- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർവകലാശാലയിലെ ചുമതലയിൽ ഇരുന്ന് സംഘ്പരിവാർ പരിപാടിയെന്ന് ആക്ഷേപം; മുൻ പ്രോ വൈസ് ചാൻസലർ ഡോ കെ.ജയപ്രസാദിനെ സ്ഥലം മാറ്റി; സ്ഥലം മാറ്റം തിരുവനന്തപുരം സെന്ററിലേക്ക്
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ സംഘപരിവാർ കാര്യങ്ങൾ നിർവഹിക്കുന്നുവെന്ന് പറയുന്ന മുൻ പ്രോ വൈസ് ചാൻസലർ ഡോ കെ.ജയപ്രസാദിനെ സ്ഥലം മാറ്റി. തിരുവനന്തപുരം സെന്ററിലേക്കാണ് മാറ്റം.
ഭാരതീയ വിചാര കേന്ദ്രം മുൻ വൈസ് പ്രസിഡന്റുകൂടിയായ ജയപ്രസാദിനെ പുതിയ വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. വെങ്കിടേശ്വരലുവിന്റ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് മാറ്റിയതെന്ന് പറയുന്നു. ജയപ്രസാദിനെ പി.വി സി ചുമതലയിൽ നിന്നും കഴിഞ്ഞമാസമാണ് മാറ്റിയത്. അദ്ദേഹം നൽകിയ പുതിയ വി സി.മാരുടെ പട്ടിക രാഷ്ട്രപതി തള്ളിയിരുന്നു.
ജയപ്രസാദ് നൽകിയ പട്ടികയിൽ ഇല്ലാത്ത ആളാണ് പുതിയ വി സിയായി വന്നത്. മുൻ വി സിയുടെ കാലത്ത് നടന്ന നിയമനങ്ങൾ, പട്ടിക ജാതി പട്ടിക വർഗ സംവരണ അട്ടിമറി, ദളിത് വിദ്യാർത്ഥികളെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്ത സംഭവങ്ങൾ, അദ്ധ്യാപകർക്കെതിരെ നടന്ന ശിക്ഷാനടപടികൾ എല്ലാം ജയപ്രസാദിന്റെ കൂടി അറിവോടെയാണെന്ന് ആക്ഷേപ മുയർന്നിരുന്നു.
കേന്ദ്ര സർക്കാറിന്റെ പ്രതിപുരുഷനായി സർവകലാശാല ഭരിച്ച ജയപ്രസാദിനെ ബി.എ കോഴ്സ് മാത്രം പഠിപ്പിക്കുന്ന തിരുവനന്തപുരം സെന്ററിലേക്കാണ് മാറ്റിയത്. സെന്റർ വികസിപ്പിക്കാനാണ് അദ്ദേഹത്തെ നിയമിക്കുന്നത് എന്ന് സ്ഥലം മാറ്റ കത്തിൽ പറയുന്നുവെങ്കിലും സർവകലാശാല സ്ഥിതിഗതികൾ പഠിച്ചശേഷം പുതിയ വി സി.എടുത്ത നടപടിയാണിതെന്ന് പറയുന്നു.
സർവകലാശാലയിലെ ഒരു അദ്ധ്യാപകെന്റ യോഗ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എക്സിക്യൂട്ടീവ് കൗൺസിലിൽ വി സി അറിയാതെ രജിസ്ട്രാർ അജണ്ട വച്ചിരുന്നു. എന്നാൽ മുഴൂവൻ അദ്ധ്യാപകരുടെയും യോഗ്യത പരിശോധിക്കണമെന്ന് വി സി തിരുത്തിയപ്പോൾ അതിൽ ജയപ്രസാദിന്റെ യോഗ്യതകൂടി ഉൾപ്പെട്ടു. ജയപ്രസാദിന്റെ സീറ്റ് തെറിക്കുന്നതിന് ഇത് കാരണമായതായി പറയുന്നു.
ജയപ്രസാദിന്റെ നേതൃത്വത്തിൽ രൂപം നൽകിയ കേന്ദ്ര സർവകലാശാല ടീച്ചേഴ്സ് യൂണിയൻ സ്ഥലം മാറ്റത്തെ എതിർത്തിട്ടുണ്ട്. പ്രൊഫസർ പദവിയില്ലാത്ത സെന്ററിലേക്ക് മാറ്റുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് ചൂണ്ടിക്കാണിച്ച് സംഘടന വി സിക്ക് കത്ത് നൽകിയിട്ടുണ്ട്. വി സി.യുടെ നടപടിയെ പരിഹസിച്ചതിന് ഈ സംഘടനയിൽപെട്ട അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുന്നതിനു നീക്കമുണ്ട്.
മറുനാടന് ഡെസ്ക്