തിരുവനന്തപുരം: പാലോട്ടുള്ള ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനും ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടും (ജെ.എൻ.റ്റി.ബി.ജി.ആർ.ഐ) കേന്ദ്രഗവൺമെന്റ് ഏറ്റെടുക്കണമെന്ന സംസ്ഥാന ഗവൺമെന്റിന്റെ അഭ്യർത്ഥന അനുകൂലമായി പരിഗണിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ഹർഷ വർദ്ധൻ പറഞ്ഞു.   ഈ നിർദ്ദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എന്തു ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ജെ.എൻ.റ്റി.ബി.ജി.ആർ.ഐ യിലെ ശാസ്ത്രജ്ഞരും, സംസ്ഥാന ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.  ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പവർപോയിന്റ് പ്രസന്റേഷൻ മന്ത്രി വീക്ഷിച്ചു.  മൃഗങ്ങളും സസ്യങ്ങളും തമ്മിലുള്ള ഇടപഴകൽ, അടിസ്ഥാന സസ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനും, ജൈവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഉയർന്ന തലത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് വിവിധ ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടുകളുമായി സഹകരിക്കുന്നതിനും, ഇൻസ്റ്റിറ്റിയൂട്ടിന്റെ വിപുലവും അമൂല്യവുമായ സസ്യശേഖരം സംരക്ഷിക്കുന്നതിന് വർദ്ധിച്ച സാമ്പത്തിക സഹായത്തിനും വേണ്ടിയിട്ടാണ് സ്ഥാപനം കേന്ദ്രഗവൺമെന്റ് ഏറ്റെടുക്കണമെന്ന നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത്.

എ. സമ്പത്ത് എംപി, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് കെ. ദാസ്, ജെ.എൻ.റ്റി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ.പി.ജി. ലത തുടങ്ങിയവർ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.