കാസർഗോഡ്: കെടുകാര്യസ്ഥതകളുടെ കലാശാലയാണ് കാസർഗോട്ടെ കേന്ദ്രസർവ്വ കലാശാല. കാസർഗോഡ് ജില്ലയിലെ പെരിയ കുന്നിൻ പുറത്ത് പ്രവർത്തിക്കുന്ന സർവ്വകലാശാലയിൽ ഇപ്പോൾ സമരങ്ങളുടെ വേലിയേറ്റമാണ്. ഹോസ്റ്റൽ പ്രശ്നത്തിന്റെ പേരിൽ അടച്ചിട്ടിരിക്കയാണെങ്കിലും കലുഷിതമാണ് ഇവിടുത്തെ അന്തരീക്ഷം. സർവ്വകലാശാലാ വൈസ് ചാൻസിലറും രജിസ്ട്രാറും യഥാസമയം മുൻ ധാരണയില്ലാത്ത നിലപാടെടുത്തതാണ് പ്രശ്നങ്ങൾ ഇത്തരത്തിലെത്തിയത്.

അടച്ചിട്ടിരിക്കുന്ന സർവ്വകലാശാലയിലേക്ക് സിപിഐ.(എം.) ഉം കോൺഗ്രസ്സും അവരുടെ പോഷക സംഘടനകളും മാർച്ചും സമരവും നടത്തി വരികയാണ്. എന്നാൽ ഈ സർവ്വകലാശാലയുടെ കെടുകാര്യസ്ഥതക്ക് പരിഹാരം കാണാൻ എംപി.യും എംഎ‍ൽഎ മാരും നേരത്തെ തന്നെ ഇടപെട്ടിരുെന്നങ്കിൽ പ്രശ്നങ്ങൾ ഇത്രയും വഷളാകുമായിരുന്നില്ല. കാസർഗോഡ് എംപി. പി.കരുണാകരനും ഈ പ്രദേശത്തെ എംഎ‍ൽഎ കെ.കുഞ്ഞിരാമൻ ഈ സർവ്വ കലാശാലയുടെ കുത്തഴിഞ്ഞ പോക്കിന് കഴിഞ്ഞ കാലങ്ങളിൽ പ്രതികരിക്കുക പോലും ചെയ്തിരുന്നില്ല. ഇത്തരത്തിലുള്ള ആക്ഷേപം പെരിയ നിവാസികൾക്കുമുണ്ട്.

പ്രത്യക്ഷമായും പരോക്ഷമായും സർവ്വകലാശാലയിലെ പ്രശ്നങ്ങൾ ഇവരെ അറിയിച്ചിരുന്നു. എന്നാൽ ശക്തമായ ഒരു ഇടപെടൽ അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് ചില വിദ്യാർത്ഥികൾ പറയുന്നു. ഇത്തവണ സർവ്വകലാശാലയിൽ പ്രവേശനം തേടിയവരുൾപ്പെടെ 1412 വിദ്യാർത്ഥികളാണ് ഉള്ളത്. ഇതിൽ 638 പേർക്കാണ് ഹോസ്റ്റൽ അനുവദിച്ചിട്ടുള്ളത്. 774 പേർ ഹോസ്റ്റൽ ലഭിക്കാതെ ഇപ്പോൾ യൂനിവേഴ്സിറ്റി കാർ പാർക്കിങ് കേന്ദ്രങ്ങളിലും മറ്റും കഴിയുകയാണ്.

സർവ്വ കലാശാലയിലെ പ്രശ്നങ്ങളിലൊന്നും ഇടപെടാതെയുള്ള നിലപാടാണ് വി സി.യും രജിസ്ട്രാറും നാളിതുവരെ സ്വീകരിച്ചത്. ഗവേഷണ വിദ്യാർത്ഥികളും മറ്റ് വിഭാഗങ്ങളിൽ പരിശീലനം തേടുന്നവർക്കും രജിസ്റ്റ്രാറെ സമീപിക്കുന്നത് വിലക്കിയിട്ടുണ്ട്. വിദൂര സംസ്ഥാനങ്ങളിൽ നിന്നും പ്രവേശനം തേടിയവർക്കാണ് ഇപ്പോൾ ഇവിടെ പ്രവേശനം നൽകിയിട്ടുള്ളത്. കേരളത്തിലെ അന്യ ജില്ലകളിൽ നിന്നും കർണ്ണാടകത്തിൽ നിന്നും പ്രവേശനം തേടിയവർക്ക് ഹോസ്റ്റൽ നിഷേധിച്ചിരിക്കയാണ്.

എന്നാൽ യൂനിവേഴ്ിസിറ്റിയിലെ ചില ജീവനക്കാർ കാസർഗോഡ് നഗരത്തിലെ ചില അപ്പാർട്ട്മെന്റുകൾ മൊത്തമായി വാടകയ്ക്ക് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ട് പേർക്കുള്ള മുരിക്ക് 6500 രൂപയാണ് അവർ ഈടാക്കുന്നത്. ഇത്രയും ഭീമമായ തുകയും ഭക്ഷണവും മറ്റ് ചിലവുകളും വഹിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ഒഴിഞ്ഞു പോക്കിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. രാപ്പകൽ സമരമാണ് ഇപ്പോൾ നടക്കുന്നത്. അതിനെ വിമർശിക്കുകയാണ് രജിസ്ട്രാറും കൂട്ടാളികളും. സമരാഗ്‌നി ആളിക്കത്തിക്കാനാണ് രജിസ്ട്രാറുടെ പ്രതികരരണം കൊണ്ട് ഉണ്ടായിട്ടുള്ളത്. സമരക്കാരായ വിദ്യാർത്ഥികൾ ലൈബ്രറി, ലാബ് എന്നിവ കൈയടക്കിയിരിക്കയാണ്. കിടക്കയും മറ്റുമെടുത്ത് അവർ അവിടെ തന്നെ കഴിയുന്നു.

ക്യാമ്പസ് മുറ്റത്ത് ക്ലാസ് നടത്തുകയാണ് സീനിയർ വിദ്യാർത്ഥികൾ. ജൂനിയർ വിദ്യാർത്ഥികൾ എല്ലാ ദിവസവും ഇത്തരം ക്ലാസിൽ അറ്റന്റ് ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ സൗകര്യം എന്നത് ഒരിക്കലും തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് രജിസ്ട്രാറുടെ വാദം. എന്നാൽ ഇവിടെ ഹോസ്റ്റൽ സൗകര്യം ഇല്ലെന്ന് ഒരിടത്തു പോലും സൂചിപ്പിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. അശാസ്ത്രീയമായി ഇത്തവണ സീറ്റ് കൂട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. പെരിയ പോലുള്ള അവികസിത മേഖലയിൽ നിന്നും ഇരുപത് കിലോമീറ്ററിനപ്പുറം സഞ്ചരിച്ചാൽ മാത്രമേ താമസ സൗകര്യമുള്ളൂ. അതും വൻ വാടകയ്ക്ക്. സർവ്വ കലാശാല എന്ന് തുറക്കുമെന്ന് പറയാനും അധികാരികൾക്ക് ആവുന്നില്ല.