ന്യൂഡൽഹി: രാജ്യത്തെ പുത്തൻ നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നിലവിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഈടാക്കുന്ന നികുതി നിരക്ക് കുറയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക് ഉപകരണങ്ങളായ എസി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിജിറ്റൽ ക്യാമറ, വീഡിയോ ഗെയിം എന്നിവയുടെ നിരക്ക് കുറച്ചാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ആശ്വാസം പകരാൻ ഒരുങ്ങുന്നത്. ഇവയടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്ക് ഇപ്പോൾ നികുതി നിരക്ക് 28 ശതമാനമാണ്.

നികുതി 18 ശതമാനമോ അതിൽ താഴെയോ ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിലിൽ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

വാട്ടർ ഹീറ്റർ, പെയിന്റുകൾ, പെർഫ്യൂമുകൾ, ട്രാക്ടറുകൾ, വാഹനങ്ങളുടെ ഘടകങ്ങൾ, വാക്വം ക്ലീനറുകൾ, ഹെയർ ക്ലിപ്പുകൾ, ഷേവറുകൾ, സിമന്റ്, പുട്ടി, വാർണിഷ്, മാർബിൾ തുടങ്ങിയവയ്ക്കും വിലകുറയുമെന്നാണ് വിവരം. പരമാവധി ഉതപന്നങ്ങളെ ഭാവിയിൽ 15 ശതമാനം നികുതി നിരക്കിൽ എത്തിക്കുമെന്നാണ് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞിരുന്നത്.

ആഡംബര വാഹനങ്ങൾ, ഉല്ലാസ നൗകകൾ, സ്വകാര്യ വിമാനങ്ങൾ, സിഗരറ്റ്, പാന്മസാല, പുകയില ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് നിലവിലുള്ള 28 ശതമാനം തുടരും. 99 ശതമാനം വസ്തുക്കളുടെയും നികുതി നിരക്ക് പരമാവധി 18 ശതമാനത്തിൽ പരിമിതപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ നികുതി കുറയുമെന്ന സൂചനകൾ പുറത്ത് വന്നിരുന്നു.