- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരംമുറി കേസിൽ ഇടപെട്ട് കേന്ദ്രം; ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി; കേന്ദ്രത്തിന്റെ ഇടപെടൽ വിഷയം ചൂണ്ടിക്കാട്ടി വി മുരളീധരൻ കത്തയച്ചതിന് പിന്നാലെ
തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്ന് ജാവദേക്കർ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ ഗുഢാലോചനയെന്ന് സംശയമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി.
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. നേരത്തെ ഡൽഹിയിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മരംമുറി വിഷയത്തിൽ കേന്ദ്രമന്ത്രിയെ കാണുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും സുരേന്ദ്രൻ വിട്ടുനിന്നു. വി മുരളീധരൻ മാത്രമാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.നേരത്തെ മുട്ടിൽ മരംമുറിക്കേസിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജാവഡേക്കറിന് കത്ത് നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
കോടികളുടെ അനധികൃത മരംമുറിക്കു പിന്നിൽ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായി സംശയിക്കുന്നു. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന അന്വേഷണത്തിനേ വസ്തുതകൾ പുറത്തുകൊണ്ടുവരാനാകൂ എന്ന് കത്തിൽ പറയുന്നു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനംവകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം കൊടകര കുഴൽപ്പണം, കോഴ വിവാദങ്ങളെ പ്രതിരോധിക്കാൻ മുട്ടിൽ മരം മുറി ആയുധമാക്കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ നീക്കം. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തിൽ ബിജെപി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്ന് വന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കി മറ്റ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ബിജെപി.
മറുനാടന് മലയാളി ബ്യൂറോ