കൊച്ചി: ജെഎൻയു വിവാദവുമായി ബന്ധപ്പെട്ടു നടൻ മോഹൻലാൽ രാജ്യസ്‌നേഹ ബ്ലോഗെഴുതിയതിനു പിന്നിൽ ആനക്കൊമ്പു കേസോ? ബിജെപി നിലപാടിനു പിന്തുണയുമായി ബ്ലോഗെഴുതിയ താരത്തിനെതിരായ ആനക്കൊമ്പു കേസിൽ ഇളവു നൽകിയിരിക്കുകയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.

വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് കൈവശം വയ്ക്കുന്നവർ അത് വെളിപ്പെടുത്തിയാൽ അവർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാമെന്ന ചട്ടപ്രകാരമാണ് മോഹൻലാലിന് ഇളവ് നൽകുന്നത്.
ഈ വ്യവസ്ഥകൾ സംബന്ധിച്ച് പുതിയ സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്ന് മോഹൻലാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് മുന്നിൽ ഹാജരായി കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരം ധരിപ്പിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോൾ പരിശോധിച്ചുവരികയാണ്. നടപടികൾ പൂർത്തിയായാൽ മോഹൻലാലിന് ആനക്കൊമ്പുകൾ സൂക്ഷിക്കാനുള്ള അനുമതി ലഭിക്കുമെന്ന് വനം പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്സ്‌പ്രസ് പത്രമാണു റിപ്പോർട്ട് ചെയ്തത്.

മോഹൻലാലിന്റെ തേവരയിലെ വസതിയിൽ 2011ൽ നടത്തിയ ആദായനികുതി റെയ്ഡിലാണ് രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്. പരിശോധനയിൽ പിടികൂടിയ ആനക്കൊമ്പ് മോഹൻലാലിന്റെ ഉടമസ്ഥതയിലല്ലെന്നും വനംവകുപ്പിന് കൈമാറിയ ആനക്കൊമ്പുകൾ പിന്നീട് ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നും വാർത്തകളുണ്ടായിരുന്നു.

മോഹൻലാൽ നേരത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ആനക്കൊമ്പുകൾ കൈവശം സൂക്ഷിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ആനക്കൊമ്പുകൾ തന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതല്ലെന്നും, ലൈസൻസ് സുഹൃത്തുക്കളുടെ പേരിലാണെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സ്റ്റേറ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡനു മുന്നിൽ വിവരങ്ങൾ സമർപ്പിക്കാൻ നിർദേശമുണ്ടായതും, മോഹൻലാലിനായി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓം പ്രകാശ് കാലേർ പറയുന്നു.

അതേസമയം മോഹൻലാലിന്റെ വീട്ടിൽ നിന്നും 13 ജോഡി ആനക്കൊമ്പുകളാണ് റെയ്ഡിൽ പിടികൂടിയതെന്നും എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ ഇക്കാര്യങ്ങൾ വ്യക്തമായി ധരിപ്പിച്ചിട്ടില്ലെന്നും, കേസ് അഞ്ചുവർഷം പിന്നിട്ടിട്ടും സംസ്ഥാന വനം വകുപ്പ് വിശദമായ ചാർജ് ഷീറ്റ് പോലും നൽകിയില്ലെന്നും പൈതൃക മൃഗ സംരക്ഷണ സമിതിയുടെ സെക്രട്ടറി വി.കെ വെങ്കിടാചലവും വ്യക്തമാക്കുന്നു.

അനധികൃതമായി വന്യജീവികളെയോ, അതുമായി ബന്ധപ്പെട്ട വസ്തുക്കളോ കൈവശം സൂക്ഷിച്ചവർക്ക് അത് സർക്കാരിനെയോ, ബന്ധപ്പെട്ട വകുപ്പിനെയോ അറിയിക്കാൻ 2003ൽ കേന്ദ്രം അനുമതി നൽകിയിരുന്നു. തുടർന്നും സർക്കാരിന്റെ അനുമതിയോ, ലൈസൻസോ ഇല്ലാതെ ഇവ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയാണ് മോഹൻലാലിനായി വീണ്ടും കേസിൽ ഉപയോഗിച്ചിരിക്കുന്നത്.