മലപ്പുറം: കോട്ടക്കലിനടുത്ത പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞികുഴിങ്ങരയിൽ രൂപപ്പെട്ട ഭൂമിയുടെ പ്രതിഭാസം കാണാൻ എത്തുന്നത് വൻ ജന പ്രവാഹമാണ്. ഭൂമിയും വീടും പിളർന്നു വരുന്ന അത്ഭുതമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് ശാസ്ത്രീയമായി പഠിക്കാൻ കേന്ദ്രത്തിൽ നിന്നുള്ള അഞ്ചംഗ സംഘം എത്തി പരിശോധന നടത്തി.

മുമ്പ് ചെറിയ വിള്ളലുകളായിരുന്നു.എന്നാൽ കാലക്രമേണ ഭൂമിയുടെ പിളർപ്പ് കൂടി വരികയായിരുന്നു. ഇതോടെ അത്ഭുത പ്രതിഭാസം കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്നും ജനങ്ങളും എത്തിത്തുടങ്ങി. എന്നാൽ വിള്ളൽ ആദ്യം രൂപാന്തരപ്പെട്ടപ്പോൾ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും ആരും ഗൗനിച്ചിരുന്നില്ല. ക്രമേണ വിള്ളൽ കൂടിയപ്പോൾ നാട്ടുകാർക്ക് ആശങ്ക വർധിച്ചു. ഭൂമിയുടെ ഈ പ്രതിഭാസത്തിന് പിന്നിൽ എന്താണെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർക്കും നിശ്ചയമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. അത്ഭുതം കാണാനെത്തിയവരും നാട്ടുകാരും ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോൾ പ്രതിഭാസം എന്തുകൊണ്ട് സംഭവിക്കുന്നു എന്നറിയാനുള്ള ആകാംക്ഷയിലാണ്.

ദുരന്തനിവാരണ ജില്ലാ അഥോറിറ്റിയും കളക്ടറും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ അഞ്ചംഗ സംഘത്തിനെ ശാസ്ത്രീയ പഠനം നടത്തുന്നതിനായി നിയോഗിക്കുകയായിരുന്നു. വിദഗ്ധ സംഘം ഇപ്പോൾ പരിശോധന നടത്തി വരികയാണ്. നാട്ടുകാർക്ക് ആശങ്ക ഏറിയതോടെ ജില്ലാ കലക്ടറും റവന്യു ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.

നിലവിൽ 70 മീറ്ററിലധികം ആഴത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. പരിസരത്തെ വീടുകളിലേക്കും വിള്ളൽ വ്യാപിച്ച സ്ഥിതിയാണ്. ഇതു കൂടാതെ ഭൂമി ഒരു ഭാഗത്ത് താഴ്ന്നുപോകുന്നത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നു. ഇടയ്ക്ക് ഭൂമിക്കടിയിൽ നിന്ന് ശബ്ദവും കേൾക്കുന്നുണ്ടെന്ന് നാട്ടുകാർ മറുനാടൻ മലയാളിയോടു പറഞ്ഞു. നേരത്തേ വിള്ളലുണ്ടായതിനെ തുടർന്ന് ഒരു വീട് പൊളിച്ചുമാറ്റേണ്ടി വന്നിട്ടുണ്ട്. പൊട്ടച്ചോല റഹീമിന്റെ തകർന്ന വീടും സ്ഥലവുമാണ് ഇപ്പോൾ വിദഗ്ധ സംഘം പരിശോധിച്ചു കൊണ്ടിരിക്കുന്നത്. വീടിന്റെ നഷ്ട പരിഹാരം കണക്കാക്കി വിശദമായ റിപ്പോർട്ട് നൽകാൻ പി.ഡബ്ല്യു.ഡി എഞ്ചിനീയറോട് ജില്ലാ കളക്ടർ അമിത് വീണ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പൊലീസ് ടാഗ് കെട്ടി സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കാൻ കളക്ടർ എസ്‌ഐക്ക് നിർദ്ദേശം നൽകി.