ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതും രാജ്യത്തെ മൂന്ന് പൊതു മേഖലാ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ട്. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ യോജിപ്പിച്ചുകൊണ്ടാണ് പുതിയ ബാങ്ക് രൂപീകരിക്കാൻ നീക്കം നടത്തുന്നത്.

ലയനവിഷയം സംബന്ധിച്ച് മൂന്ന് ബാങ്കുകളുടെയും അധികൃതരുമായി വിശദമായി ചർച്ച ചെയ്യുമെന്ന് ധനകാര്യ വകുപ്പ് ഉന്നത വൃത്തങ്ങൾ സൂചന നൽകി.കഴിഞ്ഞ പൊതുബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബാങ്കുകളെ ലയിപ്പിക്കാനുള്ള സർക്കാർ നീക്കം. ബാങ്കുകൾ ലയിപ്പിച്ച് പ്രവർത്തനമേഖല വിപുലീകരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചു.

അതേസമയം, ജീവനക്കാരുടെ സേവന - വേതന വ്യവസ്ഥകളിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.ബാങ്കിങ് മേഖലയിൽ പരിഷ്‌കരണങ്ങൾ ആവശ്യമാണെന്നും സർക്കാർ ബാങ്കുകളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാട്ടുന്നുണ്ടെന്നും ഫിനാൻഷ്യൽ സർവ്വീസസ് സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.