- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെൻട്രൽ വിസ്ത പുതിയ പദ്ധതിയല്ല; യുപിഎ കാലത്ത് അനുകൂലിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ എന്തുകൊണ്ടാണ് എതിർക്കുന്നതെന്നറിയില്ല; വിമർശിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടമായ സെൻട്രൽ വിസ്തയെ എതിർക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയെ എതിർക്കുന്ന കോൺഗ്രസ് നിലപാട് കാപട്യമാണ്. യുപിഎ അധികാരത്തിലിരുന്നപ്പോൾ പദ്ധതിയെ അനുകൂലിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ എതിർപ്പുമായി രംഗത്തെത്തുന്നത് വിചിത്രമായ നടപടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സെൻട്രൽ വിസ്ത പുതിയ പദ്ധതിയല്ല. യുപിഎ ഭരണകാലത്ത് കോൺഗ്രസ് എംപിമാരാണ് പുതിയ പാർലമെന്റ് മന്ദിരം വേണമെന്ന് ആവശ്യപ്പെട്ടത്. 2012ൽ സ്പീക്കർ ഇതേ ആവശ്യം ഉന്നയിച്ച് നഗരവികസന മന്ത്രാലയത്തിനു കത്തെഴുതിയിരുന്നു. ഇപ്പോഴത്തെ എതിർപ്പ് ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവീഴ്ചയിൽനിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി.
പദ്ധതി 'കുറ്റകരമായ പാഴ്ച്ചെലവ്' ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ജീവനിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നു രാഹുൽ വിമർശിച്ചിരുന്നു.
'സെൻട്രൽ വിസ്തയുടെ പദ്ധതി ചെലവിന്റെ രണ്ടിരട്ടിയോളം സർക്കാർ വാക്സിനേഷനു വേണ്ടി അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ബജറ്റ് വിഹിതം മൂന്നു ലക്ഷം കോടിയാണ്. എന്തിനാണു മുൻഗണന നൽകേണ്ടതെന്നു സർക്കാരിന് അറിയാം.' - കേന്ദ്ര ഹൗസിങ്, നഗരവികസന മന്ത്രി ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ