ന്യൂഡൽഹി: ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കടുത്ത നടപടികളടങ്ങിയ നിർദ്ദേശങ്ങളുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി.നദി മലിനമാക്കുന്നവർക്കെതിരെ ഏഴു വർഷം വരെ തടവും 100 കോടി രൂപ വരെ പിഴയും ശിക്ഷയായി നൽകണമെന്നാണ് പ്രത്യേക സംഘത്തിന്റെ നിർദ്ദേശം.ഗംഗയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുക, അനധികൃതമായി ഗംഗയുടെ തീരങ്ങൾ കയ്യേറുക, നദിയിൽ മാലിന്യം തള്ളുക തുടങ്ങിയ എല്ലാ പ്രവൃത്തികളും ഈ നിയമത്തിനുള്ളിൽ വരും.

റിട്ടയേർഡ് ജസ്റ്റിസ് ഗിരിധർ മാളവ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നിർദ്ദേശങ്ങൾ.ഗംഗയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്ററിൽ 'ജലസംരക്ഷണ' മേഖലയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്യുന്നു.

നിർദ്ദേശങ്ങൾ പ്രാവർത്തികമായാൽ ഗംഗാ നദിയിൽ നിന്നുള്ള മണൽവാരലും മൽസ്യബന്ധനവും കർശനമായി നിരോധിക്കും. ഇത് ലംഘിക്കന്നവർക്ക് അഞ്ചു വർഷം വരെ ജയിൽ ശിക്ഷയോ 50,000 രൂപ വരെ പിഴയോ നേരിടേണ്ടി വരും.നദീതീരത്തെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് രണ്ടുവർഷം തടവും 100 കോടി രൂപവരെ പിഴയും ശിക്ഷയായി നൽകേണ്ടിവരും.

ഗംഗാ നദിയിലോ അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലോ ചെറിയ ജെട്ടികളോ, തുറമുഖങ്ങളോ നിർമ്മിക്കാനാവില്ല.ഈ നിയമം തെറ്റിക്കുന്നവർക്ക് ഒരു വർഷം തടവും 50 കോടി രൂപവരെ പിഴയും ശിക്ഷ.

ഗംഗാ സംരക്ഷണ ബിൽ 2017 എന്നപേരിൽ പ്രത്യേക ബില്ലും പിന്നീട് നിയമവും രൂപീകരിക്കാനാണ് തീരുമാനം.