ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപക ദിനത്തിനു മുമ്പായി എല്ലാ സ്‌കൂൾ അദ്ധ്യാപകർക്കും വാക്സിൻ നൽകാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദ്ദേശം. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

സ്‌കൂൾ അദ്ധ്യാപകർക്കു മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബർ അഞ്ചിനു മുമ്പ് ഇതു നൽകാൻ ശ്രമിക്കണം. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്സിൻ നൽകും- മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. അതത് പ്രദേശത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂൾ തുറക്കാൻ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതനുസരിച്ചു പലയിടത്തും ഭാഗികമായി സ്‌കൂൾ തുറന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തോടെ വീണ്ടും അടച്ചു. അതിനു ശേഷം ഏതാനും ചില സംസ്ഥാനങ്ങൾ മാത്രമാണ് സ്‌കൂളുകളിൽ നേരിട്ട് അധ്യയനം അനുവദിച്ചിട്ടുള്ളത്.

അദ്ധ്യാപകർക്കു വാക്സിൻ നൽകി സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാൻ ആലോചിനകൾ നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് അദ്ധ്യാപകരുടെ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള കേന്ദ്ര നിർദ്ദേശം.