത്താണ് എയർ സ്ട്രിപ്പ് നിർമ്മാണം. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. എൻസിസി കേഡറ്റുകൾക്ക് വിമാനം പറത്താൻ പരിശീലനം നൽകുന്നതിനാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്.